ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച ലയണൽ മെസ്സി തിങ്കളാഴ്ച ഫിഫയുടെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ രണ്ടാം സ്ഥാനത്തും, റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഫോർവേഡ് കരിം ബെൻസിമ മൂന്നാം സ്ഥാനത്തുമെത്തി.
ദേശീയ ടീം ക്യാപ്റ്റൻമാരുടെയും പരിശീലകരുടെയും തിരഞ്ഞെടുത്ത മാധ്യമങ്ങളുടെയും ആരാധകരുടെയും പാനലിന്റെ വോട്ടുകളിലൂടെയാണ് അവാർഡുകൾ തീരുമാനിച്ചത്. ഫിഫ നിയോഗിച്ച വിദഗ്ധസമിതികൾ തീരുമാനിച്ച സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഓൺലൈനായാണ് വോട്ടെടുപ്പ് നടന്നത്.
പെപ്പെ ആയിരുന്നു പോർച്ചുഗലിന്റെ പ്രതിനിധി. അതുകൊണ്ട് തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ വോട്ട് ചെയ്തില്ല. പെപ്പെയാകട്ടെ തന്റെ ആദ്യ ചോയ്‌സായി കിലിയൻ എംബാപ്പെയെ തിരഞ്ഞെടുത്തു. തുടർന്ന് ലൂക്കാ മോഡ്രിച്ചും കരിം ബെൻസിമയ്ക്കും ആയിരുന്നു പെപ്പെയുടെ വോട്ട്.
ലോകകപ്പ് നേടുന്നത് തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തുല്യമാണെന്ന് രണ്ടാം തവണയും അവാർഡ് നേടിയ ശേഷം മെസ്സി പറഞ്ഞു. “ഞാൻ കഠിനമായി പൊരുതിയത് ആ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടിയായിരുന്നു. ഈ വർഷം അക്കാര്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നു. അവസാനം, എനിക്ക് അത് ലഭിച്ചു, എന്റെ കരിയറിലെ ഏറ്റവും മനോഹരമായ കാര്യമായിരുന്നു അത്,” മെസ്സി പറഞ്ഞു. ഇത് ഓരോ ഫുട്ബോൾ കളിക്കാരന്റെയും സ്വപ്നമാണ്, എന്നാൽ വളരെ കുറച്ച് പേർക്ക് മാത്രമേ യാഥാർത്ഥ്യമാകൂ, മെസ്സി കൂട്ടിച്ചേർത്തു.
Also read: ‘700 ക്ലബ് ഗോൾ’; റൊണാൾഡോക്ക് പിന്നാലെ ചരിത്രനേട്ടവുമായി ലയണൽ മെസി
ബെൻസിമയ്ക്ക് പകരം മെസ്സിക്ക് വോട്ട് ചെയ്ത റയൽ മാഡ്രിഡ് ഡിഫൻഡർ ഡേവിഡ് അലബയെ സോഷ്യൽ മീഡിയയിൽ വംശീയമായി ചിലർ അധിക്ഷേപിച്ചതും വിവാദമായിരുന്നു.
ഓസ്ട്രിയയുടെ ദേശീയ ടീമിന്റെ ക്യാപ്റ്റനായ അലബയുടെ ആദ്യ വോട്ട് മെസ്സിയ്ക്കും മാഡ്രിഡ് സഹതാരം ബെൻസിമയ്ക്ക് രണ്ടാമതും, എംബാപ്പെയ്ക്ക് മൂന്നാമതും ആയിരുന്നു.
റയൽ മാഡ്രിഡിന്റെ ഏറ്റവും വലിയ എതിരാളിയായ ബാഴ്‌സലോണയിൽ 17 സീസണുകൾ ചെലവഴിച്ച മെസ്സിക്ക് അലബ വോട്ട് ചെയ്‌തത് മാഡ്രിഡ് ആരാധകരെ രോഷാകുലരാക്കി. എന്നാൽ അലബയുടെ വിശദീകരണം ഇങ്ങനെയായിരുന്നു ; “ഈ അവാർഡിനായി വോട്ട് ചെയ്യുന്നത് ഞാൻ മാത്രമായല്ല, ഒരു ടീമെന്ന നിലയിലാണ്, ടീം കൗൺസിലിലെ എല്ലാവർക്കും വോട്ടുചെയ്യാൻ കഴിയും, അങ്ങനെയാണ് അത് തീരുമാനിക്കുന്നത്. എല്ലാവർക്കും അറിയാം, പ്രത്യേകിച്ച് കരീം, ഞാൻ അവനെയും അവന്റെ പ്രകടനങ്ങളെയും എത്രമാത്രം അഭിനന്ദിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, അത് ഇപ്പോഴും അങ്ങനെ തന്നെ. സംശയമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.