വെറും 250 പേർ മാത്രമുള്ള ദ്വീപിൽനിന്ന് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം; ഷമാർ ജോസഫിന്‍റെ ത്രില്ലർ നിറഞ്ഞ ജീവിതം!
- Published by:Anuraj GR
- news18-malayalam
Last Updated:
മനുഷ്യവാസം കുറവുള്ള നാട്ടിൽ രാത്രി മുഴുവൻ ഉറക്കമിളച്ച് സെക്യൂരിറ്റി ജോലി ചെയ്തയാളാണ് ലോകമറിയുന്ന ക്രിക്കറ്ററായി മാറുന്നത്
വെസ്റ്റിൻഡീസുകാരനായ ഷമാർ ജോസഫ് എന്ന വലംകൈയൻ പേസ് ബോളറാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചാ വിഷയം. ഏറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് വെസ്റ്റിൻഡീസിന് വേണ്ടി ക്രിക്കറ്റിൽ അരങ്ങേറിയ ഷമാൻ ക്രിക്കറ്റ് പ്രേമികളെ ത്രസിപ്പിക്കുന്ന പ്രകടനമാണ് അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ പുറത്തെടുത്തത്. വിശപ്പിനെതിരെ പോരാടിയ ജീവിതമാണ് ലോകമറിയുന്ന ക്രിക്കറ്റർ എന്ന നിലയിലേക്ക് വഴിമാറുന്നത്. അരങ്ങേറ്റത്തിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഷമാർ ക്രിക്കറ്റ് കളിച്ചു തുടങ്ങിയത് ഒരു വർഷം മുമ്പ് മാത്രമാണെന്നതാണ് ആരെയും അമ്പരപ്പിക്കുന്ന കാര്യം. എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്താനും ഷമാറിന് കഴിഞ്ഞു.
പ്രതാപകാലത്തെ വിൻഡീസ് പേസർമാർ അനുസ്മരിപ്പിക്കുന്നതായിരുന്നു ഷമാറിന്‍റെ ബോളിങ് പ്രകടനം. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലയിലേക്കുള്ള ഷമാറിന്‍റെ വളർച്ച അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. കരിബീയൻ ദ്വീപുകളിലെ ഏറ്റവും മനുഷ്യവാസം കുറവുള്ള ബരകാറയിലാണ് ഷമാർ ജനിച്ചുവളർന്നത്. വെറും 250 പേർ മാത്രം താമസിക്കുന്ന ഈ ദ്വീപിന് പുറംലോകവുമായി വലിയ ബന്ധമൊന്നുമില്ല. കൃഷിയും മൽസ്യബന്ധനവുമാണ് ഇവിടെയുള്ളവരുടെ ഉപജീവനമാർഗം.
ഗയാനയിൽനിന്ന് കാഞ്ചെ നദിയിലൂടെ ബോട്ട് മാർഗം മണിക്കൂറുകൾ സഞ്ചരിച്ചുവേണം ബരകാറയിലേക്ക് എത്താൻ. അതായത് ഗയാനയിൽനിന്ന് 225 കിലോമീറ്റർ ദൂരമുണ്ട് ബരകാറയിലേക്ക്. മഴക്കാലത്ത് കാഞ്ചെ നദിയിലൂടെയുള്ള ബോട്ട് യാത്ര ദുഷ്ക്കരമാണ്. അതുകൊണ്ടുതന്നെ മഴയുള്ളപ്പോൾ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന നാടാണിത്. ഇവിടെയുള്ളവരുടെ ജീവിതത്തിൽ ഇന്‍റർനെറ്റിനും മൊബൈൽ ഫോണിനുമൊന്നും ഒരു സ്ഥാനവുമില്ല. അധികം വികസനമെത്താത്ത കുഗ്രാമമാണ് ബരകാറ. ക്രിക്കറ്റ് എന്നല്ല ഒരു കായികയിനത്തിനും വേണ്ടത്ര സ്വീകാര്യതയില്ലാത്ത നാട്. കളിക്കാൻ ഒരു നല്ല മൈതാനമോ സ്റ്റേഡിയമോ ഇല്ല. ഇവിടെനിന്നാണ് ഷമാർ എന്ന അന്താരാഷ്ട്ര ക്രിക്കറ്റ് താരം രൂപംകൊള്ളുന്നത്.
