ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ചു; ചട്ടലംഘനത്തിന് ഇന്ത്യൻ ടീമിലെ സീനിയർ താരം വെട്ടിൽ

വിഷയത്തില്‍ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന

news18
Updated: July 21, 2019, 3:08 PM IST
ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ചു; ചട്ടലംഘനത്തിന് ഇന്ത്യൻ ടീമിലെ സീനിയർ താരം വെട്ടിൽ
BCCI
  • News18
  • Last Updated: July 21, 2019, 3:08 PM IST
  • Share this:
ന്യൂഡൽഹി: ബിസിസിഐയുടെ ചട്ടം ലംഘിച്ച് ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ച സീനിയര്‍ ഇന്ത്യന്‍ താരം വെട്ടിലായി. ഭാര്യമാരെ 15 ദിവസം മാത്രം കളിക്കാര്‍ക്ക് ഒപ്പം താമസിപ്പിക്കാമെന്ന ബിസിസിഐയുടെയും സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയായ സിഒഎയുടെയും നിർദേശം അവഗണിച്ചാണ് സീനിയര്‍ താരം ലോകകപ്പ് ആരംഭിച്ചതുമുതല്‍ കുടുംബത്തെ ഒപ്പം താമസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മറ്റു കളിക്കാരുടെ ഭാര്യമാര്‍ ബിസിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിശ്ചിത ദിവസത്തിനുശേഷം മാത്രം ഇംഗ്ലണ്ടിലെത്തുകയും അനുവദനീയമായ സമയം കഴിഞ്ഞശേഷം മാറിത്താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സീനിയര്‍ താരം ബിസിസിയുടെ നിര്‍ദ്ദേശത്തിന് യാതൊരു വിലയും കല്‍പ്പിച്ചില്ലെന്നും പരിശീലകന്റേയും ക്യാപ്റ്റന്റേയും അനുമതി ഇതിനായി വാങ്ങിയില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ താരം നേരത്തെ സിഒഎയോട് ഭാര്യയെ ഒപ്പം താമസിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍, ഇക്കാര്യം ചര്‍ച്ചചെയ്ത് മെയ് ആദ്യവാരം തന്നെ ഇതിന് അനുമതി നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇതിനുശേഷം ക്യാപ്റ്റനോടോ പരിശീലകനോടോ അനുമതി തേടാതെ സീനിയര്‍താരം ഭാര്യയെ ഒപ്പം താമസിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

വിഷയത്തില്‍ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ കടുത്ത നിരീക്ഷണത്തിലായിരിക്കുമെന്നതിനാല്‍ ഇന്ത്യയുടെ അഡ്മിസ്‌ട്രേറ്റീവ് മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തിനും ഇക്കാര്യത്തില്‍ പിഴവു വന്നിട്ടുണ്ട്. എല്ലാ കാര്യത്തിലും മേല്‍നോട്ട ചുമതലയുണ്ടായിരുന്ന സുബ്രമണ്യത്തില്‍നിന്നും സിഒഎ റിപ്പോര്‍ട്ട് തേടുമെന്ന് മുതിര്‍ന്ന ബിസിസിഐ അംഗം സൂചിപ്പിച്ചു. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു.

കളിക്കാരുടെ ഭാര്യമാര്‍ ഒപ്പം താമസിക്കുന്നത് കളിയെ ബാധിക്കുമെന്നതിനാലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിശ്ചിത ദിവസം മാത്രം ഭാര്യമാരെയും പങ്കാളികളെയും ഒപ്പം താമസിപ്പിക്കാമെന്ന നിര്‍ദ്ദേശം മുതിര്‍ന്ന കളിക്കാരന്‍ തന്നെ തെറ്റിച്ചതോടെ ബിസിസിഐയും സിഒഎയും ഇത് ഗൗരവകരമായി കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഏതു കളിക്കാരനാണ് നിയമാവലി തെറ്റിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

First published: July 21, 2019, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading