• HOME
 • »
 • NEWS
 • »
 • world
 • »
 • മതസ്വാതന്ത്ര്യ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൊണാൾഡ് ട്രംപ് ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ്

മതസ്വാതന്ത്ര്യ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൊണാൾഡ് ട്രംപ് ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ്

പ്രധാനമന്ത്രി മോദിയുമായി സി‌എ‌എയെ കുറിച്ചോ എൻആർസിയെ കുറിച്ചോ സംസാരിക്കാൻ പ്രസിഡന്റ് തയാറാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉദ്യോഗസ്ഥൻ.

News18 Malayalam

News18 Malayalam

 • Share this:
  വാഷിംഗ്ടൺ: ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മതസ്വാതന്ത്ര്യ വിഷയം ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളോട് യുഎസിന് വലിയ ബഹുമാനമുണ്ടെന്നും അത് പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഒരു വസ്തുതാ രേഖ പ്രസിദ്ധീകരിച്ചിരുന്നു. പൗരത്വ (ഭേദഗതി) നിയമം ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട തകർച്ചയാണ് കാണിക്കുന്നതെന്നും ഈ രേഖയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

  "ജനാധിപത്യത്തെയും മതസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് പ്രസിഡന്റ് ട്രംപ് തന്റെ പ്രസംഗങ്ങളിലും പിന്നീട് സ്വകാര്യമായും സംസാരിക്കും. അദ്ദേഹം ഈ വിഷയങ്ങൾ ഉന്നയിക്കും, പ്രത്യേകിച്ചും മതസ്വാതന്ത്ര്യ പ്രശ്നം, " വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായി സി‌എ‌എയെ കുറിച്ചോ എൻആർസിയെ കുറിച്ചോ സംസാരിക്കാൻ പ്രസിഡന്റ് തയാറാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉദ്യോഗസ്ഥൻ.

  Also Read- മെലേനിയ ട്രംപ് പങ്കെടുക്കുന്ന ഹാപ്പിനസ് ക്ലാസ്; ക‌െജ്രിവാളും മനിഷ് സിസോദിയയും പുറത്ത്

  മതപരമായ പീഡനത്തെത്തുടർന്ന് 2014 ഡിസംബർ 31 വരെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതിനാണ് സിഎഎ കൊണ്ടുവന്നത്. 1971 മാർച്ച് 24 മുതലോ അതിനുമുമ്പോ അതിന് മുൻപോ അസമിൽ താമസിക്കുന്ന യഥാർത്ഥ ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയാനും സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ തിരിച്ചറിയാനുമാണ് എൻആർസി തയാറാക്കിയത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരമായിരുന്നു ഇത് സംസ്ഥാനത്ത് നടപ്പാക്കിയത്.

  “നിങ്ങൾ ഉന്നയിച്ച ചില പ്രശ്നങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്,” സി‌എ‌എയെയും എൻ‌ആർ‌സിയെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പുതിയ നിയമം ഒരു പൗരത്വ അവകാശത്തെയും നിഷേധിക്കില്ലെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അയൽരാജ്യങ്ങളിലെ അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും അവർക്ക് പൗരത്വം നൽകാനുമാണ് ബിൽ കൊണ്ടുവന്നത്. സി‌എ‌എ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അയൽ‌രാജ്യങ്ങളിലെ അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

  Also Read- ഡൊണാൾഡ് ട്രംപിന്റെ കന്നി ഇന്ത്യാ സന്ദർശനം; അറിയാം ഈ അഞ്ച് കാര്യങ്ങൾ

  പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രസി‍ഡന്റ് ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും ഇന്ത്യ ജനാധിപത്യ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും മതന്യൂനപക്ഷങ്ങളോടുള്ള ആദരവ് തുടരുന്നതും ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മതസ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങളോടുള്ള ബഹുമാനം, എല്ലാ മതങ്ങളോടും തുല്യമായി പെരുമാറുക.- എന്നിവയെല്ലാം ഇന്ത്യൻ ഭരണഘടനയിലുള്ളതാണ്''. ഇന്ത്യയ്ക്ക് ശക്തമായ ജനാധിപത്യ അടിത്തറയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മതം, ഭാഷ, സാംസ്കാരിക വൈവിധ്യങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഇന്ത്യയെന്നും കൂട്ടിച്ചേർത്തു.
  Published by:Rajesh V
  First published: