'ധോണി ഭായ് അടുത്ത സീസണില്‍ കളിക്കുന്നില്ലെങ്കില്‍ ഞാനും കളിക്കില്ല', വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന
- Published by:Sarath Mohanan
- news18-malayalam
Last Updated:
'ഞാന്‍ എന്റെ പരമാവധി ശ്രമിക്കും. പക്ഷേ അദ്ദേഹം കളിക്കില്ലെങ്കില്‍ ഞാന്‍ മറ്റേതെങ്കിലും ടീമിനു വേണ്ടി കളിക്കുമെന്ന് കരുതുന്നില്ല.'
ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എന്ന വിശേഷണമുള്ള മഹേന്ദ്ര സിംഗ് ധോണി ഈ സീസണ്‍ അവസാനത്തോടെ ഐ പി എല്‍ ക്രിക്കറ്റും മതിയാക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. ഐ പി എല്ലില്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള ഒരു ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. അതിന്റെ കാരണം എം എസ് ധോണി ടീമിന്റെ തലപ്പത്ത് തുടരുന്നത് തന്നെയാണ്. 'തല' എന്നാണ് ധോണിയെ ചെന്നൈ ആരാധകര്‍ സ്‌നേഹത്തോടെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ സീസണ്‍ ഒഴികെ എല്ലാ ഐ പി എല്‍ സീസണിലും ധോണി തന്റെ ടീമിനെ പ്ലേഓഫില്‍ കടത്തിയിരുന്നു. മൂന്ന് തവണ കിരീടവും നേടി. ഈയിടെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷിച്ച അദ്ദേഹം പതിനാലാം ഈ സീസണില്‍ കിരീടം നേടിക്കൊടുത്ത് ഐ പി എല്‍ കരിയറും അവസാനിപ്പിക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
എന്നാല്‍ ഈ ഒരു വിഷയത്തില്‍ ധോണിയുടെ നിലപാട് മാത്രമാണ് അന്തിമ തീരുമാനം എന്ന് ടീം മാനേജ്‌മെന്റ് മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ധോണിയുടെ ഏറ്റവും അടുത്ത സുഹൃത്തും ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെ സ്റ്റാര്‍ ബാറ്റ്സ്മാനുമായ സുരേഷ് റെയ്‌ന അടുത്ത സീസണില്‍ ധോണി വിരമിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ്.
'എനിക്ക് ഇനിയും നാലോ അഞ്ചോ വര്‍ഷമുണ്ട്. ഈ വര്‍ഷം ഐ പി എല്‍ ഉണ്ട്. അടുത്ത വര്‍ഷം രണ്ടു ടീമുകള്‍ കൂടി വരും. പക്ഷേ ഞാന്‍ കളിക്കുന്നതുവരെ സി എസ് കെയ്ക്ക് വേണ്ടി മാത്രമേ കളിക്കൂ. ഈ വര്‍ഷം ഞങ്ങള്‍ക്ക് നന്നായി കളിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഇനിയും ഒരു സീസണ്‍ ധോണിക്ക് കളിക്കാമെന്നാണ് എന്റെ വിശ്വാസം. ഇത്തവണ ചെന്നൈ ടീം കിരീടം നേടിയാല്‍ ഞാന്‍ അദ്ദേഹത്തെ അടുത്ത സീസണ്‍ ഐ പി എല്‍ കളിക്കുവാന്‍ ഉറപ്പായും നിര്‍ബന്ധിക്കും. അതിനു വേണ്ടി ഞാന്‍ എന്റെ പരമാവധി ശ്രമിക്കും'- റെയ്‌ന തന്റെ അഭിപ്രായം വിശദമാക്കി.
advertisement
'അടുത്ത സീസണില്‍ രണ്ട് പുതിയ ടീമുകള്‍ ഐ പി എല്ലില്‍ വരുന്നുണ്ട്. ധോണി ഭായ് അടുത്ത സീസണില്‍ കളിക്കുന്നില്ലെങ്കില്‍ ഞാനും കളിക്കില്ല. ഞങ്ങള്‍ 2008 മുതല്‍ സി എസ് കെയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഞാന്‍ എന്റെ പരമാവധി ശ്രമിക്കും. പക്ഷേ അദ്ദേഹം കളിക്കില്ലെങ്കില്‍ ഞാന്‍ മറ്റേതെങ്കിലും ടീമിനു വേണ്ടി കളിക്കുമെന്ന് കരുതുന്നില്ല.'- റെയ്‌ന കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഇരുവരും ഒരേ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. കോവിഡ് മൂലം നിര്‍ത്തിവച്ച ഈ വര്‍ഷത്തെ ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഐ പി എല്ലില്‍ ചെന്നൈ ടീമിന് വിലക്ക് നേരിട്ട 2016, 2017 സീസണുകളില്‍ മാത്രമാണ് ഇരുവരും മറ്റു ടീമുകള്‍ക്കായി കളിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 10, 2021 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ധോണി ഭായ് അടുത്ത സീസണില്‍ കളിക്കുന്നില്ലെങ്കില്‍ ഞാനും കളിക്കില്ല', വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന