• HOME
 • »
 • NEWS
 • »
 • world
 • »
 • 15 ELEPHANTS CONTINUE THEIR JOURNEY IN CHINA

ഗജരാജ വിരാജിത പാത; ഈ 15 ആനകളുടെ യാത്ര എവിടേക്ക്? ചൈനയിലേക്ക് ലോകം ഉറ്റുനോക്കുന്നു

ചൈന -മ്യാൻമർ അതിർത്തിയിലുള്ള ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽനിന്ന് 2020 മാർച്ചിലാണ് 15 ആനകൾ വടക്ക് ഭാഗത്തേക്ക് യാത്ര തുടങ്ങിയത്. ആനകൾ ഇവിടം വിട്ടുപോകാൻ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

News18 Malayalam

News18 Malayalam

 • Share this:
  ലോകമാകെ ഉറ്റുനോക്കുകയാണ് 15 ആനക്കൂട്ടത്തിന്റെ ദൈർഘ്യമേറിയ യാത്രയെ. 2020ൽ ആരംഭിച്ച യാത്ര ഇതുവരെ 500 കിലോമീറ്ററാണ് പിന്നിട്ടത്. ഇവരുടെ യാത്ര എവിടേക്ക് ആണെന്ന് മാത്രം ഇതുവരെ ആർക്കും മനസ്സിലാക്കാനായിട്ടില്ല. ആനക്കൂട്ടം യാത്രയ്ക്കിടെ കഴിഞ്ഞ തിങ്കളാഴ്ച ഷിയാങ് വനമേഖലയിൽ വിശ്രമിക്കുന്ന ചിത്രം ലോകശ്രദ്ധ നേടി. കനത്ത മഴയെത്തുടർന്നു യാത്രയ്ക്കു വേഗം കുറഞ്ഞതോടെയാണ് ആനക്കൂട്ടം വിശ്രമിച്ചതെന്നാണ് നിഗമനം. 15 മാസത്തെ യാത്രയ്ക്കിടെ ആനക്കൂട്ടം വിശ്രമിക്കുന്നതിന്റെ ചിത്രം ആദ്യമായാണ് പ്രസിദ്ധീകരിക്കുന്നത്. ആനക്കൂട്ടത്തിന്റെ യാത്ര ചൈനീസ് ദൃശ്യമാധ്യമങ്ങൾ മുഴുവൻ സമയവും സംപ്രേഷണം ചെയ്യുന്നുണ്ട്.

  ചൈന -മ്യാൻമർ അതിർത്തിയിലുള്ള ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽനിന്ന് 2020 മാർച്ചിലാണ് 15 ആനകൾ വടക്ക് ഭാഗത്തേക്ക് യാത്ര തുടങ്ങിയത്. ആനകൾ ഇവിടം വിട്ടുപോകാൻ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യാത്ര 100 കിലോമീറ്റർ പിന്നിട്ട ശേഷം ഏപ്രിലിലാണ് ചൈനതന്നെ ഇക്കാര്യം ശ്രദ്ധിച്ചത്. മുതിർന്ന 6 പെണ്ണും 3 ആണും 6 കുട്ടികളുമടങ്ങിയതായിരുന്നു ആനക്കൂട്ടം. ജൂൺആദ്യ വാരത്തിൽ യുന്നാൻ പ്രവിശ്യയുടെ തലസ്ഥാനമായ കുൻമിങ്ങിന്റെ പരിസരത്താണ് ആനക്കൂട്ടള്ളത്. 70 ലക്ഷം പേർ പാർക്കുന്ന നഗരമാണ് കുൻമിങ്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ആനക്കൂട്ടത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമം നടക്കുന്നുണ്ട്. കുൻമിങ്ങിലും സമീപത്തെ യുക്സിയിലുമായി 700 പൊലീസുകാരെ പ്രത്യേകമായി വിന്യസിച്ചു.

  പൈനാപ്പിൾ, ചോളം തുടങ്ങി 10 ടൺ തീറ്റ നഗരപ്രാന്തത്തിലിട്ട് ആനക്കൂട്ടത്തെ വഴിതിരിച്ചു വിടാനാണു കുൻമിങ്ങിൽ ശ്രമം നടക്കുന്നത്. ഇത്തരത്തിൽ, ഇക്കഴിഞ്ഞ 15 മാസത്തിനിടെ 2 ലക്ഷം ടൺ തീറ്റ സാധനങ്ങളാണ് ആനക്കൂട്ടത്തെ വഴിതിരിച്ചു വിടാൻ വിവിധ സ്ഥലങ്ങളിലിട്ടു കൊടുത്തത്. അടുത്ത രാജ്യാന്തര ജൈവവൈവിധ്യ കൺവൻഷന് വേദിയാകാനിരിക്കുന്നതും കുൻമിങ്ങാണ് എന്നതാണ് കൗതുകകരം.

