യുഎസ് പ്രഥമ വനിത പങ്കെടുക്കുന്ന ഡൽഹി സർക്കാർ സ്കൂളിലെ ഹാപ്പിനസ് ക്ലാസ്; കെജ്രിവാളും മനിഷ് സിസോദിയയും പുറത്ത്
യുഎസ് പ്രഥമ വനിത പങ്കെടുക്കുന്ന ഡൽഹി സർക്കാർ സ്കൂളിലെ ഹാപ്പിനസ് ക്ലാസ്; കെജ്രിവാളും മനിഷ് സിസോദിയയും പുറത്ത്
ചൊവ്വാഴ്ച സൗത്ത് ഡൽഹി സ്കൂളിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലേനിയ ട്രംപ് ‘ഹാപ്പിനസ് ക്ലാസ്’ കാണാനെത്തുന്നത്. കെജ്‍രിവാളിന്റെയും സിസോദിയയുടെയും പേരുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനിടെ ഡൽഹിയിലെ സർക്കാർ സ്കൂളിൽ യുഎസ് പ്രഥമ വനിത മെലേനിയ ട്രംപ് പങ്കെടുക്കുന്ന പരിപാടിയിൽനിന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പുറത്ത്. ചൊവ്വാഴ്ച സൗത്ത് ഡൽഹി സ്കൂളിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലേനിയ ട്രംപ് ‘ഹാപ്പിനസ് ക്ലാസ്’ കാണാനെത്തുന്നത്. കെജ്‍രിവാളിന്റെയും സിസോദിയയുടെയും പേരുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കെജ്രിവാളും സിസോദിയയും ചേർന്നു മെലേനിയയെ സ്വീകരിക്കാനായിരുന്നു മുൻ തീരുമാനം. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണു ഡൽഹിയിലെ സ്കൂളിൽ മെലേനിയ വിശിഷ്ടാതിഥിയായി പങ്കെടുക്കുക. ഒരു മണിക്കൂറോളം സ്കൂളിൽ ചെലവിടുന്ന മെലേനിയ വിദ്യാർഥികളുമായി സംവദിക്കും. സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടു വർഷം മുമ്പ് സിസോദിയയാണ് ‘ഹാപ്പിനസ് കരിക്കുലം’ അവതരിപ്പിച്ചത്. ധ്യാനം, കളി തുടങ്ങിയവയാണ് 40 മിനിറ്റുള്ള ക്ലാസിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ചർച്ചകൾ നടത്തുന്ന സമയത്തു മെലേനിയ തനിച്ചാണു സ്കൂൾ സന്ദർശിക്കുക എന്നാണു വിവരം. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ഒഴിവാക്കിയതിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണ കുറിപ്പൊന്നും പുറത്ത് വന്നിട്ടില്ല.
ഫെബ്രുവരി 24നാണ് ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിലെത്തുന്നത്. തുടർന്ന് ട്രംപും മെലേനിയയും അഹമ്മദാബാദിൽ 22 കിലോമീറ്റർ റോഡ്ഷോയിൽ മോദിയോടൊപ്പം പങ്കെടുക്കും. 24നും 25നും അഹമ്മദാബാദ്, ആഗ്ര, ഡൽഹി എന്നിവിടങ്ങളിൽ പരിപാടികളിൽ പങ്കെടുക്കും. 24നു ലോകത്തിലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ വല്ലഭ്ഭായ് പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മോദിയും ട്രംപും ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കും. ഇതിനുശേഷം താജ്മഹൽ സന്ദർശം. തുടർന്നു ഡൽഹിക്കു തിരിക്കും. 25നു ട്രംപിനും സംഘത്തിനും രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വരവേൽപ്പുണ്ടാകും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.