ഋഷി സുനകിന് പിന്നാലെ അയർലണ്ടിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി പദത്തിലേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
നാല്പത്തിമൂന്നുകാരനായ ലിയോയുടെ രണ്ടാമൂഴമായിരിക്കും ഇത്
ഡബ്ലിൻ: ബ്രിട്ടനിൽ ഋഷി സുനക്കിനു പിന്നാലെ അയൽരാജ്യമായ അയർലണ്ടിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിപദത്തിലേക്ക്. ഫിനഗേൽ പാർട്ടി ലീഡറും നിലവിൽ ഉപപ്രധാനമന്ത്രിയുമായ ലിയോ വരാഡ്കറാണ് ഡിസംബർ 15ന് ഐറിഷ് പ്രധാനമന്ത്രിപദമേറ്റെടുക്കാനിരിക്കുന്നത്. കൂട്ടുമന്ത്രിസഭാ ധാരണ പ്രകാരം ലിയോയാണ് ഇപ്പോഴത്തെ മന്ത്രിസഭയുടെ അവസാന ടേമിൽ പ്രധാനമന്ത്രിയാകേണ്ടത്. രണ്ടര വർഷക്കാലമായിരിക്കും കാലാവധി. ഫീയനാഫോൾ നേതാവ് മീഹോൾ മാർട്ടിനാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. നാല്പത്തിമൂന്നുകാരനായ ലിയോയുടെ രണ്ടാമൂഴമായിരിക്കും ഇത്.
2017ൽ ലിയോ വരാഡ്കർ മുപ്പത്തെട്ടാമത്തെ വയസിൽ പ്രധാനമന്ത്രിപദത്തിലെത്തിയിരുന്നു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാഞ്ഞതിനാലാണ് കൂട്ടുകക്ഷി ഭരണം വേണ്ടിവന്നത്. 2011-16 കാലഘട്ടത്തിൽ ലിയോ വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്നു.
advertisement
1960 കളിൽ മുംബൈയിൽനിന്നു ബ്രിട്ടനിലേക്ക് കുടിയേറിയ ഡോ. അശോക് വരാഡ്കറുടെയും ബ്രിട്ടനിൽ നഴ്സായിരുന്ന അയർലണ്ടിലെ വാട്ടർഫോർഡ്കാരിയായ മിറിയത്തിന്റെയും മകനാണ് ലിയോ. പിന്നീട് ലിയോയുടെ കുടുംബം ബ്രിട്ടനിൽനിന്ന് അയർലണ്ടിലേക്കു കുടിയേറുകയായിരുന്നു. ട്രിനിറ്റി കോളജിൽനിന്നു മെഡിസിൻ പഠനം പൂർത്തിയാക്കിയ ലിയോ കുറച്ചു കാലം മുംബൈയിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു. കോവിഡ് കാലത്ത് അദ്ദേഹം ചികിത്സാ രംഗത്തേക്ക് തിരികെ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2022 7:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഋഷി സുനകിന് പിന്നാലെ അയർലണ്ടിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി പദത്തിലേക്ക്