US പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2024: ഈ ഇന്ത്യൻ വംശജർ സ്ഥാനാർത്ഥിയാകുമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
2024-ല്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃനിരയിലേയ്ക്ക് എത്താൻ സാധ്യതയുള്ള നാല് ഇന്ത്യന്‍ വംശജരെക്കുറിച്ച് അറിയാം
2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേയ്ക്ക് ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് നിക്കി ഹേലി തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. മുന്‍ സൗത്ത് കരോലിന ഗവര്‍ണറും ഐക്യരാഷ്ട്രസഭയിലെ യുഎസ് മുന്‍ അംബാസഡറുമാണ് ഹേലി. ഇതിന് പിന്നാലെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയും തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, രാജ്യത്ത് ഉന്നത പദവികളിൽ എത്തുന്ന ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ എണ്ണം അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. 2024-ല്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃനിരയിലേയ്ക്ക് എത്താൻ സാധ്യതയുള്ള നാല് ഇന്ത്യന്‍ വംശജരെക്കുറിച്ച് അറിയാം.
നിക്കി ഹേലി
51 കാരിയായ നിക്കി ഹേലി രണ്ട് തവണ സൗത്ത് കരോലിന ഗവര്‍ണറായി സേവനമനുഷ്ഠിക്കുകയും ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡറുമാണ്. പഞ്ചാബി സിഖ് മാതാപിതാക്കളുടെ മകളായ ഹേലി സൗത്ത് കരോലിനയിലെ ഒരു ചെറിയ പട്ടണത്തില്‍ വംശീയ അധിക്ഷേപങ്ങള്‍ക്കിടയിലാണ് വളര്‍ന്നത്. നിമ്രത നിക്കി രണ്‍ധാവ എന്ന നിക്കി ഹേലി ആദ്യ കാലത്ത് ഒരു അക്കൗണ്ടന്റായിരുന്നു.
advertisement
2010ലെ വിജയത്തോടെ, ഹേലി സൗത്ത് കരോലിനയിലെ ആദ്യത്തെ വനിത, ന്യൂനപക്ഷ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തോടെ 38 വയസ്സുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണര്‍ എന്ന പദവിയും ഹേലി സ്വന്തമാക്കി. 2012 -ല്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നു.
വിവേക് രാമസ്വാമി
37 കാരനായ വിവേക് രാമസ്വാമി ഇന്ത്യന്‍ വംശജനായ വ്യവസായിയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. ‘ആന്റി-വോക്ക് ഇങ്കിന്റെ സിഇഒ ആണ് അദ്ദേഹം. ഇന്ത്യയില്‍ നിന്ന് കുടിയേറിയവരായണ് രാമസ്വാമിയുടെ മാതാപിതാക്കള്‍. പിതാവ് ഒരു ജനറല്‍ ഇലക്ട്രിക് എഞ്ചിനീയറും അമ്മ മനോരോഗ വിദഗ്ദ്ധയുമാണ്. സിന്‍സിനാറ്റിയിലാണ് രാമസ്വാമി ജനിച്ചത്. ഹാര്‍വാര്‍ഡ് കോളേജിലും യേല്‍ ലോ സ്‌കൂളിലും ആയിരുന്നു പഠനം. അദ്ദേഹത്തിന് 500 മില്യണ്‍ ഡോളറിലധികം ആസ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
advertisement
കമലാ ഹാരിസ്
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള 58 കാരിയായ കമലാ ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റും യുഎസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തുന്ന വനിതാ ഉദ്യോഗസ്ഥയും ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍, ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റുമാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍, ജോ ബൈഡന്‍ 2024 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍, അദ്ദേഹത്തോടൊപ്പം തിരഞ്ഞെടുപ്പിന്റെ ഭാഗമാകുമെന്ന് അവര്‍ പറഞ്ഞിരുന്നു.
advertisement
ഹാരിസ് 2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായും 2017 മുതല്‍ 2021 വരെ കാലിഫോര്‍ണിയയെ പ്രതിനിധീകരിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജമൈക്ക സ്വദേശിയായ ഡൊണാള്‍ഡ് ഹാരിസിന്റെയും ചെന്നൈ സ്വദേശിയായ ശ്യാമള ഗോപാലന്റെ മകളാണ് കമലാ ഹാരിസ്. അമ്മ ശ്യാമള ഗോപാലന്‍ കാന്‍സര്‍ ഗവേഷകയും പൗരാവകാശ പ്രവര്‍ത്തകയുമായിരുന്നു.
റോ ഖന്ന
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍പ്പെട്ട, കാലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസുകാരനാണ് റോ ഖന്ന. 1976ല്‍ ഫിലാഡല്‍ഫിയയില്‍ ജനിച്ച ഖന്ന, യുഎസ് ജനപ്രതിനിധിസഭയിലെ നാല് ഇന്ത്യന്‍-അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. ഡോ. അമി ബെറ, രാജാ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍ എന്നിവരാണ് മറ്റ് മൂന്ന് പേര്‍. നിലവിലെ പ്രസിഡന്റ് ബൈഡന്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഖന്ന മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഖന്ന ഇത് നിഷേധിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 17, 2023 7:53 AM IST