advertisement
രാത്രിസമയങ്ങളിൽ മുഴുവൻ ഉറക്കമൊഴിഞ്ഞ് സെക്യൂരിറ്റി ജോലി ചെയ്തിരുന്നയാളാണ് ഷമാർ ജോസഫ്. ക്രിക്കറ്റിനോട് താൽപര്യമുണ്ടെന്ന് മാത്രം. രാത്രി ഡ്യൂട്ടി വന്ന് പകൽ മുഴുവൻ കിടന്ന് ഉറങ്ങും. വൈകിട്ട് വീണ്ടും ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് തെരുവിൽ കൂട്ടുകാരോടൊപ്പം അൽപനേരം ക്രിക്കറ്റ് കളിക്കും. അതാണ് ഷമാറിന്‍റെ ക്രിക്കറ്റ് ബന്ധം. എന്നാൽ നന്നായി പന്തെറിയാൻ അയാൾക്ക് കഴിഞ്ഞിരുന്നു.
ക്രിക്കറ്റ് കളിക്കാരനാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് സാധിക്കുമെന്ന പ്രതീക്ഷ ഷമാറിന് ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ജീവിതപങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് സെക്യൂരിറ്റി ജോലി മതിയാക്കി ഷമാർ ക്രിക്കറ്റ് പരിശീലനം തുടങ്ങുന്നത്. അതിനായി ഗയാനയിലേക്ക് വന്നു. വിൻഡീസ് ഓൾറൌണ്ടർ റൊമാരിയോ ഷെപ്പേർഡാണ് ഷമാറിന്‍റെ കഴിവ് മനസിലാക്കി പരിശീലനത്തിന് നേതൃത്വം നൽകിയത്. ക്രിക്കറ്റിന്‍റെ ബാലപാഠങ്ങളെല്ലാം പഠിപ്പിച്ചു. ഷമാറിന്‍റെ ബോളിങ്ങിലെ പോരായ്മകളെ മനസിലാക്കിനൽകാനും തിരുത്തിക്കാനും ഷെപ്പേർഡിന് കഴിഞ്ഞു. അങ്ങനെ കഴിഞ്ഞ വർഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഷമാർ അരങ്ങേറി.
advertisement
ഗയാനയ്ക്കുവേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ഷമാർ ചുരുങ്ങിയ കാലത്തിനുള്ളിൽ വിൻഡീസ് സെലക്ടർമാരുടെ ശ്രദ്ധയിൽ ഇടംനേടി. അങ്ങനെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള വിൻഡീസ് എ ടീമിൽ ഇടംനേടി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ 12 വിക്കറ്റുകളുമായി തിളങ്ങിയ ഷമാറിനെ വിൻഡീസ് ടെസ്റ്റ് ടീമിലേക്ക് ഉൾപ്പെടുത്താൻ സെലക്ടർമാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കരുത്തരായ ഓസീസിനെതിരായ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കാനും ഷമാറിന് കഴിഞ്ഞു. വിൻഡീസ് ക്രിക്കറ്റിൽ ഇനിയുള്ള നാളുകൾ ഷമാറിന്‍റേത് കൂടായണെന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു അത്. അരങ്ങേറ്റത്തിലെ ആദ്യപന്തിൽ വിക്കറ്റും അഞ്ച് വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഷമാർ സ്വന്തമാക്കി. ഓസീസ് സ്‌പിന്നർ നതാൻ ലിയോണാണ് ഈ റെക്കോർഡ് ആദ്യം സ്വന്തമാക്കിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 19, 2024 3:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വെറും 250 പേർ മാത്രമുള്ള ദ്വീപിൽനിന്ന് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം; ഷമാർ ജോസഫിന്‍റെ ത്രില്ലർ നിറഞ്ഞ ജീവിതം!