നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഐസിസിയുടെ ഹാൾ ഓഫ് ഫെയ്മിൽ വഖാർ യൂനിസ് ഇന്ത്യക്കാരൻ; തെറ്റ് ചൂണ്ടിക്കാണിച്ച് ആരാധകർ; ട്രോൾ മഴ

  ഐസിസിയുടെ ഹാൾ ഓഫ് ഫെയ്മിൽ വഖാർ യൂനിസ് ഇന്ത്യക്കാരൻ; തെറ്റ് ചൂണ്ടിക്കാണിച്ച് ആരാധകർ; ട്രോൾ മഴ

  ഹാള്‍ ഓഫ് ഫെയിമിൽ ഉൾപ്പെട്ട വഖാർ യൂനിസ് പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. തൻ്റെ തീ തുപ്പുന്ന വേഗത്തിലുള്ള പന്തുകൾ കൊണ്ടും അപാര സ്വിങ് കൊണ്ടും എതിർ ടീമിലെ ബാറ്റ്സ്മാൻമാരുടെ പേടി സ്വപ്നമായിരുന്നു വഖാർ യൂനിസ്.

  വഖാർ യൂനിസ്

  വഖാർ യൂനിസ്

  • Share this:
   ക്രിക്കറ്റിലെ ഏറ്റവും വലിയ ഭരണസമിതിയായ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണസിലിനെതിരെ (ഐസിസി) സമൂഹ മാധ്യമങ്ങളിൽ വിമർശനവും ട്രോളുകളും നിറയുന്നു. ഐസിസിക്ക് സംഭവിച്ച ഒരു പിശകാണ് ക്രിക്കറ്റിലെ ആഗോള സമിതിയെ പ്രശ്നത്തിൽ ചാടിച്ചിരിക്കുന്നത്.

   ഈയിടെ ഐസിസി പ്രസിദ്ധീകരിച്ച ക്രിക്കറ്റിലെ ഹാള്‍ ഓഫ് ഫെയിമിൽ ക്രിക്കറ്റ് കളിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നും 26 കളിക്കാരാണ് ഉൾപ്പെട്ടിരുന്നത്. ഓസ്‌ട്രേലിയയുടെ‍ ഇതിഹാസ താരമായ സർ ഡോണ്‍ ബ്രാഡ്മാന്‍, ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, അനില്‍ കുംബ്ലെ, രാഹുൽ ദ്രാവിഡ്, ശ്രീലങ്കയുടെ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരൻ എന്നീ പ്രമുഖരെല്ലാം ഇക്കൂട്ടത്തിലുണ്ട്. വഖാർ യൂനിസും ഈ പട്ടികയിൽ പെടുന്നുണ്ട്. 2013ലാണ് അദ്ദേഹത്തെ ഐസിസി ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തിയത്.

   2020ൽ ഈ പട്ടികയിലേക്ക് കുറച്ച് താരങ്ങളെ കൂടി ചേർത്തിരുന്നു. ഇവരെ കൂടി ചേർത്ത് പട്ടിക പുതുക്കി ഇറക്കുന്നതിനിടെയാണ് ഐസിസിയുടെ ഭാഗത്തു നിന്നും ഇത്രയും വലിയ അബദ്ധമുണ്ടായത്. പട്ടികയിൽ മുൻ പാകിസ്ഥാൻ പേസ് ബൗളറായ യൂനിസിനെക്കുറിച്ച് പരാമര്‍ശിക്കുന്നയിടത്ത് ഇന്ത്യന്‍ താരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള ഐസിസിയുടെ വീഡിയോയിൽ മാത്രമല്ല അതിനകത്തു ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിലും ഇന്ത്യന്‍ താരമെന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

