നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സഞ്ജു വി സാംസൺ ഇന്ത്യൻ ടീമിലേക്ക് വരുമ്പോൾ...

  സഞ്ജു വി സാംസൺ ഇന്ത്യൻ ടീമിലേക്ക് വരുമ്പോൾ...

  സഞ്ജു വി സാംസൻ ഒരിക്കൽക്കൂടി ഇന്ത്യൻ ടീമിലേക്ക് എത്തുമ്പോൾ എന്തൊക്കെയാണ് പ്രതീക്ഷകൾ? കരിയറിൽ വില്ലനായ ബാറ്റിങ്ങിലെ അസ്ഥിരത സഞ്ജുവിന് വീണ്ടും പ്രശ്നമുണ്ടാക്കുമോ?

  sanju_samson

  sanju_samson

  • Share this:
  വളരെ സ്റ്റൈലിഷായ, സ്ട്രോക്ക് പ്ലേ കളിക്കുന്ന ക്ലാസിക് ബാറ്റ്സ്മാൻ- സഞ്ജു വി സാംസണെ ഇങ്ങനെ വിശേഷിപ്പിക്കാം. 2011ൽ കേരളത്തിനുവേണ്ടി കളിച്ചുകൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി വൈകാതെ തന്നെ സഞ്ജുവിനെക്കുറിച്ച് ചോദിക്കാൻ തുടങ്ങിയ ഒരു ചോദ്യമുണ്ട്, ഇന്ത്യയ്ക്ക് വേണ്ടി ഇനിയും കളിക്കുമോ? ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയ്ക്കുവേണ്ടി വീണ്ടും പാഡ് കെട്ടാൻ ഒരുങ്ങുകയാണ് സഞ്ജു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നീലക്കുപ്പായത്തിൽ സഞ്ജു എത്തുമ്പോൾ അത് മലയാളികൾക്ക് ഏറെ അഭിമാനകരമായ നിമിഷങ്ങളിലൊന്നായിരിക്കും.

  ഐപിഎല്ലിൽ മിന്നുംതാരമായി മാറിയതുമുതൽ സഞ്ജു ഇന്ത്യൻ ടീമിലേക്ക് വരുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകർ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി രണ്ട് തകർപ്പൻ സെഞ്ച്വറികളാണ് സഞ്ജു നേടിയത്. മികച്ച സ്ട്രോക്ക് പ്ലേയാണ് സഞ്ജുവിന്‍റെ ബാറ്റിങിനെ ശ്രദ്ധേയമാക്കുന്നത്. എന്നാൽ സ്വന്തം പ്രതിഭയോട് നീതി പുലർത്താത്ത ബാറ്റ്സ്മാനാണ് സഞ്ജുവെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാൽ തെറ്റ് പറയാനാകില്ല. കരിയർ പരിശോധിച്ചാൽ ആ അസ്ഥിരത വ്യക്തമാകും. 53 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജുവിന്‍റെ ശരാശരി 36.81 മാത്രമാണ്. ഇതിന് പുറമെ അച്ചടക്ക നടപടികളും സഞ്ജു നേരിട്ടിട്ടുണ്ട്. കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരങ്ങൾക്കിടെ വിവേചനരഹിതമായി പ്രവർത്തിച്ചെന്നാരോപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ 2016ലാണ് സഞ്ജുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇത് കൂടാതെ പുറത്തായി പവലിയനിൽ തിരിച്ചെത്തി ബാറ്റുപയോഗിച്ച് ഡ്രസിങ് റൂം തകർക്കുകയും ടീം മാനേജ്‌മെന്റിലെ ആരെയും അറിയിക്കാതെ സ്ഥലംവിട്ടുവെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉണ്ട്.

