ആരാധകരുടെ പെരുമാറ്റം മോശം; പാകിസ്താന്റെ പരിശീലകനാകാനില്ലെന്ന് വസീം അക്രം

Last Updated:

പാകിസ്താൻ ആരാധകർ ക്രിക്കറ്റിനോട് വെച്ച് പുലർത്തുന്ന അഭിനിവേശവും സ്‌നേഹവും തനിക്ക് വളരെയധികം ഇഷ്ടമാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ അവര്‍ കാണിക്കുന്ന വൃത്തിക്കേട് തനിക്കൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അക്രം വ്യക്തമാക്കി.

വസീം അക്രം
വസീം അക്രം
പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം താൻ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി മുൻ പാകിസ്താൻ ക്യാപ്റ്റനും ഇതിഹാസ ബൗളറുമായ വസീം അക്രം. പാകിസ്താനിലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അക്രം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.ഒരു ദേശീയ ടീമിന്റെയും പരിശീലക സ്ഥാനത്ത് തന്നെ കാണാൻ സാധിക്കുകയില്ല എന്ന് പറഞ്ഞ അക്രമിനോട്, എങ്കില്‍ പാകിസ്താൻ ടീമിന്റെ പരിശീലകനായിക്കൂടെ എന്ന അവതാരകയുടെ ചോദ്യത്തിന് അതൊരിക്കലും നടക്കില്ല എന്നാണ് അക്രം മറുപടി നൽകിയത്.
പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മാത്രം താന്‍ ഒരു മണ്ടനല്ലെന്ന് കൂടി അക്രം പറഞ്ഞു. പാകിസ്താൻ ടീമിന്റെ കളിക്കാരോടും പരിശീലകനോടും പാക് ആരാധകർ എത്ര മോശമായാണ് പെരുമാറുന്നതെന്ന് താന്‍ സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരം കാണാറുണ്ടെന്നും ഇതറിഞ്ഞ് കൊണ്ട് എന്തിന് താൻ പരിശീലക സ്ഥാനം ഏറ്റെടുക്കണം എന്നാണ് അക്രം തിരിച്ചു ചോദിച്ചത്. പാകിസ്താൻ ആരാധകർ ക്രിക്കറ്റിനോട് വെച്ച് പുലർത്തുന്ന അഭിനിവേശവും സ്‌നേഹവും തനിക്ക് വളരെയധികം ഇഷ്ടമാണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ അവര്‍ കാണിക്കുന്ന വൃത്തിക്കേട് തനിക്കൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അക്രം വ്യക്തമാക്കി.
advertisement
ഇത് മാത്രമല്ല താരത്തെ പിന്നോട്ട് വലിക്കുന്ന കാരണങ്ങള്‍.ദേശീയ ടീമിന്റെ പരിശീലകനായാൽ വര്‍ഷത്തില്‍ ചുരുങ്ങിയത് 200 മുതല്‍ 250 ദിവസമെങ്കിലും തന്റെ കുടുംബത്തെ പിരിഞ്ഞ് നില്‍ക്കേണ്ടി വരുമെന്നും ഇത് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്രം പറഞ്ഞു. അതേപോലെ പാകിസ്താനിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാകിസ്താൻ സൂപ്പര്‍ ലീഗിലെ താരങ്ങള്‍ തന്നോട് സ്ഥിരമായി ഉപദേശം ചോദിക്കാറുണ്ടെന്നും ഇതിനും തനിക്ക് സമയം കണ്ടെത്തേണ്ടി വരുമെന്നും മുന്‍ പാക് നായകന്‍ പറഞ്ഞു.
പാകിസ്താന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച സംഭാവനകൾ നൽകിയ താരം കൂടിയാണ് വസീം അക്രം. 1992 ൽ ലോകകപ്പ് നേടിയ പാക് ടീമിൽ അംഗമായ താരം 1999 ലോകകപ്പിൽ പാക് ടീമിനെ ഫൈനലിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ പാക് ടീമിന് വേണ്ടി 104 ടെസ്റ്റിൽ നിന്നും 414 വിക്കറ്റും 356 ഏകദിനങ്ങളിൽ 502 വിക്കറ്റും നേടിയിട്ടുണ്ട് സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം പരിശീലക വേഷവും താരം സ്വീകരിച്ചിരുന്നു. വിവിധ ടി20 ഫ്രാഞ്ചൈസികളുടെ പരിശീലക സംഘത്തിൽ അംഗമായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.
advertisement
പാകിസ്താന്റെ പരിശീലകരായ മിസ്ബാ ഉൾ ഹഖും വഖാർ യൂനിസും അവരുടെ സ്ഥാനങ്ങൾ രാജി വെച്ചതോടെയാണ് പാക് ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള ചർച്ചകൾ ചർച്ചയാകാൻ തുടങ്ങിയത്. ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുവരും രാജി വെച്ചത്. ഇതിന് ശേഷം പാക് ടീമിന് ലോകകപ്പിൽ മാർഗ നിർദേശങ്ങൾ നൽകാൻ മുൻ ഓസീസ് താരമായ മാത്യു ഹെയ്ഡനെയും, മുൻ ദക്ഷിണാഫ്രിക്കൻ താരമായ വെർണോൻ ഫിലാണ്ടറെയും പാക് ക്രിക്കറ്റ് ബോർഡ് അടുത്തിടെ നിയമിച്ചിരുന്നു. എന്നാൽ മുഖ്യ പരിശീലകനെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. മുൻ പാക് താരമായ സഖ്‌ലൈൻ മുഷ്താഖ് ഈ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആരാധകരുടെ പെരുമാറ്റം മോശം; പാകിസ്താന്റെ പരിശീലകനാകാനില്ലെന്ന് വസീം അക്രം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement