ലിംഗവിവേചനത്തെപ്പറ്റി പരാതിപ്പെട്ടതിന് പുറത്താക്കി; ടിക് ടോക്കിനെതിരെ മുന്‍ ജീവനക്കാരി
- Published by:Anuraj GR
- trending desk
Last Updated:
ലിംഗം, വയസ് എന്നിവയുടെ പേരില്‍ കമ്പനിയിലുണ്ടായ വിവേചനത്തെപ്പറ്റി പരാതി പറഞ്ഞപ്പോഴാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ഇവര്‍ പറഞ്ഞു
ടിക് ടോക്കിനും മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിനുമെതിരെ ഗുരുതര ആരോപണവുമായി കമ്പനിയുടെ മുന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്. ലിംഗം, വയസ് എന്നിവയുടെ പേരില്‍ കമ്പനിയിലുണ്ടായ വിവേചനത്തെപ്പറ്റി പരാതി പറഞ്ഞപ്പോഴാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ഇവര്‍ പറഞ്ഞു. ക്യാറ്റി പ്യൂരിസ് എന്ന മുന്‍ ജീവനക്കാരിയാണ് ഇതു സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയത്.
പരാതിയുമായി മാന്‍ഹട്ടണ്‍ ഫെഡറല്‍ കോടതിയെയാണ് ഇവര്‍ സമീപിച്ചത്. കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് അനുഭവിച്ച ഇത്തരം വിവേചനങ്ങളെപ്പറ്റി താന്‍ നിരന്തരം പരാതിപ്പെടുമായിരുന്നു അതിന്റെ ഭാഗമായാണ് 2022ല്‍ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് ഇവര്‍ പറഞ്ഞു.
ജോലിയില്‍ നിന്ന് പുറത്താക്കുമ്പോള്‍ ക്യാറ്റിയ്ക്ക് അമ്പതിനോട് അടുത്ത് പ്രായമുണ്ടായിരുന്നു. തന്റെ പ്രായത്തെച്ചൊല്ലി മോശം പരാമര്‍ശങ്ങളും കമ്പനി അധികൃതര്‍ നടത്തിയിരുന്നുവെന്നും ക്യാറ്റി പറഞ്ഞു. സ്ത്രീകള്‍ വായടച്ച് ഇരിക്കണമെന്ന് വിശ്വസിക്കുന്നയാളാണ് ബൈറ്റ് ഡാന്‍സ് ചെയര്‍മാനായ സാംഗ് ലിഡോംഗ് എന്നും ക്യാറ്റി കുറ്റപ്പെടുത്തി.
advertisement
ജോലിയ്ക്കിടെയുണ്ടായ ശാരീരിക-മാനസിക സംഘര്‍ഷങ്ങളില്‍ ക്യാറ്റി ചികിത്സ തേടിയിരുന്നു. എന്നാല്‍ അതിന് മെഡിക്കല്‍ അവധി നല്‍കാന്‍ പോലും കമ്പനി തയ്യാറായില്ലെന്നും ക്യാറ്റി പറഞ്ഞു.
അതേസമയം ആരോപണങ്ങളില്‍ ടിക് ടോക്കും ബൈറ്റ് ഡാന്‍സ് അധികൃതരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്യാറ്റിയ്ക്ക് നീതിയുറപ്പാക്കുന്നതിനായി പോരാടുമെന്ന് ഇവരുടെ അഭിഭാഷകരായ മെജോറി മെസിഡോറും മോണിക്ക ഹിങ്കനും പറഞ്ഞു.
ജോലിസ്ഥലത്തെ വിവേചനം സംബന്ധിച്ച് യുഎസിലും ന്യൂയോര്‍ക്ക് സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണ് ടിക് ടോക്കും ബൈറ്റ് ഡാന്‍സും നടത്തിയതെന്നും ക്യാറ്റി പരാതിയില്‍ ആരോപിക്കുന്നു. ക്യാറ്റി നേരത്തെ ഗൂഗിളിലും ഫേസ്ബുക്കിലും ജോലി ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
February 10, 2024 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ലിംഗവിവേചനത്തെപ്പറ്റി പരാതിപ്പെട്ടതിന് പുറത്താക്കി; ടിക് ടോക്കിനെതിരെ മുന്‍ ജീവനക്കാരി