പാക്കിസ്ഥാനില്‍ അസിം മുനീർ ഫീല്‍ഡ് മാർഷൽ; അയുബ് ഖാന്‍ ഈ പദവിയിലിരുന്നപ്പോള്‍ എന്ത് സംഭവിച്ചു?

Last Updated:

ചരിത്രമെടുത്താല്‍ ഇതിനു മുമ്പും പാക്കിസ്ഥാനില്‍ സൈനിക മേധാവിത്വം ഫീല്‍ഡ് മാര്‍ഷല്‍ പദവി അലങ്കരിച്ചിട്ടുണ്ട്

(IMAGE: AFP)
(IMAGE: AFP)
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ (Pahalgam terror attack) പശ്ചാത്തലത്തില്‍ ഇന്ത്യയുമായുണ്ടായ സംഘര്‍ഷങ്ങള്‍ പാക്കിസ്ഥാനില്‍ രാഷ്ട്രീയപരവും സൈനികപരവുമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടയില്‍ പാക് സൈനിക മേധാവി അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ഭരണകൂടം. ചരിത്രമെടുത്താല്‍ ഇതിനു മുമ്പും പാക്കിസ്ഥാനില്‍ സൈനിക മേധാവിത്വം ഫീല്‍ഡ് മാര്‍ഷല്‍ പദവി അലങ്കരിച്ചിട്ടുണ്ട്. അന്ന് പാക്കിസ്ഥാനില്‍ എന്ത് സംഭവിച്ചു എന്ന് നോക്കാം.
1959-ല്‍ അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന ഇസ്‌കന്ദര്‍ മിര്‍സ ജനാധിപത്യത്തില്‍ നിരാശനായി അന്നത്തെ പാക് സൈനിക മേധാവി അയുബ് ഖാനെ പട്ടാള നിയമം ഏര്‍പ്പെടുത്താന്‍ ക്ഷണിച്ചു. അയൂബ് ഖാനെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയുമെന്ന മുന്‍വിധിയോടെയാണ് ഇസ്‌കന്ദര്‍ മിര്‍സ അദ്ദേഹത്തെ പട്ടാള ഭരണത്തിന്റെ ചുമതല ഏല്‍പ്പിച്ചത്.
1947-ലെ ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ രൂപീകൃതമായതിനുശേഷം തികഞ്ഞ അരാജകത്വം നേരിടുകയായിരുന്നു രാജ്യം. നിരന്തരമായ അവിശ്വാസ പ്രമേയങ്ങളും സഖ്യകക്ഷികളുടെ തകര്‍ച്ചയും പാര്‍ലമെന്ററി സംവിധാനത്തിന്റെ തകര്‍ച്ചയും പാക്കിസ്ഥാനെ തളര്‍ത്തി. ഇസ്ലാമാബാദിലും കിഴക്കന്‍ പാക്കിസ്ഥാനിലും (ഇപ്പോള്‍ ബംഗ്ലാദേശ്) സര്‍ക്കാരിന് സ്വാധീനം നഷ്ടപ്പെട്ടു.
advertisement
രൂപീകരണത്തിനു ശേഷം പാക്കിസ്ഥാന്റെ ഭരണ നേതൃത്വങ്ങള്‍ മാറി മാറി വന്നു. പെട്ടെന്നുള്ള നേതൃ മാറ്റങ്ങള്‍ക്ക് പാക്കിസ്ഥാന്‍ സാക്ഷ്യം വഹിച്ചു. 1947 നും 1958-നുമിടയില്‍ ഏഴ് പ്രധാനമന്ത്രിമാര്‍ വന്നുപോയി. ഇതില്‍ ഒരാളുപോലും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല എന്നതാണ് വസ്തുത. പാര്‍ലമെന്റ് അസ്ഥിരതയിലും വളര്‍ന്നുവരുന്ന സൈനിക മേധാവിത്വത്തിലും ജനാധിപത്യം ദുര്‍ബലമായി തുടര്‍ന്നു.
ഒരിക്കല്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായിരുന്ന മുസ്ലീം ലീഗ് പിളരുകയും നിലം നഷ്ടപ്പെടുകയും ചെയ്തു. എംഎ ജിന്നയുടെയും ലിയാഖത്ത് അലി ഖാന്റെയും മരണത്തോടെ തിരഞ്ഞെടുക്കപ്പെടാത്ത ഉദ്യോഗസ്ഥര്‍ അധികാരത്തിലെത്തുകയും ചെയ്തു.
advertisement
1956-ല്‍ ഒരു പുതിയ ഭരണഘടനയിലൂടെ പാക്കിസ്ഥാന്‍ റിപ്പബ്ലിക്ക് ആയെങ്കിലും രാഷ്ട്രീയ സ്ഥിരത കൈവരിക്കുന്നതില്‍ അപ്പോഴും രാജ്യം പരാജയപ്പെട്ടു. ഇതോടെ ഇസ്‌കന്ദര്‍ മിര്‍സ 1956-ലെ ഭരണഘടന നിര്‍ത്തലാക്കുകയും പട്ടാള നിയമം പ്രഖ്യാപിക്കുകയും ചെയ്തു. 1958 ഒക്ടോബര്‍ ഏഴിന് ജനറല്‍ അയുബ് ഖാനെ ചീഫ് മാര്‍ഷല്‍ ലോ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു.
പ്രസിഡന്റ് പദവിയിലിരുന്ന് താന്‍ ചരടുവലിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്ന വിശ്വസ്തനായ കീഴുദ്യോഗസ്ഥനായിരിക്കും അയുബ് ഖാനെന്നാണ് മിര്‍സ കരുതിയത്. എന്നാല്‍ അയുബിന്റെ നീക്കങ്ങള്‍ വേഗത്തിലുള്ളതായിരുന്നു. പാക്കിസ്ഥാന്റെ ആദ്യത്തെ സൈനിക ഭരണാധികാരിയായി അയുബ് ഖാന്‍ സ്വയം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു.
