ന്യൂഡല്‍ഹി: ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കർ ഇ തൊയ്ബ സ്ഥാപകനുമായ ഹാഫിസ് സയിദിന്റെ അപേക്ഷ യു.എന്‍. തള്ളി. ഹാഫീസ് സയീദുമായി അഭിമുഖം നടത്താനുള്ള യു എന്‍ സംഘത്തിന് പാകിസ്ഥാന് വിസ നിഷേധിച്ചതിന് പിന്നാലെയാണ് ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ തള്ളിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമാത്ത് ഉദ്ദവ സ്ഥാപകനും ലഷ്കര്‍ ഇ തൊയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദിനെ യു എന്‍ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. 166 പേര് കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദാണെന്ന് ഇന്ത്യ തെളിവ് സഹിതം ബോധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു യു എന്‍ രക്ഷാസമിതിയുടെ നടപടി. എന്നാല്‍ തന്നെയും തന്റെ സംഘടനകളെയും ഭീകരവാദ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹാഫിസ് സയീദ് യു എന്‍ രക്ഷാസമിതിക്ക് അപേക്ഷ നല്‍കുകയായിരുന്നു.
ഇതിനിടെ, ഹാഫിസ് സയിദിന്റെ അപേക്ഷ പരിഗണിച്ച യു എന്‍ സംഘം അദ്ദേഹവുമായി അഭിമുഖം നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. ഹാഫിസ് സയിദുമായി അഭിമുഖം നടത്താനുള്ള യു എന്‍ സംഘത്തിന് പാകിസ്ഥാന് വിസ നിഷേധിച്ചതാണ് ഈ നടപടിക്ക് തിരിച്ചടിയായത്. ഇതിനുപിന്നാലെയാണ് ഹാഫിസ് സയിദിന്റെ അപേക്ഷ യു എന്‍ തള്ളിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹാഫിസ് സയിദുമായി യു എന്‍ സംഘം നേരിട്ട് സംസാരിച്ചാല്‍ പലരഹസ്യങ്ങളും വെളിപ്പെടുമെന്ന പാകിസ്ഥാന്റെ ഭയമാണ് വിസ നിഷേധിക്കാന്‍ കാരണമായതെന്നാണ് സൂചന. ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ അപേക്ഷ നല്കിയാല് ആ വ്യക്തിയുമായി നേരിട്ട് ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ യു എന്‍ സംഘം മറ്റുനടപടികളിലേക്ക് കടക്കുകയുള്ളൂ. ഇതിന്റെ ഭാഗമായാണ് ഹാഫിസ് സയിദുമായി അഭിമുഖം നടത്താന്‍ യു എന്‍ സംഘം അനുമതി തേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.