Tokyo Olympics| സിന്ധുവിന് തകർപ്പൻ ജയം; പ്രതീക്ഷകൾ ഉയർത്തി ക്വാർട്ടറിലേക്ക്
- Published by:Naveen
- news18-malayalam
Last Updated:
ഡെന്മാർക്കിന്റെ മിയ ബ്ളിഷ്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ക്വാർട്ടർ പോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോർ: 21- 15, 21-13
ഇന്ത്യയുടെ പ്രതീക്ഷകൾ ഉയർത്തി പി വി സിന്ധു തന്റെ ജൈത്രയാത്ര തുടരുന്നു. വനിതാ ബാഡ്മിന്റൺ സിംഗിൾസ് പ്രീക്വാർട്ടർ മത്സരത്തിൽ സിന്ധുവിന് ജയം. ടൂർണമെന്റിൽ താരത്തിന്റെ തുടർച്ചയായ മൂന്നാം ജയമാണ്. ഡെന്മാർക്കിന്റെ മിയ ബ്ളിഷ്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ക്വാർട്ടർ പോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോർ: 21- 15, 21-13
ഒരു സെറ്റ് പോലും തോൽക്കാതെയാണ് സിന്ധു ക്വാർട്ടറിലേക്ക് മുന്നേറിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും അനായാസം ജയിച്ച് കയറിയ സിന്ധുവിന് ഇന്നത്തെ മത്സരത്തിൽ ഡെൻമാർക്ക് താരത്തിന്റെ ചെറുത്തനിൽപ്പ് സിന്ധുവിന് ചെറിയ വെല്ലുവിളി നൽകിയെങ്കിലും തന്റെ അനുഭവസമ്പത്തും മികവും കൈമുതലാക്കി താരം ഡാനിഷ് താരത്തിന്റെ വെല്ലുവിളിയെ ഒതുക്കിക്കളയുകയായിരുന്നു. ക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി ആരെന്ന് അറിഞ്ഞിട്ടില്ല. പ്രീ ക്വാർട്ടറിൽ ജപ്പാന്റെ അകാനെ യമാഗൂച്ചിയും ദക്ഷിണ കൊറിയയുടെ കിം ഗാ യുന്നും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയി ആയിരിക്കും ക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി.
advertisement
കഴിഞ്ഞ രണ്ട് മത്സരങ്ങളിലേത് പോലെ അനായാസമായിരുന്നില്ല സിന്ധുവിന് മത്സരം. ലോക 12ആം റാങ്കുകാരിയായ ഡാനിഷ് താരം മികച്ച വെല്ലുവിളി ആണ് ഉയർത്തിയത്. മത്സരത്തിൽ ആദ്യം മുന്നേറ്റം നടത്തിയത് ഡാനിഷ് താരമായിരുന്നു. ആദ്യ സെറ്റിലെ ആദ്യ പോയിന്റുകൾ നേടി താരം കുതിപ്പ് തുടങ്ങിയെങ്കിലും പിന്നിൽ നിന്നും പൊരുതിക്കയറിയ സിന്ധു പിന്നീട് ലീഡ് നേടുകയായിരുന്നു. 11-6 എന്ന നിലയിൽ സിന്ധു മുന്നേറിയതിന് ശേഷം പോയിന്റുകൾ നേടി താരം സിന്ധുവിന്റെ ലീഡ് കുറച്ച് വന്നു. പിന്നീട് കുറച്ചു നേരം ഒപ്പത്തിനൊപ്പം പോരാടിയതിന് ശേഷം സിന്ധുവിന്റെ ശക്തമായ ക്രോസ് കോർട്ട് സ്മാഷുകൾക്കും ഡ്രോപ്പുകൾക്കും മുന്നിൽ കീഴടങ്ങുകയായിരുന്നു ഡാനിഷ് താരം.
advertisement
ആദ്യ സെറ്റിൽ നിന്നും വ്യത്യസ്തമായി രണ്ടാം സെറ്റിൽ സിന്ധു വളരെ വേഗം മുന്നോട്ട് കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എതിരാളിയെ നിലം തൊടീക്കാതെ ആദ്യം തന്നെ അഞ്ച് പോയിന്റുകളുടെ ലീഡ് സിന്ധു നേടിയെടുത്തു. സിന്ധുവിന്റെ മികവിന് മുന്നിൽ പിന്നോട്ട് പോയ ഡാനിഷ് താരം പതിയെ താളം വീണ്ടെടുത്ത് സ്കോറിങ് നടത്തിയെങ്കിലും മറുവശത്ത് സിന്ധു പോയിന്റുകൾ നേടിക്കൊണ്ടിരുന്നു. 13-8 എന്ന നിലയിൽ നിന്നും പിന്നീട് സിന്ധുവിന്റെ തകർപ്പൻ മുന്നേറ്റമാണ് കളിയിൽ കണ്ടത്. എതിരാളിയെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ താരം രണ്ടാം സെറ്റും മത്സരവും അനായാസം സ്വന്തമാക്കുന്ന കാഴ്ചയാണ് കണ്ടത്.
advertisement
മികച്ച പ്രകടനവുമായി തുഴച്ചിൽ സംഘം
തുഴച്ചിലിൽ പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ ഇന്ത്യ 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റെപ്പാഷെ സെമിയില്‍ ഫൈനല്‍ ബിയില്‍ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് ഫൈനല്‍ റാങ്കിങ്ങില്‍ 11-ാം സ്ഥാനത്തെത്താന്‍ അര്‍ജുന്‍ ലാല്‍ ജത് - അരവിന്ദ് സിങ് സഖ്യത്തിനായത്. ഒളിമ്പിക്‌സ് തുഴച്ചിലിൽ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്.
ചരിത്രത്തിലാദ്യമായി സെമിയിൽ മത്സരിച്ച ഇന്ത്യൻ സംഘത്തിന് മുന്നിൽ വഴിമാറിയത് 2012 ലണ്ടൻ ഒളിമ്പിക്സിൽ മന്‍ജീത് സിങ്-സന്ദീപ് കുമാര്‍ സഖ്യം നേടിയ 14-ാം സ്ഥാനമാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 29, 2021 7:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo Olympics| സിന്ധുവിന് തകർപ്പൻ ജയം; പ്രതീക്ഷകൾ ഉയർത്തി ക്വാർട്ടറിലേക്ക്