ഫ്രാൻസിൽ പളളിയിൽ മൂന്നു പേരെ കൊലപ്പെടുത്തി; ഒരു സ്ത്രീയെ കൊന്നത് കഴുത്തറുത്ത്; ഭീകരാക്രമണമെന്ന് നൈസ് മേയർപാരീസ്: ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ വച്ച് കത്തികൊണ്ടുള്ള ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഇതിൽ ഒരു യുവതിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സംഭവം ഭീകരാക്രമണമാണെന്ന് നൈസ് മേയർ പറയുന്നു. നഗരത്തിലെ നോട്രെ ഡാം പള്ളിയിലും സമീപത്തുമായി കത്തികൊണ്ടുള്ള ആക്രമണം നടന്നതായും ആക്രമണകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു.
ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. ഒരു സ്ത്രീയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ഫ്രഞ്ച് രാഷ്ട്രീയനേതാവ് കൂടിയായ മറൈൻ ലെ പെനും ആക്രമണ വിവരം സ്ഥിരീകരിച്ചു.
ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡിൽ സ്‌കൂൾ അധ്യാപകൻ
സാമുവൽ പാറ്റിയെ ചെചെൻ വംശജനായ ഒരാൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ഫ്രാൻസിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ ആക്രമണവും ഉണ്ടായിരിക്കുന്നത്.
വിദ്യാർഥികൾക്ക് ക്ലാസ് എടുക്കവെ മുഹമ്മദ് നബിയുടെ കാരിക്കേച്ചർ കാർട്ടൂണുകൾ പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് അധ്യാപകൻ കൊലചെയ്യപ്പെട്ടത്. അധ്യാപകനെതിരെ സ്കൂളിലെ വിദ്യാർഥിനിയുടെ രക്ഷിതാവ് സോഷ്യൽമീഡിയ വഴി രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് അധ്യാപകൻ കൊല്ലപ്പെട്ടത്.
നൈസ് ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.
പ്രവാചകന്‍റെ കാർട്ടൂണുകൾ പ്രദർശിപ്പിച്ചതുമായി ഇപ്പോഴത്തെ ആക്രമണത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് പറഞ്ഞു. പാറ്റിയുടെ കൊലപാതകത്തിനുശേഷം, ഫ്രാൻസിൽ കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവകാശത്തിനും കൊല്ലപ്പെട്ട അധ്യാപകനു ഐക്യദാർഢ്യം പ്രകടിപ്പിച്ചുംകൊണ്ടും നിരവധി മാർച്ചുകളും പ്രകടനങ്ങളും നടന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഇസ്ലാം വിരുദ്ധ അജണ്ട പിന്തുടരുന്നുവെന്ന് ചില മുസ്ലീം രാജ്യങ്ങളിലെ ഭരണാധികാരികൾ ആരോപിച്ചിരുന്നു. പാകിസ്ഥാനും തുർക്കിയുമൊക്കെ മാക്രോണിനെതിരെ രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.