  Also Read- ആകാശത്ത് വച്ച് 'നിശ്ചലമായ' വിമാനം; കാഴ്ചക്കാരെ അമ്പരപ്പിച്ച ടിക് ടോക്കറുടെ വീഡിയോ വൈറൽ

  ലോകശ്രദ്ധ ആകർഷിച്ചതോടെ സുരക്ഷയ്ക്ക് പ്രത്യേക സംഘത്തെ തന്നെ ചൈന നിയോഗിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി 410 അംഗ സുരക്ഷാ സംഘമാണുള്ളത്. 76 കാറുകളും 9 ഡ്രോണുകളും ആനകളുടെ നീക്കം സദാസമയവും നിരീക്ഷിക്കുന്നു. ഒരു നേരം 8 പേരെയെങ്കിലും ഉറപ്പാക്കി, 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ ആനക്കൂട്ടത്തിന്റെ ദൃശ്യം ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിൽ വൈറലാണ്. യാത്ര പൂർണമായി തടയാതെ ജനവാസ കേന്ദ്രങ്ങളിൽ കടക്കാതിരിക്കാനാണ് അധികൃതർ ശ്രദ്ധിക്കുന്നത്. വലിയ ലോറികളും മണ്ണുമാന്തികളുമൊക്കെ വഴിയിൽ തടസ്സങ്ങളായി വയ്ക്കുന്നുണ്ട്.

  ആനയെ ആകർഷിക്കുന്ന ചോളമോ ഉപ്പോ വീടിനു പുറത്തു വയ്ക്കരുതെന്ന് അധികൃതർ നിർദേശം നൽകി. പടക്കം പൊട്ടിച്ചോ വലിയ ശബ്ദമുണ്ടാക്കിയോ ഇവയെ പരിഭ്രാന്തരാക്കി ഓടിക്കരുതെന്നും നിർദേശമുണ്ട്. ഭക്ഷണത്തിനായി വീടുകളിലും കൃഷിയിടങ്ങളിലും മാത്രമല്ല, കാർ ഡീലർ ഷോറൂമിലും വയോജന കേന്ദ്രത്തിലും വരെ ആനക്കൂട്ടം എത്തിയിരുന്നു. ഇതുവരെ ആരെയും ഉപദ്രവിച്ചതായി റിപ്പോർട്ടില്ലെങ്കിലും ആനസവാരി ഇതിനകം 8 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് ചൈന ഔദ്യോഗികമായി നൽകുന്ന വിവരം.

  ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽ തീറ്റ കുറഞ്ഞതോടെ ആനകൾ കാടു വിട്ടു പുതിയ മേച്ചിൽപുറങ്ങൾ തേടിയതാകാമെന്നാണ് ഒരു നിഗമനം. പുറത്തേക്കിറങ്ങിയ ആനക്കൂട്ടത്തിനു വഴി തെറ്റിയതോടെ യാത്ര തുടരുന്നതാകാമെന്നും അവർ പറയുന്നു. കൂട്ടംകൂടിയുള്ള ജീവിതവും ഇഷ്ടപ്പെടുന്ന ആനകൾ അവരുടെ നേതാവിനെ നഷ്ടപ്പെട്ടാലും സമാനമായ രീതിയിൽ അലയാറുണ്ടെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നു. 15 ആനകളുള്ളതിനാൽ തടഞ്ഞു നിർത്തി മയക്കുവെടി വച്ച ശേഷം വാഹനത്തിൽ കയറ്റി തിരിച്ചെത്തിക്കുക പ്രയാസമാണെന്നും അവർ പറയുന്നു. ഇത്തരം നടപടി ആനക്കൂട്ടത്തെ പരിഭ്രാന്തിയിലാക്കാനും നാശനഷ്ടങ്ങൾക്കിടയാക്കാനും സാധ്യതയുണ്ട്.

  Also Read- ഐസ്ക്രീം ആസ്വദിച്ച് കഴിക്കുന്ന പൂച്ച; ഇന്റർനെറ്റിൽ വൈറലായ വീഡിയോ കാണാം

  1986 മുതൽ, അതീവ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ‘റെഡ് ലിസ്റ്റി’ലാണ് ഏഷ്യൻ ആനകളുടെ സ്ഥാനം. ചൈനയിലാകട്ടെ കാട്ടാനകളുടെ ആകെ എണ്ണം 200-250 ആണ്. ഏഷ്യൻ വൻകരയിൽ നിലവിൽ അരലക്ഷത്തോളം ആനകളുണ്ടെന്നാണ് കരുതുന്നത്. അതിലേറെയും ഇന്ത്യയിലാണ്.

  15 ആനകളാണിപ്പോൾ സംഘത്തിലുള്ളത്. 2020 മാർച്ചിൽ യാത്ര പുറപ്പെടുമ്പോൾ 16 ആനകളുണ്ടായിരുന്നു. നവംബറിൽ യുനാനിലെ വനത്തിൽ വച്ച് ഇതിൽ ഒരു ആന പ്രസവിച്ചതായും 5 മാസം ഇവിടെ കഴിഞ്ഞ ശേഷം ഏപ്രിൽ 16ന് യാത്ര തുടരുകയായിരുന്നുവെന്നും ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യാത്ര പുനഃരാരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ, 2 ആനകൾ കൂട്ടം വിട്ടുപോയതായും പറയുന്നു. മറ്റൊരു കൊമ്പനാന 4 കിലോമീറ്റർ പുറകിലായാണിപ്പോഴുള്ളതെന്നും റിപ്പോർട്ടുണ്ട്.
  Published by:Rajesh V
  First published:
  )}