യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് തോറ്റ് കിരീടം കൈവിട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഇംഗ്ലണ്ട് ടീമിലെ കറുത്ത വര്ഗക്കാര്ക്കാരായ താരങ്ങൾക്കെതിരെ വലിയ വംശീയാധിക്ഷേപമാണ് ഉയർന്നത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജെയ്ഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവര്‍ക്കെതിരെയാണ് ഒരു കൂട്ടം ഇംഗ്ലണ്ട് ആരാധകർ അങ്ങേയറ്റം വംശീയ ചുവ കലർന്ന വാക്കുകളുമായി സമൂഹ മാധ്യമങ്ങളിലൂടെ താരങ്ങൾക്കെതിരെ വന്നത്. ഇതിനുപുറമെ റാഷ്‌ഫോർഡിന്റെ ചുമർചിത്രങ്ങളും വികൃതമാക്കിയിരുന്നു.
ഇംഗ്ലണ്ട് മത്സരത്തിൽ തോറ്റതിന് പിന്നാലെ ഉണ്ടായ ഈ കലാപം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സംഭവം വലിയ വിവാദമായതോടെ വംശീയാധിക്ഷേപം നേരിട്ട താരങ്ങള്‍ക്ക് പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യുവരാജ് സിങ്ങും ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് യുവി തന്റെ പിന്തുണ അറിയിച്ചത്.
'എന്റെ കരിയറില്‍ നിരവധി ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ ജയത്തിലും തോൽവിയിലും ഒരുമിച്ചു നിൽക്കുക എന്നതാണ് പ്രധാനം. ദൗര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ട് തോറ്റു. ഇറ്റലി അന്നേ ദിവസം മികച്ച പ്രകടനം നടത്തിയത് കൊണ്ട് അവർ ജയിച്ചു. ഇംഗ്ലണ്ട് ടീം താരങ്ങള്‍ക്ക് നേരിട്ട വംശീയാധിക്ഷേപം വളരെ വിഷമമുണ്ടാക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ് സ്പോർട്സിന്റെ ലക്ഷ്യം അല്ലാതെ മറ്റുള്ളവരിൽ വെറുപ്പ് ഉളവാക്കാനല്ല എന്നോര്‍ക്കണം'-യുവരാജ് സിങ് പറഞ്ഞു.
ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരായ വംശീയവിദ്വേഷത്തിനെതിരെ ഇതിനോടകം വലിയ പ്രതിഷേധമാണുയരുന്നത്. കളത്തിലെ വര്‍ണവെറിക്കെതിരേ 'ബ്ലാക് ലൈവ്‌സ് മാറ്റര്‍' പോലുള്ള വലിയ ക്യാംപെയ്‌നുകള്‍ നടന്നിട്ടും ഇതിന് മാറ്റമുണ്ടാവുന്നില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴും അരങ്ങേറുന്ന ഇത്തരം സംഭവങ്ങള്‍. പല സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ വംശീയാധിക്ഷേപം ഉണ്ടായിട്ടുണ്ട്. ക്ലബ്ബ് ഫുട്‌ബോളില്‍ റഹിം സ്‌റ്റെര്‍ലിങ്ങിനെതിരേ വംശീയാധിക്ഷേപമുണ്ടായത് കഴിഞ്ഞയിടെ വലിയ ചര്‍ച്ചയായിരുന്നു. പോള്‍ പോഗ്ബ, എംബാപ്പെ, ബലോറ്റെലി തുടങ്ങിയവരെല്ലാം ഇത്തരം വംശീയ വെറിക്ക് ഇരയായവരാണ്. വംശീയമായി അധിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ എത്രയും വേഗം കൈമാറാനുള്ള നടപടികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കാനാണ് സാധ്യത. വിദേശത്ത് നിന്നുള്ള ആളുകളാണ് വംശീയവിദ്വേഷം നടത്തിയവരില്‍ കൂടുതല്‍. എന്നാല്‍ സ്വദേശികളായ ചിലരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്താ സമ്മേളനത്തിലെ ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്‌ഗേറ്റിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
Also read- 'പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് പറയാം, എന്നാല്‍ എന്റെ നിറം എന്താണ് എന്നതിന് മാപ്പ് പറയാന്‍ എനിക്കാകില്ല': റാഷ്‌ഫോര്‍ഡ്
മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഇംഗ്ലണ്ടിനായും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും തിളങ്ങുന്ന താരമാണ്. വലിയ ആരാധക പിന്തുണയുമുള്ള താരത്തിനെതിരേയടക്കം വംശീയാധിക്ഷേപം ഉയര്‍ന്നതിനെ ഗൗരവകരമായാണ് സര്‍ക്കാര്‍ കാണുന്നത്. അതേ സമയം വംശീയാധിക്ഷേപം നേരിടേണ്ടി വന്ന താരങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. വംശീയാധിക്ഷേപം നേരിട്ട റാഷ്‌ഫോർഡിന്റെയും സാഞ്ചോയുടെയും സാക്കയുടെയും ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ഇവർക്ക് പിന്തുണ നൽകി രംഗത്ത് വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.