നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ശ്രീലങ്കന്‍ പര്യടനത്തില്‍ ആശങ്ക; ബാറ്റിംഗ് കോച്ചിന് പിന്നാലെ ഡാറ്റാ അനലിസ്റ്റിനും കോവിഡ്

  ശ്രീലങ്കന്‍ പര്യടനത്തില്‍ ആശങ്ക; ബാറ്റിംഗ് കോച്ചിന് പിന്നാലെ ഡാറ്റാ അനലിസ്റ്റിനും കോവിഡ്

  ഇന്ത്യക്കെതിരായ ഏകദിന- ടി20 പരമ്പരകള്‍ ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ശ്രീലങ്കന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ള രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്ത്യന്‍ ടീമിനെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

  Sri lankan players

  Sri lankan players

  • Share this:
   ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ പ്രതിസന്ധികള്‍ വിടാതെ പിന്തുടരുകയാണ്. പരിമിത ഓവര്‍ പരമ്പരകളുടെ ഭാഗമായി നിലവില്‍ ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയിലുണ്ട്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ യുവനിരയെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡാണ്. പര്യടനത്തിലെ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്‌ലവറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കന്‍ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

   ഗ്രാന്റ് ഫ്‌ലവറിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ടീം അംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഇന്നലെ വൈകിട്ട് വീണ്ടും കോവിഡ് പരിശോധനകള്‍ക്ക് വിധേയയരാക്കിയിരുന്നു. ജി ടി നിരോഷനെ ഐസോലേഷനിലേക്ക് മാറ്റിയതായും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇന്ത്യക്കെതിരായ ഏകദിന- ടി20 പരമ്പരകള്‍ ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ശ്രീലങ്കന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ള രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്ത്യന്‍ ടീമിനെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തുന്നത്. നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ ഇപ്പോള്‍ ബയോ ബബിളിലാണ്.

   ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കോവിഡ് സഥിരീകരിച്ചതിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് പുതിയ ടീമിനെ തന്നെ ഇറക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതരായിരുന്നു. അതേസമയം പരമ്പരക്കായി ഇന്ത്യന്‍ ടീം വലിയ തയ്യാറെടുപ്പുകളാണ് കൊളംബോയില്‍ നടത്തുന്നത്. സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമാണ് ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്. ഇന്ത്യക്ക് ലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ആറ് മത്സരങ്ങള്‍ക്കും കൊളംബോ ആര്‍ പ്രേമദാസാ അന്തരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട്, മൂന്ന് ഏകദിനങ്ങള്‍ നടക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം.

   ഒട്ടേറെ പ്രതിസന്ധികള്‍ ഈ പര്യടനത്തില്‍ തുടക്കം മുതലേ വലയ്ക്കുന്നുണ്ടായിരുന്നു. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് താരങ്ങളുടെ പ്രതിഷേധം ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഈയിടെ പിടിച്ചു കുലുക്കിയിരുന്നു. വാര്‍ഷിക കരാര്‍ പുതുക്കാതെ ഒരു താത്കാലിക കരാര്‍ പ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ശ്രീലങ്കന്‍ ടീമംഗങ്ങള്‍ യാത്രയായത്. എന്നാല്‍ ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍ കളിക്കാനുള്ള ഹ്രസ്വകാല കരാറിനും താരങ്ങള്‍ വിസമ്മതിച്ചാല്‍ രണ്ടാം നിര താരങ്ങളെ വച്ച് ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇരുപത്തിയഞ്ചോളം കളിക്കാര്‍ ടീമുമായി പുതിയ കരാര്‍ ഒപ്പു വെച്ചിരുന്നു. ഇതോടെ പരമ്പര മുടക്കമില്ലാതെ നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും ഇപ്പോള്‍ ശ്രീലങ്കന്‍ ടീമിലെ കോവിഡ് സ്ഥിരീകരണം പരമ്പരയില്‍ ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്.
   Published by:Sarath Mohanan
   First published:
   )}