ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ പുരസ്ക്കാരം ഫ്രഞ്ച് നോവലിസ്റ്റായ ഡേവിഡ് ഡിയോപ്പിന്. 'അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത അദ്ദേഹത്തിന്റെ ആദ്യ നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്. ഇതോടെ ഇന്റർനാഷണൽ ബുക്കർ പുരസ്ക്കാരം നേടിയ ആദ്യ ഫ്രഞ്ച് നോവലിസ്റ്റ് എന്ന നേട്ടം കൂടി ഡേവിഡ് ഡിയോപ്പ് സ്വന്തമാക്കി.
രണ്ട് നോവലുകളാണ് ഡിയോപ്പ് ഇതുവരെ രചിച്ചിട്ടുള്ളത്. ഡിയോപ്പും അദ്ദേഹത്തിന്റെ പരിഭാഷകയായ അന്ന മോസ്കോവാകിസും ചേർന്നാണ് 50,000 ഡോളർ വാർഷിക സമ്മാനം പങ്കിട്ടത്. അതായത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഒരു കൃതിയുടെ ഏറ്റവും മികച്ച രചയിതാവിനും വിവർത്തകയ്ക്കും ചേർന്നാണ് സമ്മാനം ലഭിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിനുവേണ്ടി പോരാടുന്ന സെനഗൽ പട്ടാളക്കാരനായ ആൽഫ എൻഡിയെ ആണ് 'അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന നോവലിലെ പ്രധാന കഥാപാത്രം. യുദ്ധത്തിൽ ബാല്യകാല സുഹൃത്തിന്റെ മരണത്തിന് സാക്ഷിയാകേണ്ടി വന്ന നായകൻ പിന്നീട് എതിരാളികളായ ജർമ്മൻ പട്ടാളക്കാരോട് കാണിക്കുന്ന ക്രൂരതയാണ് നോവലിലെ പ്രധാന ഭാഗം.
Also Read 'ഒരു പദവിയും ഏറ്റെടുക്കാനില്ല'; ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനത്തേക്കില്ലെന്ന് ജോസ് കെ.മാണി
സെനഗലീസുകാരനായ തന്റെ മുത്തച്ഛന്റെ യുദ്ധസമയത്തെ നിശബ്ദതയാണ് പുസ്തകം എഴുതാൻ ഡിയോപ്പിന് പ്രചോദനമായത്. “തന്റെ അനുഭവത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും ഭാര്യയോടോ അമ്മയോടോ പോലും പറഞ്ഞില്ല. അതുകൊണ്ട് തന്നെയാണ് ആ പ്രത്യേക യുദ്ധത്തെക്കുറിച്ച് അറിയാൻ താൻ കൂടുതൽ താത്പര്യം കാണിച്ചതെന്ന് ഡിയോപ്പ് അടുത്തിടെ ബിബിസിയോട് പറഞ്ഞു.
'അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്' അസാധാരണമായ ഒരു നോവൽ ആണെന്ന് വിധികർത്താക്കളിൽ ഒരാളും ചരിത്രകാരിയുമായ ലൂസി ഹ്യൂസ്-ഹാലെറ്റ് പറഞ്ഞു. “ഈ പുസ്തകം ഭയപ്പെടുത്തുന്നതാണ് - ഇത് വായിക്കുമ്പോൾ, നിങ്ങൾ ഹിപ്നോട്ടൈസ് ചെയ്യപ്പെടുന്നുവെന്ന് നിങ്ങൾക്ക് തോന്നുമെന്നും,” ഹ്യൂസ് ഹാലറ്റ് പറഞ്ഞു. “നിങ്ങളുടെ മനസ്സ് പുതിയ ചിന്തകളിലേക്ക് തുറക്കപ്പെടുന്നു. ഇത് അസാധാരണമായ ആഖ്യാനമാണ്, വളരെ ശക്തവും വളരെ ആകർഷകവുമാണെന്നും” ഹാലറ്റ് കൂട്ടിച്ചേർത്തു.
“ഇത് യുദ്ധത്തെക്കുറിച്ച് മാത്രമുള്ള ഒരു കഥയല്ല പ്രണയത്തെയും യുദ്ധത്തിൽ ഒരുമിച്ച് പോരാടുന്ന ചെറുപ്പക്കാരുടെ പോരാട്ട വീര്യത്തെക്കുറിച്ചും പരസ്പരം മരണത്തിന് മുന്നിൽ കീഴടങ്ങേണ്ടി വരുന്നവരെക്കുറിച്ചുമുള്ള കഥയാണെന്നും“ ഹാലറ്റ് പറഞ്ഞു. ഇത് ഭാഷയെക്കുറിച്ചുള്ള ഒരു കഥ കൂടിയാണ്. നായകൻ കൂടുതലും ഫ്രഞ്ചിലാണ് സംസാരിക്കുന്നത്. കാരണം ഇത് ഫ്രഞ്ച് ഭാഷയിൽ എഴുതിയ ഒരു കഥയാണ്. എന്നാൽ ഞങ്ങൾ ഇംഗ്ലീഷിൽ വായിക്കുന്നു. സ്വന്തം ഭാഷയ്‌ക്ക് പുറത്ത് ചിന്തിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കി അദൃശ്യമായ ഭാഷ സൃഷ്ടിക്കുന്നതിൽ ഡിയോപ്പ് വിജയിച്ചുവെന്നും ഹ്യൂസ്-ഹാലറ്റ് പറഞ്ഞു.
1966ൽ പാരീസിൽ ജനിച്ച ഡിയോപ്പിന്റെ അമ്മ ഫ്രഞ്ചുകാരിയും പിതാവ് സെനഗലീസുകാരനുമാണ്. ഫ്രാൻസിലേയ്ക്ക് പഠനത്തിനായി പോകുന്നതിന് മുമ്പ് ഡിയോപ്പ് തന്റെ കുട്ടിക്കാലം ചെലവഴിച്ചത് സെനഗലിൽ ആയിരുന്നു. 2018ൽ പ്രസിദ്ധീകരിച്ചതു മുതൽ, 'അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്' ഫ്രാൻസിൽ ബെസ്റ്റ് സെല്ലറാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.