അഹമ്മദാബാദ്: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വേദി അമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡയമായിരിക്കും. ഫൈനൽ ഉൾപ്പടെയുള്ള സുപ്രധാന മത്സരങ്ങൾ ഇവിടെയാകും നടക്കുക. എന്നാൽ പ്രതിഷേധസൂചകമായി നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കളിക്കുന്നതിൽനിന്ന് പാകിസ്ഥാൻ വിട്ടുനിന്നേക്കുമെന്നാണ് സൂചന. ഏഷ്യാകപ്പ് മത്സരം കളിക്കാൻ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാത്തതാണ് പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നത്. പാകിസ്ഥാനിലേക്ക് ഇന്ത്യ പോകാത്തതിനാൽ 2023 ലെ ഏഷ്യാ കപ്പ് ശ്രീലങ്കയിലേക്ക് മാറ്റുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ചില കാരണങ്ങളാൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ പാകിസ്ഥാൻ സമ്മതിച്ചേക്കില്ല,” പാക് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ജിയോ ടിവിയോട് പറഞ്ഞു.
സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാൻ ടീം അവരുടെ എല്ലാ കളികളും ബെംഗളൂരുവിലും ചെന്നൈയിലും കളിക്കാമെന്ന നിർദേശം മുന്നോട്ടുവെക്കുമെന്നാണ് സൂചന. ലോകകപ്പ് ഫൈനൽ വേദിയായി അഹമ്മദാബാദിനൊപ്പം കൊൽക്കത്ത ഈഡൻ ഗാർഡൻസിനെയും പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഏഷ്യാ കപ്പിനായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് വന്നില്ലെങ്കിൽ പാകിസ്ഥാൻ ഏകദിന ലോകകപ്പ് ഇന്ത്യയിൽ കളിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്ന് പിസിബി മേധാവി നജാം സേത്തി നേരത്തെ പറഞ്ഞിരുന്നു.
“ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ച സാഹചര്യത്തിൽ, ലോകകപ്പിൽ പങ്കെടുക്കാനായി പാക് ടീമിനെ അതിർത്തി കടക്കാൻ പാകിസ്ഥാൻ സർക്കാർ അനുവദിക്കില്ല, അങ്ങനെയെങ്കിൽ നഷ്ടം ക്രിക്കറ്റിനായിരിക്കും” സേതി പറഞ്ഞു.
“ഐസിസി, എസിസി ടൂർണമെന്‍റുകളുടെ സുഗമമായ ആതിഥേയത്വത്തെ ഭീഷണിപ്പെടുത്തുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു മധ്യസ്ഥശ്രമം ഉണ്ടാകണം. ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യ വിസമ്മതിച്ച സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് പോകാൻ സർക്കാർ ഞങ്ങളെ അനുവദിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, 2025ലെ ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുമെന്ന് ബിസിസിഐ ഉറപ്പുനൽകിയാൽ മാത്രമേ ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിലേക്ക് പോകൂ എന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.