   സമൂഹ മാധ്യമങ്ങളിൽ ഐസിസി പങ്കുവച്ച ഈ വീഡിയോയിലെ പിശക് ആരാധകർ ചൂണ്ടിക്കാട്ടിയതോടെയാണ് ഇത് ഐസിസിയുടേയും ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ ഐസിസി തങ്ങളുടെ തെറ്റ് തിരുത്തിയെങ്കിലും അപ്പോഴേക്കും ആരാധകർ ഈ പോസ്റ്റിൻ്റെ സ്‌ക്രീന്‍ ഷോട്ടുകളും മറ്റും എടുത്ത് അതു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ശ്രദ്ധക്കുറവ് മൂലം ഐസിസിക്ക് പിണഞ്ഞ വലിയ അബദ്ധം ലോകമറിഞ്ഞത്.

   Also Read- ഇംഗ്ലണ്ട് പരമ്പരയിൽ മാറ്റങ്ങൾ ഇല്ല; ഐപിഎൽ രണ്ടാം പാദം വീണ്ടും അനിശ്ചിതത്വത്തിൽ

   ഹാള്‍ ഓഫ് ഫെയിമിൽ ഉൾപ്പെട്ട വഖാർ യൂനിസ് പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. തൻ്റെ തീ തുപ്പുന്ന വേഗത്തിലുള്ള പന്തുകൾ കൊണ്ടും അപാര സ്വിങ് കൊണ്ടും എതിർ ടീമിലെ ബാറ്റ്സ്മാൻമാരുടെ പേടി സ്വപ്നമായിരുന്നു വഖാർ യൂനിസ്. പന്തിൽ നിന്ന് റിവേഴ്സ് സ്വിങ് സൃഷ്ടിക്കാനും ഉള്ള താരത്തിൻ്റെ മികവ് അപാരമായിരുന്നു. വഖാർ യൂനിസ് തങ്ങളുടെ പേടി സ്വപ്നമായിരുന്നു എന്നത് പല താരങ്ങളും പറഞ്ഞിട്ടുള്ളളതുമാണ്.

   വഖാർ യൂനിസിനെ ഇന്ത്യക്കാർ പക്ഷേ ഓർക്കുക ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിലെ ഒരു സംഭവത്തിൻ്റെ പേരിലാകും. 1989ൽ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനത്തിലാണ് സംഭവം. അന്ന് കറാച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ഇന്ത്യയുടെ സച്ചിനും പാകിസ്ഥാൻ്റെ താരമായ വഖാറിനും അരങ്ങേറ്റ മത്സരമായിരുന്നു. വഖാറിൻ്റെ തീ തുപ്പുന്ന പന്തിനു മുൻപിൽ ബാറ്റ് വച്ച സച്ചിൻ്റെ കണക്കുകൂട്ടൽ തെറ്റിച്ച് പന്ത് നേരെ വന്ന് കൊണ്ടത് സച്ചിൻ്റെ മൂക്കിലായിരുന്നു. ചോര വാർന്ന മൂക്കുമായി സച്ചിൻ വീണ്ടും ബാറ്റ് ചെയ്യാൻ നിൽക്കുന്നത് ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന ഓർമയാണ്.

   1989 മുതല്‍ 2003 വരെയുള്ള തൻ്റെ 14 വർഷ അന്താരാഷ്ട്ര കരിയറില്‍ പാകിസ്ഥാൻ്റെ ജേഴ്‌സിയണിഞ്ഞ താരം 87 ടെസ്റ്റുകളില്‍ നിന്നും 23.56 ശരാശരിയില്‍ 373വിക്കറ്റും 262 ഏകദിനങ്ങളില്‍ നിന്നും 23.84 ശരാശരിയില്‍ 416 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 22 തവണയും ഏകദിനത്തില്‍ 13 തവണയും അദ്ദേഹം അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം പരിശീലക വേഷം അണിഞ്ഞ താരം നിലവിൽ പാകിസ്ഥാൻ്റെ ബൗളിംഗ് കോച്ചായി പ്രവർത്തിക്കുന്നു.
   Published by:Rajesh V
   First published:
   )}