ട്രംപിനെച്ചൊല്ലി തർക്കം; അമേരിക്കയിൽ പിതാവ് 23-കാരിയെ വെടിവച്ചുകൊന്നു
- Published by:Sneha Reghu
- news18-malayalam
Last Updated:
രാഷ്ട്രീയമായ വിയോജിപ്പുകളും തോക്ക് സംസ്കാരവും എത്രത്തോളം അപകടകരമായി മാറുന്നു എന്നതിന്റെ നേർച്ചിത്രമാണ് ഈ സംഭവം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പിതാവ് മകളെ കൊലപ്പെടുത്തി. 23 വയസ്സുകാരിയായ ബ്രിട്ടീഷ് യുവതി ലൂസി ഹാരിസണെയാണ് പിതാവ് ക്രിസ് ഹാരിസൺ വെടിവച്ചു കൊന്നത്. ടെക്സസിലെ പിതാവിന്റെ വസതിയിൽ വെച്ചായിരുന്നു സംഭവം.
യുകെയിലെ വാറിംഗ്ടണിൽ നിന്നുള്ള ലൂസി ഹാരിസൺ, ക്രിസ്മസ് അവധി ആഘോഷിക്കാനാണ് കാമുകൻ സാം ലിറ്റ്‌ലറുമൊത്ത് ടെക്സസിലുള്ള പിതാവിനെ സന്ദർശിക്കാനെത്തിയത്. 2025 ജനുവരി 10-ന് മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ഇരുവരും തമ്മിൽ തർക്കം നടന്നത്. സ്ത്രീകളോടുള്ള ട്രംപിന്റെ സമീപനത്തെക്കുറിച്ച് ലൂസി ചോദിച്ചപ്പോൾ പിതാവ് നൽകിയ മറുപടി അവളെ വേദനിപ്പിച്ചു. ഇതിനുപുറമെ പിതാവിന്റെ മദ്യപാനത്തെയും തോക്കുകൾ കൈവശം വെക്കുന്നതിനെയും ലൂസി എതിർത്തിരുന്നു.
"ട്രംപ് മോശമായി പെരുമാറിയ പെൺകുട്ടി ഞാനായിരുന്നെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു?" എന്ന ലൂസിയുടെ ചോദ്യത്തിന്, തനിക്ക് വേറെയും പെൺമക്കളുണ്ടെന്നും അതൊന്നും തന്നെ ബാധിക്കില്ലെന്നുമായിരുന്നു മദ്യലഹരിയിലായിരുന്ന ക്രിസിന്റെ മറുപടി.
advertisement
യാത്രയ്ക്ക് അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ, തന്റെ ഗ്ലോക്ക് 9 എംഎം ഹാൻഡ്ഗൺ കാണിക്കാനായി ക്രിസ് മകളെ കിടപ്പുമുറിയിലേക്ക് വിളിച്ചു. തോക്ക് കയ്യിലെടുത്തപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് ക്രിസ് കോടതിയെ അറിയിച്ചത്.
എന്നാൽ താഴത്തെ നിലയിലായിരുന്ന കാമുകൻ ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ലൂസിയെയും അലറിക്കരയുന്ന ക്രിസിനെയുമാണ്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം യുകെയിലെ ചെഷയർ കൊറോണർ കോടതിയിൽ നടന്ന ഇൻക്വയറിയിലൂടെയാണ് ഈ വിവരങ്ങൾ പുറംലോകമറിഞ്ഞത്. വിദേശത്ത് മരിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ മരണം ഔദ്യോഗികമായി അന്വേഷിക്കണമെന്ന നിയമപ്രകാരമാണ് ഈ സംഭവം കണ്ടെത്തിയത്. രാഷ്ട്രീയമായ വിയോജിപ്പുകളും തോക്ക് സംസ്കാരവും എത്രത്തോളം അപകടകരമായി മാറുന്നു എന്നതിന്റെ നേർച്ചിത്രമായി ഈ സംഭവം മാറി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Feb 11, 2026 6:11 PM IST










