ഹിസ്ബുള്ളയ്ക്ക് വിറ്റ പേജറുകളില്‍ ഇസ്രയേല്‍ മൂന്ന് ഗ്രാം സ്‌ഫോടകവസ്തുക്കള്‍ നിറച്ചിരുന്നതായി റിപ്പോര്‍ട്ട്
- Published by:Vishnupriya S
- news18-malayalam
Last Updated:
തായ്‌വാനിലെ ഗോള്‍ഡ് അപ്പോളോയില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്
ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത 5000ലധികം പേജറുകളില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് മൂന്ന് ഗ്രാം വീതം സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നതായി റിപ്പോര്‍ട്ട്. തായ്‌വാനിലെ ഗോള്‍ഡ് അപ്പോളോയില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. അവ ലെബനില്‍ എത്തുന്നതിന് മുമ്പാണ് ഈ തിരിമറി നടന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച നൂറുകണക്കിന് പേജറുകള്‍ തങ്ങളല്ല നിര്‍മ്മിച്ചതെന്ന് തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോ പറഞ്ഞു. 'അവ ഞങ്ങളുടെ ഉല്‍പ്പന്നങ്ങളല്ല. ഞങ്ങളുടേത് അല്ലാത്ത ഉത്പന്നങ്ങള്‍ ഞങ്ങള്‍ക്ക് എങ്ങനെ ഉത്പാദിപ്പിക്കാനാകും?', കമ്പനി മേധാവി സു ചിന്‍ ക്വാംഗ് പറഞ്ഞു. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹിസ്ബുള്ള ആരോപിച്ചു.
എന്നാല്‍ ആരോപണത്തെ സാധൂകരിക്കുന്ന മറ്റ് വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. ഹിസ്ബുള്ളയുടെ ആരോപണത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. തായ്‌വാനില്‍ നിന്നുള്ള പേജറുകള്‍ ലെബനനില്‍ എത്തുന്നതിന് മുമ്പ് ഇസ്രായേല്‍ തടഞ്ഞിരിക്കാമെന്നും ഓരോ പേജറിലെയും ബാറ്ററിയ്ക്ക് സമീപം മൂന്ന് ഗ്രാം വീതം സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരിക്കാമെന്നും ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
സ്‌ഫോടനത്തെപ്പറ്റി തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. 'ഈ സംഭവത്തില്‍ അമേരിക്കയ്ക്ക് പങ്കില്ല. സ്‌ഫോടനത്തെപ്പറ്റി ഞങ്ങള്‍ക്ക് നേരത്തെ അറിയില്ലായിരുന്നു. സംഭവത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വിലയിരുത്തിവരികയാണ്,' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന ആരോപണത്തില്‍ പ്രതികരിക്കാനും മാത്യു മില്ലര്‍ തയ്യാറായില്ല. ഹമാസ് രാഷ്ട്രീയമേധാവിയായ ഇസ്മയില്‍ ഹനിയയെ ഇറാനില്‍ വെച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്ക ഇടപെട്ടിരുന്നു. പ്രത്യാക്രമണം നടത്തുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പേജര്‍ സ്‌ഫോടനപരമ്പര നടന്നത്. 'ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സംഘര്‍ഷം വര്‍ധിപ്പിക്കരുതെന്ന് ഇറാനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,' മാത്യു മില്ലര്‍ പറഞ്ഞു.
advertisement
ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തില്‍ നയതന്ത്രപരമായ പരിഹാരമാണ് വേണ്ടതെന്ന് മാത്യു മില്ലര്‍ പറഞ്ഞു. തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്യപ്പെടേണ്ടി വന്ന ഇസ്രായേല്‍ പൗരന്‍മാര്‍ക്കും ലെബനീസ് പൗരന്‍മാര്‍ക്കും തിരികെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സാഹചര്യമുണ്ടാകണമെന്നും മില്ലര്‍ പറഞ്ഞു. കൂടാതെ ലെബനനെതിരെ യുദ്ധത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥനായ അമോസ് ഹോച്‌സ്റ്റൈന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 18, 2024 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹിസ്ബുള്ളയ്ക്ക് വിറ്റ പേജറുകളില്‍ ഇസ്രയേല്‍ മൂന്ന് ഗ്രാം സ്‌ഫോടകവസ്തുക്കള്‍ നിറച്ചിരുന്നതായി റിപ്പോര്‍ട്ട്