കഫിയ; നൊഗുചി മ്യൂസിയം പുരസ്‌കാരം ജുംപ ലാഹിരി ബഹിഷ്‌കരിച്ചതിനു കാരണമായ പലസ്തീന്‍ ശിരോവസ്ത്രം

Last Updated:

ഇതോടെ പലസ്തീന്‍ ശിരോവസ്ത്രമായ കഫിയയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുകയാണ്

ജുംപ ലാഹിരി
ജുംപ ലാഹിരി
ന്യൂയോര്‍ക്ക് സിറ്റിയിലെ നൊഗുചി മ്യൂസിയം പുരസ്‌കാരം ബഹിഷ്‌കരിച്ച് ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരി ജുംപ ലാഹിരി. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഫിയ ധരിച്ചെത്തിയ മൂന്ന് ജീവനക്കാരെ മ്യൂസിയത്തില്‍ നിന്ന് പിരിച്ചുവിട്ടതിനെത്തുടര്‍ന്നാണ് ജുംപ ലാഹിരി മ്യൂസിയത്തിന്റെ പേരിലുള്ള പുരസ്‌കാരം നിരസിച്ചത്.
തങ്ങളുടെ പുതിയ വസ്ത്ര നയത്തോടുള്ള പ്രതികരണമായി ജുംപ ലാഹിരി 2024-ലെ ഇസാമു നൊഗുചി പുരസ്‌കാരം നിരസിച്ചുവെന്നും എഴുത്തുകാരിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും മ്യൂസിയം അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാഷ്ട്രീയ സന്ദേശങ്ങളോ ചിഹ്നങ്ങളോ മുദ്രാവാക്യങ്ങളോ ധരിച്ചുകൊണ്ട് ജോലിയ്‌ക്കെത്തുന്നവരെ പിരിച്ചുവിടുമെന്ന് ഇക്കഴിഞ്ഞ ആഗസ്റ്റില്‍ മ്യൂസിയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂന്ന് ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതോടെ പലസ്തീന്‍ ശിരോവസ്ത്രമായ കഫിയയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുകയാണ്.
കഫിയയുടെ ചരിത്രം
മിഡില്‍ ഈസ്റ്റിലെ ജനങ്ങള്‍ സാധാരണയായി ഉപയോഗിച്ച് വരുന്ന ശിരോവസ്ത്രങ്ങളിലൊന്നാണ് കഫിയ. കോട്ടണ്‍ തുണിയിലാണ് കഫിയ നിര്‍മിക്കുന്നത്. വെളുത്ത നിറത്തിലുള്ള കഫിയയില്‍ ചില പാറ്റേണുകളും ഉള്‍പ്പെടുത്താറുണ്ട്. പ്രാദേശിക സംസ്‌കാരത്തിന്റെ ചില ഘടകങ്ങളും കഫിയയുടെ ഡിസൈനില്‍ പ്രതിഫലിക്കാറുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകളോട് സാമ്യമുള്ള കഫിയകളുമുണ്ട്. ചരിത്രപരമായി മത്സ്യബന്ധനം ഈ മേഖലയിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൂടിയാണ്. കൂടാതെ ഒലിവ് മരങ്ങളുടെ ഇലകളുടെ രൂപവും കഫിയയില്‍ തുന്നിപ്പിടിപ്പിക്കാറുണ്ട്.
advertisement
കഫിയയ്ക്ക് നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമുണ്ടെന്ന് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ യൂറോപ്യന്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറായ അര്‍മിന്‍ ലാംഗര്‍ തന്റെ 'ദി കോണ്‍വര്‍സേഷന്‍' എന്ന ലേഖനത്തില്‍ പറയുന്നു. ആദ്യകാലത്ത് മരുഭൂമിയിലെ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും കഫിയ തലയില്‍ ചുറ്റിയിരുന്നു. സമൂഹത്തിലെ താഴ്ന്ന ജാതിവിഭാഗങ്ങളില്‍പ്പെട്ടവരാണ് കഫിയ കൂടുതലായി ധരിച്ചിരുന്നത്. പതിയെ പതിയെ കഫിയ പലസ്തീന്‍ ദേശീയതയുടെ പ്രതീകമായി മാറുകയായിരുന്നു.
കഫിയ എങ്ങനെയാണ് പാലസ്തീന്റെ പ്രതീകമായത്?
1917ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം പലസ്തീന്റെ നിയന്ത്രണം ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു. ബ്രിട്ടീഷ് ഭരണത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനും ദേശീയ ഐക്യമുണ്ടാക്കുന്നതിനുമായി 1930കളില്‍ പലസ്തീനിലെ ഒരുവിഭാഗം കഫിയ ഉപയോഗിക്കാന്‍ തുടങ്ങി.
advertisement
1948-ല്‍ ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടു. തുടര്‍ന്നുള്ള അറബ്-ഇസ്രായേല്‍ യുദ്ധത്തെത്തുടര്‍ന്ന് 750,000 ലധികം പലസ്തീന്‍ പൗരന്‍മാര്‍ക്ക് തങ്ങളുടെ രാജ്യം വിടേണ്ടിയും വന്നു. പതിയെ ഇസ്രായേലിനെതിരെയുള്ള പലസ്തീന്‍ പ്രതിരോധത്തിന്റെ ചിഹ്നമായി കഫിയയും മാറിയെന്ന് അര്‍മിന്‍ ലാംഗര്‍ പറഞ്ഞു.
1970കളില്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറാഫത്ത് കഫിയയെ കൂടുതല്‍ ജനപ്രിയമാക്കി. കൂടാതെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയും കഫിയ ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇസ്രായേലിനെ എതിര്‍ക്കുന്നവരാണ് കഫിയ ധരിക്കുന്നത് എന്ന പൊതുബോധമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് പല രാജ്യങ്ങളും കഫിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2023ലെ ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിന് ശേഷം കഫിയ നിരോധനം കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/World/
കഫിയ; നൊഗുചി മ്യൂസിയം പുരസ്‌കാരം ജുംപ ലാഹിരി ബഹിഷ്‌കരിച്ചതിനു കാരണമായ പലസ്തീന്‍ ശിരോവസ്ത്രം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement