മലപ്പുറം: ചെറിയ പെരുന്നാൾ (Eid al-Fitr) കണക്കിലെടുത്ത് മെയ് രണ്ടിന് നിശ്ചയിച്ച സന്തോഷ് ട്രോഫി (Santosh trophy) ഫുട്ബോൾ ഫൈനൽ മൂന്നാം തീയതിയിലേക്കു മാറ്റാൻ ആലോചന. സന്തോഷ് ട്രോഫി സംഘാടക സമിതി ഓൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷന് മുൻപിൽ ഇക്കാര്യം ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിന് ഉള്ളിൽ ഇക്കാര്യത്തിൽ തീരുമാനം അറിയാം.
മെയ് മൂന്നിന് ആകും ചെറിയ പെരുന്നാൾ എന്ന് ആണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ. ചെറിയ പെരുന്നാളിന് തലേ ദിവസം ഫുട്ബാൾ ഫൈനൽ വെക്കുന്നത് ജന പങ്കാളിത്തത്തെ ബാധിക്കും എന്ന വിലയിരുത്തൽ ആണ് സംഘാടക സമിതിക്ക് ഉള്ളത്. പരമാവധി ജന പങ്കാളിത്തം ഉറപ്പാക്കാനും സൗകര്യങ്ങൾ ഒരുക്കാനും ഈ മാറ്റം കൊണ്ട് സാധിക്കും എന്ന് സംഘാടക സമിതി കരുതുന്നു.
സന്തോഷ് ട്രോഫി ഈവൻ്റ് കോഡിനേറ്റർ യു ഷറഫലി പറഞ്ഞു.
"ആളുകളുടെ പങ്കാളിത്തം ആണ് ഏറ്റവും പ്രധാനം. അത് കൊണ്ടാണ് ഇങ്ങനെ ഒരു നിർദേശം മുന്നോട്ട് വെക്കുന്നത്. ഓൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷനാണ് തീരുമാനം എടുക്കേണ്ടത്. പെരുന്നാളിന് തലേദിവസം മത്സരം നടക്കുന്നതിനേക്കാൾ നല്ലത്, പെരുന്നാളിന് അന്നോ അതിന്റെ പിറ്റേദിവസമോ ആണ്". - അദ്ദേഹം പറഞ്ഞു. അതുപോലെ 28, 29 തീയതികളിൽ നടക്കുന്ന സെമി ഫൈനലുകളുടെ സമയത്തിലും വ്യത്യാസം ഉണ്ട്. 8 മണിയിൽ നിന്നും 8.30 ലേക്ക് മാറ്റിയെന്നതായാണ് പുതിയ അറിയിപ്പ്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആണ് രണ്ട് മൽസരങ്ങളും.
സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് സെമി ലൈനപ്പ് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ലൈനപ്പായി. ഏപ്രില്‍ 28 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ കര്‍ണാടകയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. മേഘാലയയാണ് കേരളത്തെ സമനിലയില്‍ കുരുക്കിയത്.
ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് രാജസ്ഥനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ കരുത്തരായ ബംഗാളിനെയും അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബിനെയും തോല്‍പ്പിച്ചാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ടീമിന്റെ ടോപ് സ്‌കോറര്‍. നാല് മത്സരങ്ങളില്‍ നിന്നായി ഒരു ഹാട്രിക്ക് അടക്കം അഞ്ച് ഗോളാണ് ജിജോ ജോസഫ് നേടിയത്. നാല് മത്സരങ്ങളില്‍ നിന്ന് മേഘാലയക്കെതിരെ രണ്ടും പഞ്ചാബിനെതിരെ മൂന്നും ഗോളുകളാണ് ടീം വഴങ്ങിയത്.
Also Read-
Santosh Trophy | സന്തോഷ് ട്രോഫി; മലപ്പുറത്തിനിത് നോമ്പ് കാലത്തെ 'പന്ത് നേർച്ച'; ഫുട്ബോളിവിടെ ആഘോഷം മാത്രമല്ല, വിശ്വാസം കൂടിയാകുന്നുരണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്റ് സ്വന്തമാക്കിയ കര്‍ണാടക ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് സെമിക്ക് യോഗ്യത നേടിയത്. ഏപ്രില്‍ 29 ന് രാത്രി 8ന് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത നേടിയത്.
ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനും മൂന്നാം മത്സരത്തില്‍ മേഘാലയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കും അവസാന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുകയും ചെയ്തു. മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പ്ത് പോയിന്റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ അട്ടിമറിച്ച ടീം രണ്ടാം മത്സരത്തില്‍ ഒഡീഷക്ക് മുന്നില്‍ പരാജയപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ഗുജറാത്തിനെയും മേഘാലയയെയും പരാജയപ്പെടുത്തിയാണ് സെമി യോഗ്യത ഉറപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.