സ്മിത്തും വാർണറും തിരിച്ചെത്തി; വിക്കറ്റ് കീപ്പർ സ്ഥാനത്ത് പുതുമുഖം; ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
- Published by:Naveen
- news18-malayalam
Last Updated:
വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നീ പര്യടനങ്ങളിൽ ടീമിൽ ഇല്ലാതിരുന്ന താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മാർക്കസ് സ്റ്റോയ്‌നിസ്, മിച്ചൽ സ്റ്റാർക്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരെല്ലാം ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. സൂപ്പർ താരങ്ങൾ ഉൾപ്പെട്ട നിരയെ നയിക്കുക ആരോൺ ഫിഞ്ച് ആയിരിക്കും. പാറ്റ് കമ്മിൻസാണ് വൈസ് ക്യാപ്റ്റൻ. വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നീ പര്യടനങ്ങളിൽ ടീമിൽ ഇല്ലാതിരുന്ന താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മാർക്കസ് സ്റ്റോയ്‌നിസ്, മിച്ചൽ സ്റ്റാർക്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരെല്ലാം ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ലോകകപ്പിനുള്ള ടീമിലെ സർപ്രൈസ് താരം ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തെത്തുന്ന പുതുമുഖ താരമായ ജോഷ് ഇംഗ്ലിസാണ്. അലക്സ് ക്യാരിക്ക് പകരമാണ് ജോഷ് ഇംഗ്ലിസിനെ ഉൾപ്പെടുത്തിയത്.
വിറ്റാലിറ്റി ബ്ലാസ്റ്റിലേയും റെഡ് ബോള്‍ ക്രിക്കറ്റിലേയും മികവ് കണക്കിലെടുത്താണ് ഇംഗ്ലിസിനെ ടീമിലേക്ക് എടുത്തതെന്ന് ചീഫ് സെലക്ടറായ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ജോർജ് ബെയ്‌ലി പറഞ്ഞു. ഇംഗ്ലിസിന്‍റെ പേര് നാളുകളായി പരിഗണനയിലുണ്ടായിരുന്നതാണെന്നും ടീമിനെ കൂടുതല്‍ സന്തുലിതമാക്കാന്‍ താരത്തിന് കഴിയുമെന്നും മുഖ്യ സെലക്‌ടര്‍ ജോര്‍ജ് ബെയ്‌ലി കൂട്ടിച്ചേർത്തു, വിറ്റാലിറ്റി ബ്ലാസ്റ്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ റൺസ് കണ്ടെത്തിയ താരമാണ് ഇംഗ്ലിസ്.
ആദം സാംപ, ആഷ്ടൺ ആഗർ എന്നീ രണ്ട് സ്പിന്നർമാർക്ക് പുറമെ മൂന്നാം സ്പിന്നറായി മിച്ചൽ സ്വെപ്സണെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുവെ സ്ലോവായ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകൾ ഉള്ള യുഎഇയിൽ സ്പിന്നർമാരുടെ പ്രകടനം ടൂർണമെന്റിലെ ടീമിന്റെ മുന്നോട്ടുള്ള യാത്രയിൽ നിർണായകമായിരിക്കും. ഇവർക്ക് പുറമെ ഡാന്‍ ക്രിസ്റ്റ്യൻ, ഡാനിയേല്‍ സാംസ്, നേഥന്‍ എല്ലിസ് എന്നിവർ ടീമിലെ റിസര്‍വ് താരങ്ങളുടെ സ്ഥാനത്തുണ്ട്. ബംഗ്ലാദേശില്‍ അടുത്തിടെ അരങ്ങേറ്റത്തില്‍ ഹാട്രിക് പ്രകടനവുമായി ലോകശ്രദ്ധ നേടിയ താരമാണ് എല്ലിസ്. റിസർവ് ബെഞ്ചിൽ ആണെങ്കിലും മൂന്ന് താരങ്ങളും ടീമിനൊപ്പം യുഎഇയിലേക്ക് യാത്ര ചെയ്യും.
advertisement
ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, ഒന്നാമത്തെ ഗ്രൂപ്പിലാണ് ഓസ്‌ട്രേലിയ ഉൾപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്ക് പുറമെ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഒന്നിലെ മറ്റു ടീമുകൾ. ഒക്‌ടോബര്‍ 23ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഓസീസിന്‍റെ ആദ്യ മത്സരം. രണ്ടാമത്തെ ഗ്രൂപ്പിൽ ഇന്ത്യ പാകിസ്താൻ, ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നീ ടീമുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.
advertisement
നേരത്തെ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയായിരുന്നു.
ഓസ്‌ട്രേലിയൻ ടീം :
ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റൻ), പാറ്റ് കമ്മിന്‍സ് (വൈസ് ക്യാപ്റ്റൻ ), സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്‌ഡ്, ആഷ്‌ടണ്‍ അഗര്‍, ജോഷ് ഹേസല്‍വുഡ്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ, മിച്ചല്‍ സ്വെപ്സണ്‍.
Location :
First Published :
August 19, 2021 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
സ്മിത്തും വാർണറും തിരിച്ചെത്തി; വിക്കറ്റ് കീപ്പർ സ്ഥാനത്ത് പുതുമുഖം; ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