എച്ച്-1ബി വിസ വലിയ തട്ടിപ്പെന്ന് സാമ്പത്തികശാസ്ത്രജ്ഞന്‍; ചെന്നൈയ്ക്ക് മാത്രം 2.20 ലക്ഷം വിസ!
- Published by:meera_57
- news18-malayalam
Last Updated:
എച്ച്-1ബി വിസയില്‍ 71 ശതമാനം ഇന്ത്യയില്‍ നിന്നാണെന്നും ചൈനയില്‍ നിന്ന് 12 ശതമാനം മാത്രമാണെന്നും ബ്രാറ്റ്
അമേരിക്കന്‍ എച്ച്-1ബി വിസ പ്രോഗ്രാമില്‍ വന്‍തോതിലുള്ള തട്ടിപ്പും ക്രമക്കേടും നടന്നതായി യുഎസ് പ്രതിനിധിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ഡേവ് ബ്രാറ്റിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ ഒരു ജില്ലയ്ക്ക് മാത്രം രാജ്യവ്യാപകമായി അനുവദിച്ചിട്ടുള്ള മൊത്തം വിസകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എച്ച്-1ബി വിസ നടപടികള്‍ ശക്തമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ട്രംപ് ഭരണകൂടം. ഇതിനിടയിലാണ് ബ്രാറ്റിന്റെ പരാമര്‍ശങ്ങള്‍ പുറത്തുവരുന്നത്.
ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് ഡോ. ഡേവ് ബ്രാറ്റ് (Dr Dave Brat) ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യയില്‍ നിന്നുള്ള വിസ വിഹിതം നിയമപരമായ പരിധി ലംഘിച്ചതായും എച്ച്-1ബി വിസ പ്രോഗ്രാം വ്യാവസായിക തലത്തിലുള്ള വലിയ തട്ടിപ്പാണെന്നും ബ്രാറ്റ് അവകാശപ്പെട്ടു. എച്ച്-1ബി വിസ അപേക്ഷകളില്‍ ഇന്ത്യക്കാരുടെ അമിതമായ പങ്കിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
എച്ച്-1ബി വിസയില്‍ 71 ശതമാനം ഇന്ത്യയില്‍ നിന്നാണെന്നും ചൈനയില്‍ നിന്ന് 12 ശതമാനം മാത്രമാണെന്നും ഇത് എന്തോ നടക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നതെന്നും ബ്രാറ്റ് പറഞ്ഞു.
advertisement
"എച്ച്-1ബി വിസകളുടെ പരിധി ആകെ 85,000 മാത്രമാണ്. എന്നാല്‍, ഇന്ത്യയിലെ ഒരു ജില്ലയ്ക്ക് (ചെന്നൈ) മാത്രം 2,20,000 വിസകള്‍ ലഭിച്ചു. കോണ്‍ഗ്രസ് നിശ്ചയിച്ച പരിധിയുടെ രണ്ടര ഇരട്ടിയാണിത്. അതാണ് തട്ടിപ്പ്", ബ്രാറ്റ് ആരോപിച്ചു.
2024-ല്‍ ചെന്നൈയില്‍ നിന്നുള്ള യുഎസ് കോണ്‍സുലേറ്റ് ഏകദേശം 2,20,000 എച്ച്-1ബി വിസകളും 1,40,000 എച്ച്-4 ആശ്രിത വിസകളും പ്രോസസ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴ്‌നാട്, കേരളം, കര്‍ണാടക, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ആണ്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ എച്ച്-1ബി വിസ പ്രോസസിംഗ് കേന്ദ്രങ്ങളിലൊന്നായി ചെന്നൈ മാറി.
advertisement
വിസ പ്രോഗ്രാമിന്റെ ദുരുപയോഗം അമേരിക്കന്‍ തൊഴിലാളികള്‍ക്ക് നേരെയുള്ള ഭീഷണിയാണെന്നും ബ്രാറ്റ് പറഞ്ഞു. ആരെങ്കിലും വൈദഗ്ദ്ധ്യമുള്ളവരാണെന്ന് പറഞ്ഞാല്‍ അവര്‍ അങ്ങനെയല്ലെന്നും അതാണ് തട്ടിപ്പെന്നും ബ്രാറ്റ് പറഞ്ഞു.
ഡോ. ബ്രാറ്റിന്റെ ആരോപണങ്ങള്‍ക്ക് സമാനമായ അഭിപ്രായമാണ് ഇന്തോ-അമേരിക്കകാരിയും മുന്‍ യുഎസ് നയതന്ത്രജ്ഞയുമായ മഹ്‍വാഷ് സിദ്ദിഖിയും ഉന്നയിക്കുന്നത്. എച്ച്-1ബി വിസ പ്രോഗ്രാമില്‍ വ്യാപകമായ തട്ടിപ്പ് നടന്നതായി സിദ്ദിഖിയും ആരോപിച്ചു. വ്യാജ രേഖകള്‍, വ്യാജ യോഗ്യതകള്‍, പ്രോക്‌സി അപേക്ഷകര്‍ എന്നിവയാല്‍ നിറഞ്ഞതാണ് വിസ സിസ്റ്റമെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള എച്ച്-1ബി വിസ അപേക്ഷകരില്‍ 80-90 ശതമാനം വ്യാജമാണെന്നും ഇതില്‍ വ്യാജ ബിരുദങ്ങളോ വ്യാജ രേഖകളോ അല്ലെങ്കില്‍ ഉയര്‍ന്ന വൈദഗ്ദ്ധ്യമില്ലാത്ത അപേക്ഷകരോ ആണെന്നും സിദ്ദിഖി പറഞ്ഞു.
advertisement
വലിയ തോതിലുള്ള തട്ടിപ്പ് തിരിച്ചറിയാനുള്ള കോണ്‍സുലാര്‍ ഉദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ക്ക് എതിര്‍പ്പും രാഷ്ട്രീയ സമ്മര്‍ദ്ദവും നേരിടേണ്ടി വന്നതായും അവര്‍ അറിയിച്ചു. ഇന്ത്യയില്‍ തട്ടിപ്പും കൈക്കൂലിയും സാധാരണമാകുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. ഹൈദരാബാദിനെ ഒരു പ്രത്യേക ഹോട്ട്‌സ്‌പോട്ടായും സിദ്ദിഖി തിരിച്ചറിഞ്ഞു. പ്രശസ്ത പരിശീലന കേന്ദ്രമായ അമീര്‍പേട്ടില്‍ വിസ അപേക്ഷകര്‍ക്ക് പരസ്യമായി പരിശീലനം നല്‍കുന്നതായും വ്യാജ തൊഴില്‍ കത്തുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ രേഖകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഉണ്ടായിരുന്നുവെന്നും സിദ്ദിഖി അവകാശപ്പെട്ടു.
അതേസമയം, എച്ച്-1ബി വിസ പ്രോഗ്രാമിന് അടുത്തിടെ ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ ശക്തിയുടെ വിടവ് നികത്താന്‍ ആഗോള പ്രതിഭകളെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 26, 2025 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
എച്ച്-1ബി വിസ വലിയ തട്ടിപ്പെന്ന് സാമ്പത്തികശാസ്ത്രജ്ഞന്‍; ചെന്നൈയ്ക്ക് മാത്രം 2.20 ലക്ഷം വിസ!