advertisement
ഇതിലെ ശ്രദ്ധേയമായകാര്യം 1959-ല്‍ അയുബ് അധികാരമേറ്റപ്പോള്‍ തന്നെ അധികാരത്തില്‍ പിടി ഉറപ്പിക്കാനായി അദ്ദേഹം ആദ്യം ചെയ്തത് സ്വയം ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കി എന്നതാണ്. സൈനിക, സിവിലിയന്‍ നേതൃത്വത്തിന് മുകളില്‍ സ്വയം പ്രതിഷ്ഠിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ നീക്കം പ്രതീകാത്മകവും രാഷ്ട്രീയപരവുമായിരുന്നു.
മാധ്യമ സെന്‍സര്‍ഷിപ്പും പ്രസിഡന്റ് സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണവും അയുബ് ഖാന്‍ കൊണ്ടുവന്നു. സൈനിക പിന്തുണയോടെയുള്ള അദ്ദേഹത്തിന്റെ ഭരണം പാക്കിസ്ഥാനില്‍ 1969 വരെ നീണ്ടു. പാക്കിസ്ഥാനില്‍ പതിറ്റാണ്ടുകളുടെ സൈനിക ആധിപത്യത്തിന് അടിത്തറ പാകികൊണ്ടുള്ളതായിരുന്നു അയുബ് ഖാന്റെ ഭാരണം.
advertisement
2025-ല്‍ എത്തിനില്‍ക്കുമ്പോള്‍ പാക്കിസ്ഥാന് ഇതാ വീണ്ടും പുതിയ ഫീല്‍ഡ് മാര്‍ഷലിനെ ലഭിച്ചിരിക്കുകയാണ്; ജനറല്‍ അസിം മുനീര്‍. അയുബ് ഖാന് ശേഷം ഈ പദവി ലഭിക്കുന്ന ആദ്യ സൈനിക മേധാവിയാണ് അസിം മുനീര്‍.
ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ പാക്കിസ്ഥാന് മേല്‍ക്കോയ്മ നഷ്ടപ്പെടുകയും കനത്ത നഷ്ടം അഭിമുഖീകരിക്കുകയും ചെയ്ത സാഹചര്യത്തിനു പിന്നാലെയാണ് സൈനിക മേധാവി അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ ആയി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. മേയ് 20-നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
advertisement
കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22-ന് നടന്ന ഭീകരാക്രമണത്തില്‍ 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. പാക്കിസ്ഥാന്റെ പിന്തുണയോടെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ ശക്തമായ മറുപടി നല്‍കി. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തു. പാക്കിസ്ഥാന്‍ ഭീകര താവളങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യ അവരുടെ സൈനിക പോസ്റ്റുകളും വ്യോമതാവളങ്ങളും ആക്രമിച്ച് പാക്കിസ്ഥാന് വലിയ നഷ്ടമുണ്ടാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് മുനീറിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകളെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തുന്നതിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു. 1947-ല്‍ ഇന്ത്യ-പാക് വിഭജനത്തിലേക്ക് നയിച്ച 'ദ്വിരാഷ്ട്ര സിദ്ധാന്ത'ത്തെയും അദ്ദേഹം പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
advertisement
ഫീല്‍ഡ് മാര്‍ഷല്‍ പദവി ഇപ്പോള്‍ പ്രതീകാത്മകമാണെങ്കിലും സൈന്യം പ്രകടനം നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഈ നീക്കം അയുബ് ഖാനെക്കുറിച്ചും പാകിസ്ഥാന്‍ സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീണതിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
പാക്കിസ്ഥാനില്‍ അസിം മുനീർ ഫീല്‍ഡ് മാർഷൽ; അയുബ് ഖാന്‍ ഈ പദവിയിലിരുന്നപ്പോള്‍ എന്ത് സംഭവിച്ചു?
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement