IND vs SA | മഴ കളിമുടക്കി, അഞ്ചാം ടി20 ഉപേക്ഷിച്ചു; ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കിടും
IND vs SA | മഴ കളിമുടക്കി, അഞ്ചാം ടി20 ഉപേക്ഷിച്ചു; ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കിടും
പരമ്പര സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യൻ മണ്ണിൽ 2010ന് ശേഷം പരിമിത ഓവർ ക്രിക്കറ്റ് പരമ്പര അടിയറവ് വെച്ചിട്ടില്ലെന്ന റെക്കോർഡ് കാത്തുസൂക്ഷിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കായി
ഇന്ത്യയും ദക്ഷിണാഫ്രിക്കയും (IND vs SA) തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 2-2 എന്ന നിലയിൽ പരമ്പര സമനിലയായതിനാൽ വിജയികൾക്കുള്ള ട്രോഫി ഇരുടീമുകളും തമ്മിൽ പങ്കിടും. തുടക്കത്തിൽ മഴ മൂലം വൈകിയാരംഭിച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 3.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിൽ നിൽക്കെ മഴ വീണ്ടു൦ കളി തടസപ്പെടുത്തുകയായിരുന്നു.
നേരത്തെ, മഴമൂലം മത്സരം വൈകി ആരംഭിച്ചപ്പോൾ മത്സരം 19 ഓവർ ആക്കി ചുരുക്കിയിരുന്നു. എന്നാൽ 21 പന്തുകൾക്കപ്പുറം വീണ്ടും മഴ എത്തുകയായിരുന്നു. മഴ ഒടുവിൽ ചാറലായി കുറഞ്ഞതോടെ 10 മണിക്ക് മത്സരം വീണ്ടും പുനരാരംഭിച്ചേക്കുമെന്ന് പ്രതീക്ഷ ഉയർന്നെങ്കിലും ആരാധകരെ നിരാശരാക്കിക്കൊണ്ട് മത്സരം ഉപേക്ഷിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. പരമ്പര സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യൻ മണ്ണിൽ 2010ന് ശേഷം പരിമിത ഓവർ ക്രിക്കറ്റ് പരമ്പര അടിയറവ് വെച്ചിട്ടില്ലെന്ന റെക്കോർഡ് കാത്തുസൂക്ഷിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കായി.
Rain plays spoilsport in Bengaluru as the final #INDvSA T20I is abandoned 🌧
നേരത്തെ, തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഇന്ത്യൻ ക്യാപ്റ്റൻ ഋഷഭ് പന്തിന് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യത്തെ നാല് മത്സരങ്ങളിൽ ഇടത് കൈകൊണ്ട് ടോസ് എറിഞ്ഞ പന്ത് ഇക്കുറി വലത് കൈകൊണ്ട് ടോസ് ഇട്ടുനോക്കിയെങ്കിലും ഭാഗ്യദേവത ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം തന്നെ തുടരുകയായിരുന്നു.
പരിക്ക് മൂലം ദക്ഷിണാഫ്രിക്കയുടെ സ്ഥിരം ക്യാപ്റ്റൻ തെംബാ ബവൂമ കളിക്കുന്നില്ല. ബവൂമയ്‌ക്ക് പകരം കേശവ് മഹാരാജ് ക്യാപ്റ്റൻ ആയതിന് പുറമെ മൂന്ന് മാറ്റങ്ങൾ അവർ പ്ലെയിങ് ഇലവനിൽ വരുത്തി. ട്രിസ്റ്റൺ സ്റ്റബ്ബ്സ്, കാഗിസോ റബാഡ, റീസ ഹെൻഡ്രിക്സ് എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടിയത്. അതേസമയം മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.