• HOME
 • »
 • NEWS
 • »
 • world
 • »
 • Pakistan | പാകിസ്ഥാനിലെ അധികാരമാറ്റം; ഇന്തോ-പാക് ഉഭയകക്ഷി ചർച്ചകൾ പുനഃരാരംഭിക്കാനുള്ള സാധ്യത തെളിയുന്നോ?

Pakistan | പാകിസ്ഥാനിലെ അധികാരമാറ്റം; ഇന്തോ-പാക് ഉഭയകക്ഷി ചർച്ചകൾ പുനഃരാരംഭിക്കാനുള്ള സാധ്യത തെളിയുന്നോ?

ഇന്ത്യയുമായുള്ള ബന്ധത്തിൻെറ കാര്യത്തിൽ ഷെഹബാസ് പുതിയ നയം തയ്യാറാക്കുമെന്ന് അദ്ദേഹത്തിൻെറ അടുപ്പക്കാരനും മുസ്ലീം ലീഗ്-നവാസ് നിയമസഭാംഗവുമായ സമിയുള്ള ഖാൻ

 • Share this:
  പാകിസ്ഥാനിൽ (Pakistan) ഇമ്രാൻ ഖാൻ (Imran Khan) അധികാരത്തിൽ നിന്ന് പുറത്തായി പകരം ഷെഹബാസ് ഷെരീഫിൻെറ (Shehbaz Sherif) നേതൃത്വത്തിലുള്ള പുതിയ സർക്കാർ വരുന്നതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കാൻ അവസരമൊരുങ്ങിയേക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മുൻപ് മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ് ഷെഹബാസ് ഷെരീഫ്. ഇക്കഴിഞ്ഞ കാലയളവിൽ ഷെഹബാസിൻെറ രാഷ്ട്രീയജീവിതം എതിരാളികൾക്ക് പോലും മതിപ്പുള്ളതാണ്. വ്യക്തമായ നിലപാടുകളുള്ള നേതാവായിട്ടാണ് ഷെഹബാസ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

  ഇന്ത്യയുമായുള്ള ബന്ധത്തിൻെറ കാര്യത്തിൽ ഷെഹബാസ് പുതിയ നയം തയ്യാറാക്കുമെന്ന് അദ്ദേഹത്തിൻെറ അടുപ്പക്കാരനും മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നിയമസഭാംഗവുമായ സമിയുള്ള ഖാൻ പിടിഐയോട് പറഞ്ഞു. "ഷെഹ്ബാസിന്റെ കീഴിൽ പാകിസ്ഥാൻ ഇന്ത്യയുമായുള്ള ബന്ധത്തിൽ പുതിയ നയം കൊണ്ടുവരും. അടിസ്ഥാനപരമായി ഇമ്രാൻ ഖാൻ ഭരണകൂടത്തിന് ഇന്ത്യയോട് ദുർബലമായ നയങ്ങളാണ് ഉണ്ടായിരുന്നത്. അത് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ ഇന്ത്യയെ അനുവദിച്ചു. ഇക്കാര്യത്തിൽ ഖാന് നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ," അദ്ദേഹം പറഞ്ഞു.

  2014ൽ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ച ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കണമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ഡോ. ഹസൻ അസ്‌കരിയും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ ആരംഭിക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ചർച്ചകൾ നിർത്തിവെച്ചത് ഇന്ത്യയായതിനാൽ പുനരാരംഭിക്കേണ്ട ഉത്തരവാദിത്വവും ഇന്ത്യക്ക് തന്നെയാണുള്ളത്. പാക്കിസ്ഥാനിലെ ഒരു സർക്കാരും സംഭാഷണങ്ങൾക്ക് തയ്യാറാവാതിരുന്നിട്ടില്ല, ”അദ്ദേഹം പറഞ്ഞു.

  Also Read-Shehbaz Sharif| ഷഹബാസ് ഷരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രി; വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇമ്രാൻ ഖാൻ

  2018ൽ അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ
  വീണ്ടും തർക്കമുണ്ടായി. പിന്നീട് പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും ചർച്ചകളൊന്നും നടന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇരുരാജ്യങ്ങളും വീണ്ടും അകന്നു. നിലവിൽ സംയുക്ത പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇമ്രാൻ ഖാൻ സർക്കാരിൻെറ വിധി നിർണയിച്ചിരിക്കുകയാണ്. ഇമ്രാൻ ഖാൻ പാകിസ്ഥാൻെറ വിദേശനയം തകർത്തുവെന്ന് ഷെഹബാസ് ഷെരീഫ് വിമർശിച്ചിട്ടുണ്ട്. ഷെഹബാസിൻെറ വരവോടെ ഇസ്‌ലാമാബാദും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് തന്നെയാണ് രാഷ്ട്രീയ വിദഗ്ദരുടെ നിരീക്ഷണം.

  നവാസ് ഷെരീഫിൻെറ പിൻഗാമിയായി പുതിയ പ്രധാനമന്ത്രി മാറുമെന്നാണ് പ്രതീക്ഷകൾക്ക് കാരണം. പിഎംഎൽ-എന്നിന്റെ സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങളെല്ലാം ഇപ്പോഴും എടുക്കുന്നത് നവാസ് ഷെരീഫ് തന്നെയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പം സൂക്ഷിക്കുന്ന നേതാവ് കൂടിയാണ് നവാസ് ഷെരീഫ്. മോദിയുടെ സുഹൃത്ത് എന്ന നിലയിൽ പാകിസ്ഥാനിലെ പ്രതിപക്ഷത്തിൽ നിന്ന് വിമർശനം ഏറ്റുവാങ്ങേണ്ടി വരുമെന്നതാണ് ഷെഹബാസ് ഷെരീഫിന് മുന്നിലുള്ള ഒരു പ്രധാന വെല്ലുവിളി. കശ്മീരിൻെറ പ്രത്യേക പദവി പുനസ്ഥാപിക്കാൻ ഇന്ത്യക്ക് മേൽ അദ്ദേഹം സമ്മർദ്ദം ചെലുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നുണ്ട്.

  "ഖാനെപ്പോലെയല്ല, ഷെഹ്ബാസിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്റെ വ്യക്തമായ നിലപാടുള്ള രാഷ്ട്രീയ നേതൃത്വത്തോട് ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവും. രാജ്യത്തിൻെറ ആവശ്യങ്ങൾ പരിഗണിക്കപ്പെടും," പിഎംഎൽ-എൻ വക്താവായ ഉസ്മ ബൊഖാരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
  Published by:Jayesh Krishnan
  First published: