ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി 1,000 പെനാൽറ്റി കിക്കുകൾ പരിശീലിച്ചെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഒരു സ്പോട്ട് കിക്ക് പോലും ഗോളാക്കാനാകാതെ സ്പെയിൻ. പരിശീലകൻ ലൂയിസ് എൻറിക്കാണ് സ്പെയിൻ 1000 പെനാൽറ്റി കിക്കുകൾ പരിശീലിച്ച കാര്യം വെളിപ്പെടുത്തിയത്. ഖത്തറിലെ അൽ റയ്യാനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ സ്പെയിൻ മൊറോക്കോയുമായി മത്സരിച്ചപ്പോൾ വാതുവെപ്പുകാരുടെ ഇഷ്ട ടീമായിരുന്നു. ക്വാർട്ടറിലേക്ക് ഉറപ്പായും മുന്നേറുമെന്ന് പ്രവചിക്കപ്പെട്ട സ്പെയിൻ പെനാൽറ്റി ഷൂട്ടൌട്ടിൽ ആഫ്രിക്കൻ ടീമിനോട് തോറ്റ് പുറത്താകുകയായിരുന്നു.
സ്‌പെയിനിനെ തന്റെ ശാരീരികക്ഷമത കൊണ്ട് ബുദ്ധിമുട്ടിച്ച സോഫിയാൻ അംറബത്ത്, മത്സരത്തിലുടനീളം പ്രതിരോധം തീർത്ത അക്രഫ് ഹക്കിമി, ക്ലീൻ ഷീറ്റ് കാത്തുസൂക്ഷിച്ച ഗോൾകീപ്പർ യാസിൻ ബൗണൂ എന്നിവരുടെ മികവാണ് മൊറോക്കോയ്ക്ക് മത്സരത്തിൽ മുൻതൂക്കം നേടിക്കൊടുത്തത്.
മത്സരം പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് കടന്നപ്പോൾ താരതമ്യേന മികച്ച താരങ്ങളുള്ള സ്പെയിൻ അനായാസം ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടിയത്. എന്നാൽ മത്സരഫലം മറ്റൊന്നായിരുന്നു. ഷൂട്ടൗട്ട് എന്നത് ‘പരമാവധി പിരിമുറുക്കത്തിന്റെ നിമിഷമാണ്’, സ്‌പെയിനിന്റെ പരിശീലകൻപറഞ്ഞു. “ഒരു വർഷം മുമ്പ്, സ്പെയിൻ പരിശീലനത്തിനിടെ, കുറഞ്ഞത് 1,000 പെനാൽറ്റികൾ എടുത്ത് പരിശീലിച്ചിരുന്നു” ലൂയിസ് എൻറിക് പറഞ്ഞു.
Also Read-ഗോണ്‍സാലോ റാമോസ്; റൊണാൾഡോക്ക് പകരമിറങ്ങി ചരിത്രം കുറിച്ച പോർച്ചുഗീസ് നക്ഷത്രം
“ഇത് പരമാവധി പിരിമുറുക്കത്തിന്റെ ഒരു നിമിഷമാണ്, നിങ്ങളുടെ മാനസികശക്തി കൂടി കാണിക്കാനുള്ള സമയമാണിത്, ആയിരം തവണ പരിശീലിപ്പിച്ചാൽ നിങ്ങൾ തീരുമാനിച്ച രീതിയിൽ പെനാൽറ്റി ഷൂട്ട് ചെയ്യാം”- എന്നാണ് അന്ന് താൻ കളിക്കാരോട് പറഞ്ഞതെന്ന് എൻറിക് പറഞ്ഞു. “ഓരോ കളിക്കാരനെ കുറിച്ചും ഇത് ഒരുപാട് കാര്യങ്ങൾ പറയുന്നു, പിരിമുറുക്കം കൈകാര്യം ചെയ്യുന്നതിലും ഗോൾകീപ്പർമാരുടെ മികവുമാണ് ഇവിടെ നിർണായകമാകുന്നത്” 52 കാരനായ പരിശീലകൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.