• HOME
  • »
  • NEWS
  • »
  • world
  • »
  • 'ഒബാമ പ്രസിഡന്റായത് ഓർക്കുന്നു'; ഋഷി സുനകിന്റെ വിജയത്തിൽ യുകെയിലെ ഹൈന്ദവ നേതാവ്

'ഒബാമ പ്രസിഡന്റായത് ഓർക്കുന്നു'; ഋഷി സുനകിന്റെ വിജയത്തിൽ യുകെയിലെ ഹൈന്ദവ നേതാവ്

സുനക്കിന്റെ വിജയം യുകെയിലുടനീളമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ദീപാവലി ആഘോഷത്തിന് കൂടുതല്‍ ആവേശം നല്‍കിയിരുന്നു.

  • Share this:
ഋഷി സുനക് (Rishi Sunak) യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത് 'ബരാക് ഒബാമ (Barack Obama) പ്രസിഡന്റ് ആയ നിമിഷങ്ങളാണ്' ഓര്‍മ്മിപ്പിക്കുകയാണ് സുനകിന്റെ മുത്തച്ഛന്‍ സ്ഥാപിച്ച ഹിന്ദു ക്ഷേത്രത്തിന്റെ രക്ഷാധികാരി. 1971-ല്‍ സുനക്കിന്റെ മുത്തച്ഛന്‍ രാംദാസ് സുനകാണ് ലണ്ടനില്‍ നിന്ന് തെക്ക്-പടിഞ്ഞാറ് ഏകദേശം 110 കിലോമീറ്റര്‍ അകലെയുള്ള സതാംപ്ടണിലെ വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രം സ്ഥാപിച്ചതെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ ജനിച്ച ഹാംഷെയര്‍ നഗരത്തിലെ ക്ഷേത്രം ഋഷി സുനക് ഇടക്ക് സന്ദര്‍ശിക്കാറുണ്ട്. സുനകിന്റെ കുടുംബം എല്ലാ വര്‍ഷവും നടത്തുന്ന അന്നദാനത്തില്‍ പങ്കെടുക്കാനായി ജൂലൈയിലാണ് അദ്ദേഹം അവസാനമായി ക്ഷേത്രം സന്ദര്‍ശിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയുടെ ആദ്യത്തെ ഹിന്ദു പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് സുനക്.

'ഇത് അഭിമാന നിമിഷമാണ്, നിരവധി ആളുകള്‍ അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അദ്ദേഹം ഇവിടെ വന്നപ്പോള്‍ ക്ഷേത്രത്തിലുണ്ടായിരുന്ന 300ഓളം പേര്‍ക്കൊപ്പം ചിത്രമെടുത്തിരുന്നുവെന്ന്' ക്ഷേത്ര രക്ഷാധികാരിയും ഹൈന്ദവ നേതാവുമായ സഞ്ജയ് ചന്ദ്രാന പറഞ്ഞു.

'യുകെയെ സംബന്ധിച്ചിടത്തോളം, അമേരിക്കയിൽ ബരാക് ഒബാമ പ്രസിഡന്റായ നിമിഷങ്ങളാണ് ഓര്‍മ്മപ്പെടുത്തുന്നത്. വെള്ളക്കാരനല്ലാത്ത ഒരാള്‍ ആദ്യമായാണ് പ്രധാനമന്ത്രിയാകുന്നത്. ഇതിന് പുറമെ, ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജനും ഹിന്ദു വിശ്വാസിയും ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്നത്'- അദ്ദേഹം പറഞ്ഞു.

അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രത്യേക പൂജകൾ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുനകിനെ പ്രധാനമന്ത്രിയായി നിയമിച്ചതിലൂടെ രാജ്യത്തുടനീളം ഏകീകരണം നടക്കുമെന്നും ചന്ദ്രാന പറഞ്ഞു. യുകെയില്‍, എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഇത് രാജ്യത്തെ ഒന്നിപ്പിക്കും, കാരണം അദ്ദേഹം ഹിന്ദു മതമാണ് പിന്‍തുടരുന്നത്. ലോകം മുഴുവന്‍ തങ്ങളുടെ കുടുംബമാണെന്നതാണ് ഹിന്ദു മത്തതിന്റെ പ്രധാന മൂല്യങ്ങളിലൊന്ന്. എന്നാല്‍ സാമ്പത്തിക വെല്ലുവിളിയും രാഷ്ട്രീയ അനിശ്ചിതത്വവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഇത് പരിഹരിക്കുന്നതിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also read : ബോറിസ് ജോൺസൻ പുറത്ത്; ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ച് 140 ലേറെ എംപിമാർ

'അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു, അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്, അദ്ദേഹം രാജ്യത്തെ മികച്ച രീതിയില്‍ നയിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.' ചെറുപ്പം മുതൽ സുനക്കിനെ അറിയുന്ന സുഹൃത്ത് മിയ പറഞ്ഞു. 'വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് സുനക് ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം ആ ജോലി ആവേശത്തോടെ ചെയ്യും. സുനക് ജനങ്ങളോട് സത്യസന്ധനായിരിക്കും. സുനക് ഒരു മനുഷ്യ സ്‌നേഹിയാണ്, പണത്തിന് വേണ്ടിയല്ല ഈ പദവിലെത്തിയത്, അദ്ദേഹത്തിന് വേണ്ടത്ര പണമുണ്ടെന്നും അവര്‍ പറഞ്ഞു.

Also read : ഋഷി സുനകിൻ്റെ സ്ഥാനാരോഹണം; അഭിനന്ദനങ്ങളുമായി ഗീതാ ഗോപിനാഥ് അടക്കം പ്രമുഖർ

സുനക്കിന്റെ വിജയം യുകെയിലുടനീളമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ദീപാവലി ആഘോഷത്തിന് കൂടുതല്‍ ആവേശം നല്‍കിയിരുന്നു. നികുതി വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ പാളിപ്പോയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ലിസ് ട്രസ് യുകെയുടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.

ഇതേതുടര്‍ന്ന് ഒക്ടോബര്‍ 28നകം പുതിയ നേതാവിനേയും പ്രധാനമന്ത്രിയേയും തിരഞ്ഞെടുക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മത്സരത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുകയും കോമൺസ് നേതാവ് പെന്നി മൊർഡോണ്ട് പരാജയം സമ്മതിക്കുകയും ചെയതോടെ സുനക് വിജയം ഉറപ്പിക്കുകയായിരുന്നു.
Published by:Amal Surendran
First published: