ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരുടെ വിസാ നിയമങ്ങൾ കർശനമാക്കിയതിനു പിന്നിൽ മലപ്പുറത്തെ വ്യാജ ഡിഗ്രി റാക്കറ്റ്
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ പ്രവർത്തനം ഓസ്ട്രേട്രേലിയൻ രാഷ്ട്രീയത്തിലും വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ പരിശോധനകള്‍ ഓസ്‌ട്രേലിയ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെയും റിസ്‌ക് കൂടുതലുള്ള വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ജനുവരി എട്ട് മുതല്‍ പുതിയ വര്‍ഗ്ഗീകരണം പ്രാബല്യത്തില്‍ വന്നു. പുതിയ വിസ ചട്ടങ്ങള്‍ പ്രകാരം എവിഡന്‍സ് ലെവല്‍ -2 ല്‍ നിന്ന് ഈ രാജ്യങ്ങളെ ഉയര്‍ന്ന റിസ്‌ക് കണക്കാക്കുന്ന എവിഡന്‍സ് ലെവല്‍ 3യിലേക്ക് മാറ്റി. അതായത് വിസ ലഭിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരും. മാത്രമല്ല കൂടുതല്‍ പരിശോധനകൾക്കും വിധേയരാകേണ്ടി വരും. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായത് കേരളത്തിൽ പിടികൂടിയ വൻ വ്യാജ ബിരുദ മാഫിയയുടെ അനുരണനങ്ങളാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഓസ്ട്രേലയയിൽ രാഷ്ട്രീയ വിവാദം
കേരളത്തിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ പ്രവർത്തനം ഓസ്ട്രേട്രേലിയൻ രാഷ്ട്രീയത്തിലും വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ക്വീൻസ്‌ലൻഡ് സെനറ്റർ മാൽക്കം റോബർട്ട്‌സ് ഈ വിഷയം ഉന്നയിച്ച് ആന്റണി ആൽബനീസ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
കേരളത്തിലെ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ
കഴിഞ്ഞ ഡിസംബറിലാണ് കേരള പോലീസ് ഇന്ത്യയൊട്ടാകെ ശൃംഖലയുള്ള ഒരു വ്യാജ സർട്ടിഫിക്കറ്റ് മാഫിയയെ തകർത്തത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന പ്രിന്റിംഗ് കേന്ദ്രത്തിലായിരുന്നു ഇവയുടെ നിർമ്മാണം. ശിവകാശിയിൽ നിന്നുള്ള വിദഗ്ധരെ ഉപയോഗിച്ച് സർവകലാശാലകളുടെ ഹോളോഗ്രാമുകളും സീലുകളും ഒപ്പുകളും കൃത്യമായി അനുകരിച്ചാണ് വ്യാജരേഖകൾ നിർമ്മിച്ചിരുന്നത്.
advertisement
ഈ സംഘം 22 സർവകലാശാലകളുടെ പേരിൽ ഏകദേശം ഒരു ലക്ഷത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു. ഇന്ത്യയിലുടനീളം പത്തു ലക്ഷത്തിലധികം ആളുകൾ ഇത്തരത്തിൽ വ്യാജരേഖകൾ വാങ്ങിയതായി സംശയിക്കുന്നു. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ഓരോ സർട്ടിഫിക്കറ്റിനും ഈടാക്കിയിരുന്നത്. ധനീഷ് (ഡാനി) എന്ന വ്യക്തിയാണ് ഈ തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ. ഇയാളെ കോഴിക്കോട് വെച്ച് പോലീസ് പിടികൂടി.
ഇതും വായിക്കുക: മലപ്പുറത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് അന്വേഷണം വിദേശത്ത് ജോലി വാങ്ങിയവരിലേക്കും; 8 സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരുണ്ടെന്ന് സൂചന
advertisement
എന്തുകൊണ്ട് ഓസ്‌ട്രേലിയയിൽ വിവാദമായി?
ഓസ്‌ട്രേലിയയിലെ സ്റ്റുഡന്റ് വിസ നിയമങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ് സെനറ്റർ മാൽക്കം റോബർട്ട്‌സ് ആരോപിക്കുന്നത്. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് ഓസ്‌ട്രേലിയയിൽ എത്തിയ 23,000ത്തോളം വിദേശ വിദ്യാർത്ഥികൾ വയോജന സംരക്ഷണം, ശിശു സംരക്ഷണം തുടങ്ങിയ നിർണാ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം വ്യാജരേഖകൾ ഉപയോഗിക്കുന്നവരെ നാടുകടത്താൻ സർക്കാർ തയാകാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരാണ് മാൽക്കം റോബർട്ട്‌സ്?
കുടിയേറ്റ വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട വലതുപക്ഷ പാർട്ടിയായ 'വൺ നേഷൻ പാർട്ടി'യുടെ അംഗമാണ് സെനറ്റർ മാൽക്കം റോബർട്ട്‌സ്. ഇന്ത്യയിൽ ജനിച്ച ഇദ്ദേഹം, ഇന്ത്യയിലെ വിദ്യാഭ്യാസ യോഗ്യതകളെയും കുടിയേറ്റത്തെയും എന്നും വിമർശിച്ചിട്ടുള്ള വ്യക്തിയാണ്. ഇന്ത്യൻ ബിരുദങ്ങൾ പണം കൊടുത്തു വാങ്ങാൻ കഴിയുന്നതാണെന്ന മുൻധാരണയാണ് ഇദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് പിന്നിൽ.
advertisement
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്ത് ജോലി ചെയ്യുന്ന കൂടുതൽ ആളുകളിലേക്ക് അന്വേഷണം നീളാനാണ് സാധ്യത. വ്യാജരേഖകൾ ഉപയോഗിച്ച് വിദേശത്തേക്ക് കടന്നവരെ കണ്ടെത്താൻ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
ഇതും വായിക്കുക: ഓസ്‌ട്രേലിയ ഇന്ത്യൻ വിദ്യാര്‍ത്ഥി വിസ അപേക്ഷകരെ 'ഉയര്‍ന്ന റിസ്‌ക്' വിഭാഗത്തില്‍ ആക്കി
നല്ല പെടക്കണ പൊന്നാനി സർട്ടിഫിക്കറ്റ്
പൊന്നാനിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായ നരിപ്പറമ്പ് സ്വദേശി മൂച്ചിക്കല്‍ വീട്ടില്‍ ഇര്‍ഷാദിന്റെ (39) ചമ്രവട്ടം ജംഗ്ഷനിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയതോടെയാണ് വന്‍ റാക്കറ്റിലേക്ക് പോലീസെത്തിയത്.
advertisement
സി വി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ കേരളത്തിനു പുറത്തെ വിവിധ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും വ്യാജ മാര്‍ക്ക് ലിസ്റ്റുകളും കണ്ടെടുത്തിരുന്നു. കൊറിയര്‍ വഴി വിതരണത്തിനായി എത്തിയതായിരുന്നു ഇവ. തുടര്‍ന്ന് സ്ഥാപനം നടത്തുന്ന ഇര്‍ഷാദിനെയും വിതരണത്തിനായി സഹായം ചെയ്ത തിരൂര്‍ പുറത്തൂര്‍ സ്വദേശി രാഹുലിനെയും പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപതിലേറെ സര്‍വകലാശാലകളുടെ പേരിലുള്ള മാര്‍ക്ക് ലിസ്റ്റുകള്‍, കോണ്‍ഡക്ട് സര്‍ട്ടിഫിക്കറ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, റെക്കമെന്റ്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്.
advertisement
ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് തിരുവനന്തപുരം സ്വദേശിയായ ജസീമാണ് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചു തരുന്നതെന്ന് ബോധ്യമായി. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ ജസീം നാടുവിട്ട് ഒളിവില്‍ പോയി. വിപുലമായ അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവിലെ ഒളിസങ്കേതത്തില്‍ നിന്ന് ജസീമിനെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലും വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയാണ് ജസീം. ചോദ്യം ചെയ്യലില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്ന ഡാനി എന്ന സംഘത്തലവനെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചു. യഥാര്‍ത്ഥ ചിത്രമോ മേല്‍വിലാസമോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഡാനി മലയാളിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 15, 2026 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരുടെ വിസാ നിയമങ്ങൾ കർശനമാക്കിയതിനു പിന്നിൽ മലപ്പുറത്തെ വ്യാജ ഡിഗ്രി റാക്കറ്റ്