  ബാറ്റിങ്ങിലെ അസ്ഥിരത വില്ലൻ

  വളരെ കാലം മുമ്പേ സഞ്ജു ഇന്ത്യൻ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുൻ ഇന്ത്യൻ താരങ്ങളും ഇക്കാര്യം അടിവരയിട്ടിരുന്നു. എന്നാൽ കരിയറിലെ അസ്ഥിരത സഞ്ജുവിന് വിനയായി മാറുകയായിരുന്നു. കഴിഞ്ഞ സീസണിൽ മോശപ്പെട്ട ഫോമിലായിരുന്നു സഞ്ജു. രഞ്ജിയിൽ 14 ഇന്നിംഗ്സുകളിൽ നിന്ന് 343 റൺസും ഐ‌പി‌എല്ലിലെ 12 മത്സരങ്ങളിൽ നിന്ന് 342 റൺസും മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. എന്നാൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മികച്ച സെഞ്ച്വറി മാത്രമായിരുന്നു ആശ്വസിക്കാനുണ്ടായിരുന്നത്. ഇതിനിടയിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ സ്ഥാനം ലഭിച്ചെങ്കിലും ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടതിനെതുടർന്ന് ഒഴിവാക്കപ്പെട്ടു. ഇതും സഞ്ജുവിന്‍റെ കരിയറിൽ തിരിച്ചടിയായി. 2015 ൽ സിംബാബ്‌വെയ്ക്കെതിരെ സാംസൺ ഒരു അന്താരാഷ്ട്ര ടി20 മത്സരം കളിച്ചു. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് ഈ അവസരം ലഭിച്ചത്. മുൻനിരക്കാർ തിരിച്ചെത്തിയതോടെ സഞ്ജുവിന് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

  സർവാധിപത്യത്തിന്റെ സിംഹാസനത്തിലേക്ക് ഇന്ത്യ; മുന്നിൽ നിന്നു നയിച്ച് വീരനായകൻ

  വഴിത്തിരിവായത് വിജയ് ഹസാരെയിലെ ഇരട്ടസെഞ്ച്വറി

  കഴിഞ്ഞ മാസം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ മികച്ച പ്രകടനം നടത്തിയതും വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ടസെഞ്ച്വറിയുമാണ് ഇപ്പോൾ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നാലാം ഏകദിനത്തിൽ വെറും 48 പന്തിൽ 91 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരെ കേരളത്തിന് വേണ്ടി 212 റൺസാണ് സാംസൺ നേടിയത്. വെറും 129 പന്തുകൾ നേരിട്ട സഞ്ജു 21 ബൗണ്ടറികളും 10 സിക്സറുകളും നേടി, 164.34 സ്ട്രൈക്ക് റേറ്റിൽ സ്കോർ ചെയ്തു. ലിസ്റ്റ് എ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയും വിജയ് ഹസാരെ ട്രോഫി മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോറും കൂടിയാണിത്. ഇതുകൂടാതെ മൂന്ന് മത്സരങ്ങളിൽ 67, 36, 48 എന്നിങ്ങനെ ഭേദപ്പെട്ട ഇന്നിംഗ്സുകളും സഞ്ജുവിൽ നിന്ന് ഉണ്ടായി.

  സുവർണാവസരം പ്രയോജനപ്പെടുത്തുമോ?

  ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ വില്ലനാകുമ്പോഴും സഞ്ജു വീണ്ടും ഇന്ത്യയ്ക്ക് കളിക്കുമെന്ന് അറിയാമായിരുന്നു. 24 വയസ് മാത്രമാണ് സഞ്ജുവിന്‍റെ പ്രായം. ഇനിയും ഏറെനാൾ ക്രിക്കറ്റിൽ മിന്നിത്തിളങ്ങാനുള്ള ശേഷി സഞ്ജുവിനുണ്ട്. അതിനുള്ള സുവർണ അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോയെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. റിഷഭ് പന്ത് ടീമിലുള്ളത് സഞ്ജുവിന് വെല്ലുവിളിയാണ്. മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിയതോടെ സഞ്ജു ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുകയെന്നതാണ് സഞ്ജുവിന് മുന്നിലുള്ള വെല്ലുവിളി. തകർപ്പനൊരു ഇന്നിംഗ്സ് പുറത്തെടുക്കാനായാൽ, സഞ്ജുവിനെ ഒഴിവാക്കാൻ സെലക്ടർമാർക്ക് സാധിക്കാതെ വരും.
  First published:
  )}