കാനഡ പ്രധാനമന്ത്രിയുമായി അഭിപ്രായ വ്യത്യാസം; ഉപപ്രധാനമന്ത്രി രാജിവെച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ക്രിസ്റ്റിയ രാജി വെച്ചതിന് പിന്നാലെ ട്രൂഡോയും സ്ഥാനമൊഴിയുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് അത് നിരസിച്ചു
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ ട്രൂഡോയുമായി വിയോജിപ്പ് ഉണ്ടാകുകയും അപ്രതീക്ഷിത നീക്കത്തിലൂടെ രാജി പ്രഖ്യാപിക്കുകയുമായിരുന്നു. 56കാരിയായ ക്രിസ്റ്റിയ ധനമന്ത്രി സ്ഥാനവും ഒഴിഞ്ഞിരുന്നു. ട്രൂഡോക്കെതിരേ അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കുള്ളിലെ ആദ്യ വിയോജിപ്പ് ഇത് തുറന്നുകാട്ടുന്നു. ക്രിസ്റ്റിയയുടെ രാജി അധികാരത്തില്‍ തുടരുന്നതിന് ട്രൂഡോയ്ക്ക് ഭീഷണിയായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ലിബറല്‍ നേതാവായ ട്രൂഡോ പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോയിലീവ്രെയേക്കാള്‍ 20 പോയിന്റ് പിന്നിലാണ്. സെപ്റ്റംബര്‍ മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനും പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് നടത്താനും പിയറി ശ്രമിക്കുന്നുണ്ട്.
''രാജ്യം ഇന്ന് വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന്'' കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ആസൂത്രണം ചെയ്ത 25 ശതമാനം താരിഫുകള്‍ ചൂണ്ടിക്കാട്ടി ട്രൂഡോയ്ക്ക് നല്‍കിയ രാജിക്കത്തില്‍ ക്രിസ്റ്റിയ പറഞ്ഞു.
''കാനഡയുടെ മുന്നോട്ടുള്ള യാത്ര സംബന്ധിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഞാനും നിങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്,'' അവര്‍ പറഞ്ഞു.
advertisement
2013ലാണ് ക്രിസ്റ്റിയ ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന അവര്‍ രണ്ടു വര്‍ഷത്തിന് ശേഷം ലിബറുകള്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ട്രൂഡോയുടെ മന്ത്രിസഭയില്‍ ചേര്‍ന്നു. വ്യാപാരം, വിദേശകാര്യമന്ത്രി തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ച അവര്‍ യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
യുഎസില്‍ ട്രംപ് അധികാരത്തിലെത്തുന്നതോടെ കാനഡയുടെ പ്രതികരണം അറിയിക്കുന്നതിന് ക്രിസ്റ്റിയെ ചുമതലപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ധനമന്ത്രിയായ ആദ്യ വനിത എന്ന നിലയില്‍ ട്രൂഡോയുടെ പിന്‍ഗാമിയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
advertisement
ക്രിസ്റ്റിയ ധനമന്ത്രിസ്ഥാനം രാജിവെച്ചതോടെ പൊതു സുരക്ഷാ വകുപ്പ് മന്ത്രിയായ ഡൊമിനിക് ലെബ്ലാങ്ക് പുതിയ ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലെബ്ലാങ്ക് ട്രംപുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ് ഇപ്പോള്‍. കൂടാതെ വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.
കാനഡയുടെ പ്രധാന വ്യാപാര പങ്കാളി യുഎസ് ആണ്. ആകെ കയറ്റുമതിയുടെ 75 ശതമാനവും യുഎസുമായാണ് നടക്കുന്നത്.
കഴിഞ്ഞ മാസം ട്രൂഡോ ഫ്‌ളോറിഡയില്‍ എത്തുകയും ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാര്‍-എ-ലാഗോ റിസോര്‍ട്ടിലെത്തി അത്താഴം കഴിക്കുകയും ചെയ്തിരുന്നു. താരിഫ് ഭീഷണി ഒഴിവാക്കാനായിരുന്നു ഈ ശ്രമം. എന്നാല്‍, തന്റെ ഭീഷണി ഒഴിവാക്കുന്നത് സംബന്ധിച്ച് ട്രംപ് ഒരു സൂചനയും ഇതുവരെ നല്‍കിയിട്ടില്ല.
advertisement
അതേസമയം, ക്രിസ്റ്റിയയ്ക്ക് മറ്റൊരു പദവി നല്‍കാമെന്ന് ട്രൂഡോ പറഞ്ഞെങ്കിലും അവര്‍ വഴങ്ങിയില്ല. ട്രംപിന്റെ താരിഫ് ഭീഷണികളെ രാജ്യം അങ്ങേയറ്റം ഗൗരവത്തോടെ എടുക്കേണ്ടതുണ്ടെന്ന് രാജിക്കത്തില്‍ അവര്‍ പറഞ്ഞു. ഇത് അമേരിക്കയുമായുള്ള ഒരു താരിഫ് യുദ്ധത്തിലേക്ക് നയിക്കുമെന്നും അവര്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കി.
ഡാല്‍ഹൗസി യൂണിവേഴ്‌സിറ്റി പ്രൊഫസറായ ലോറി ടേണ്‍ബുള്‍ ക്രിസ്റ്റിയയുടെ രാജിയെ ''സമ്പൂര്‍ണ ദുരന്തം'' എന്നാണ് വിശേഷിപ്പിച്ചത്. ട്രൂഡോയില്‍ ആത്മവിശ്വാസത്തിന് കുറവുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും അവര്‍ ഫറഞ്ഞു. ട്രൂഡോയ്ക്ക് പ്രധാനമന്ത്രിയായി തുടരുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു.
advertisement
ഭവനമന്ത്രി സീന്‍ ഫ്രേസര്‍ തിങ്കളാഴ്ച രാജിവെച്ചിരുന്നു. ഇത് ട്രൂഡോയ്ക്ക് മറ്റൊരു തിരിച്ചടിയായിരുന്നു.
2025 ഒക്ടോബറില്‍ നടക്കുമെന്ന് കരുതുന്ന അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ക്രിസ്റ്റിയ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ തന്നെ ലിബറലുകളെ നയിക്കുമെന്ന് ട്രൂഡോ സൂചന നല്‍കിയിരുന്നു. ക്രിസ്റ്റിയ രാജി വെച്ചതിന് പിന്നാലെ ട്രൂഡോയും സ്ഥാനമൊഴിയുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് അത് നിരസിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
December 17, 2024 12:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കാനഡ പ്രധാനമന്ത്രിയുമായി അഭിപ്രായ വ്യത്യാസം; ഉപപ്രധാനമന്ത്രി രാജിവെച്ചു