നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Video | വീണ്ടും ശ്രീശാന്ത് ; മടങ്ങിവരവിൽ ഫാബിദിന്‍റെ സ്റ്റംപ് തെറിപ്പിച്ചു

  Video | വീണ്ടും ശ്രീശാന്ത് ; മടങ്ങിവരവിൽ ഫാബിദിന്‍റെ സ്റ്റംപ് തെറിപ്പിച്ചു

  മത്സരത്തിൽ നാലോവറിൽ 29 റൺസ് വഴങ്ങിയ ശ്രീശാന്ത് ഒരു വിക്കറ്റാണ് നേടിയത്.

  sreesanth

  sreesanth

  • Share this:
   മുംബൈ: ഏഴു വർഷത്തെ ഇടവേള കഴിഞ്ഞു ശ്രീശാന്ത് വീണ്ടും പന്തെറിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്‍റിൽ പുതുച്ചേരിയ്ക്കെതിരെയാണ് കേരളത്തിനുവേണ്ടി ശ്രീശാന്ത് കളത്തിലിറങ്ങിയത്. ബേസിൽ തമ്പിക്കൊപ്പം ആദ്യ സ്പെൽ എറിഞ്ഞ ശ്രീശാന്ത് തന്‍റെ രണ്ടാം ഓവറിൽ മലയാളി കൂടിയായ പുതുച്ചേരി ഓപ്പണർ ഫാബിദ് അഹമ്മദിനെ പുറത്താക്കി. ശ്രീശാന്ത് എറിഞ്ഞ തകർപ്പനൊരു ഇൻസ്വിങ്ങറാണ് ഫാബിദിന്‍റെ സ്റ്റംപ് തെറിപ്പിച്ചത്.

   മത്സരത്തിൽ നാലോവറിൽ 29 റൺസ് വഴങ്ങിയ ശ്രീശാന്ത് ഒരു വിക്കറ്റാണ് നേടിയത്. ആദ്യ ഓവറിൽ ഒമ്പത് റൺസും രണ്ടാം ഓവറിൽ ആറു റൺസും മൂന്നാം ഓവറിൽ 10 റൺസും നാലാം ഓവറിൽ നാലു റൺസുമാണ് ശ്രീശാന്ത് വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത പുതുച്ചേരി നിശ്ചിത 20 ഓവറിൽ ആറിന് 138 റൺസെടുത്തു.


   വാതുവെപ്പ് വിവാദത്തെ തുടർന്നാണ് ഏഴു വർഷം മുമ്പ് ശ്രീശാന്ത് കളത്തിന് പുറത്തായത്. 2013 ഐപിഎല്ലിലെ ഒത്തുകളി വിവാദമാണ് ശ്രീശാന്തിന്‍റെ കരിയറിൽ കരിനിഴൽ വീഴ്ത്തിയത്. രാജസ്ഥാൻ റോയൽസിനുവേണ്ടി കളിക്കുമ്പോഴാണ് അജിത് ചാന്ദിലയ്ക്കും അങ്കിത് ചവാനുമൊപ്പം ശ്രീശാന്ത് ഒത്തുകളി വിവാദത്തിൽപ്പെടുന്നത്. മുംബൈ പൊലീസിന്‍റെ പിടിയിലായ ശ്രീശാന്തിന് പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ബിസിസിഐ ഓംബുഡ്സ്മാനിൽ നൽകിയ അപ്പീലിനെ തുടർന്ന് വിലക്ക് കാലാവധി കുറയ്ക്കുകയായിരുന്നു.

   2005ൽ ഇന്ത്യൻ ടീമിൽ ഇടംനേടിയ ശ്രീശാന്ത് 27 ടെസ്റ്റിൽനിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളിൽനിന്ന് 75 വിക്കറ്റും നേടി. 10 ടി20 മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റും അദ്ദേഹം നേടിയിരുന്നു. ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളിലും(ടി20 ലോകകപ്പ് 2007, ഏകദിനലോകകപ്പ് 2011) ശ്രീശാന്ത് ഭാഗമായിരുന്നു.
   Published by:Anuraj GR
   First published:
   )}