Yuvraj Singh |ഓരോവറില്‍ ആറ് സിക്‌സറുമായി വീണ്ടും യുവി; തകര്‍പ്പന്‍ പ്രകടനം പുനരാവിഷ്‌കരിച്ച് വീഡിയോ
- Published by:Sarath Mohanan
- news18-malayalam
Last Updated:
തലയില്‍ ബൈക്ക് ഹെല്‍മെറ്റും മാറിയെടുത്ത ബാറ്റുമായാണ് യുവി എത്തുന്നത്. വീടിന്റെ ടെറസില്‍ ഇന്ത്യന്‍ ജഴ്സി അണിഞ്ഞുളള പ്രകടനം ചിരിക്ക് വക നല്‍കുന്നതാണ്.
സെപ്റ്റംബര്‍ 19, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പോന്ന ഒരു നിമിഷം പിറന്ന ദിവസമാണ്. 2007 ടി20 ലോകകപ്പിന്റെ ആദ്യ പതിപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളില്‍ ആറും സിക്‌സറിന് പറത്തി യുവരാജ് സിങ് തകര്‍ത്താടിയത് ഈ ദിവസമായിരുന്നു. ഇതിന്റെ 14ആം വാര്‍ഷികം കഴിഞ്ഞ ദിവസം ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കിയിരുന്നു. വാര്‍ഷിക ദിനത്തില്‍ ആ പ്രകടനവും അതോടനുബന്ധിച്ചുള്ള സംഭവങ്ങളും ഒറ്റയ്ക്ക് അഭിനയിച്ച് ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് യുവി.
നിലവിലെ ഇന്ത്യന്‍ പരിശീലകനും അന്നത്തെ കമന്റേറ്ററുമായ രവി ശാസ്ത്രിയുടെ കമന്ററിയുടെ പശ്ചാത്തലത്തിലാണ് യുവി സംഭവങ്ങള്‍ അഭിനയിക്കുന്നത്. വീഡിയോയില്‍ അന്നത്തെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയായും, ഇംഗ്ലണ്ട് നായകന്‍ പോള്‍ കോളിംഗ്‌വുഡായും ഇംഗ്ലീഷ് താരങ്ങളായ ബ്രോഡ്, ആന്‍ഡ്രൂ ഫ്ളിന്റോഫ് എന്നിവരായുമെല്ലാം യുവി അഭിനനയിച്ചു തകര്‍ക്കുന്നുണ്ട്.
തലയില്‍ ബൈക്ക് ഹെല്‍മെറ്റും മാറിയെടുത്ത ബാറ്റുമായാണ് യുവി എത്തുന്നത്. വീടിന്റെ ടെറസില്‍ ഇന്ത്യന്‍ ജഴ്സി അണിഞ്ഞുളള പ്രകടനം ചിരിക്ക് വക നല്‍കുന്നതാണ്. ധോണിയുമായുള്ള ചര്‍ച്ചയും ഫ്‌ളിന്റോഫുമായുള്ള ഉടക്കുമല്ലാം താരം അഭിനയിച്ചുകാണിക്കുന്നുണ്ട്. അഭിനയം എങ്ങനെയുണ്ടെന്ന് അഭിപ്രായം ആരായുന്ന യുവി താമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നും വീഡിയോയുടെ താഴെ കുറിച്ച വിശദീകരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അടുത്തത് ബോളിവുഡ് ആയിരിക്കുമോ എന്നും താരം തമാശയോടെ ചോദിക്കുന്നു. വീഡിയോക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍കൈയടിയാണ് ലഭിക്കുന്നത്.
advertisement
2007ല്‍ പ്രഥമ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു യുവരാജിന്റെ ഈ വിസ്‌ഫോടക ഇന്നിംഗ്‌സ് പിറന്നത്. ബ്രോഡിനെതിരെ നടത്തിയ കടന്നാക്രമണത്തിലൂടെ യുവി അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ഒരോവറിലെ ആറ് പന്തും സിക്‌സ് പറത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. അന്ന് 12 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ച് ടി20യിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡ് കൂടി യുവി സ്വന്തം പേരിലേക്ക് എഴുതി. 14 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ റെക്കോര്‍ഡിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല. അന്ന് ആറ് സിക്‌സ് നേട്ടം സ്വന്തമാക്കിയ യുവി വെറും 16 പന്തുകളില്‍ നിന്ന് 58 റണ്‍സ് നേടി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.
advertisement
യുവി ക്രീസിലേക്ക് എത്തുമ്പോള്‍ 16.4 ഓവറില്‍ 155 ന് മൂന്ന് എന്ന നിലയില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു ഇന്ത്യ. 19ാ0 ഓവര്‍ വരെ ശാന്തമായി നീങ്ങിയിരുന്ന യുവരാജ് ആ ഓവറിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ലിന്റോഫുമായി വാക്‌പോരില്‍ ഏര്‍പ്പെട്ടു. ഫ്‌ലിന്റോഫിന് നേരെ ക്ഷുഭിതനായി അടുത്ത യുവിയെ അമ്പയര്‍മാരും ഒപ്പമുണ്ടായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുമാണ് തടഞ്ഞു നിര്‍ത്തിയത്.
തന്റെ ഓവര്‍ തീര്‍ത്ത് ഫ്‌ലിന്റോഫ് ഫീല്‍ഡിങ്ങിന് പോയെങ്കിലും യുവരാജിന്റെ അരിശം അടങ്ങിയിരുന്നില്ല. അടുത്ത ഓവര്‍ എറിയാന്‍ വന്നത് അന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുമുഖമായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു. ഫ്‌ലിന്റോഫിനോടുള്ള അരിശം മുഴുവന്‍ യുവി ബ്രോഡിനെതിരെ തീര്‍ക്കുകയാണുണ്ടായത്. ആദ്യ മൂന്ന് പന്തുകളിലും തന്റെ പന്തില്‍ യുവി സിക്‌സര്‍ പറത്തിയതോടെ ബ്രോഡ് നിസ്സഹായനായി നിന്നു. പിന്നീട് മികച്ച ലൈന്‍ കണ്ടെത്താന്‍ കഴിയാതിരുന്ന ഇംഗ്ലണ്ട് താരത്തിന്റെ ബാക്കിയുള്ള മൂന്ന് പന്തുകളും ബൗണ്ടറി ലൈനിന് അപ്പുറം കടത്തി യുവി തകര്‍ത്താടുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 23, 2021 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Yuvraj Singh |ഓരോവറില്‍ ആറ് സിക്‌സറുമായി വീണ്ടും യുവി; തകര്‍പ്പന്‍ പ്രകടനം പുനരാവിഷ്‌കരിച്ച് വീഡിയോ