വാഷിങ്ടൺ: അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം കൂടുതൽ ഉച്ചസ്ഥായിയിലേക്ക് എത്തി. അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിന് നവരാത്രി ആശംസ നേർന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബിഡനും വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി
കമല ഹാരിസും രംഗത്തെത്തി.
"നവരാത്രി ഉത്സവം ആരംഭിക്കുമ്പോൾ, യുഎസിലും ലോകമെമ്പാടും ആഘോഷിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ആശംസകൾ അറിയിക്കുന്നു. തിൻമയുടെ മേൽ നന്മ വിജയിക്കുമെന്ന പ്രത്യാശയിൽ എല്ലാവർക്കും പുതിയ തുടക്കങ്ങളും അവസരങ്ങളും ഉണ്ടാകട്ടെ," ട്വീറ്റിൽ ബിഡെൻ പറഞ്ഞു.
നവംബർ 3 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടുന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെയാണ് 77 കാരനായ ബിഡൻ മത്സരിക്കുന്നത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ, വനിതയായ സെനറ്റർ കമല ഹാരിസും നവരാത്രി ആശംസകൾ നേർന്നു.
"അമേരിക്കയിൽ നവരാത്രി ആഘോഷിക്കുന്ന എല്ലാ ഹൈന്ദവ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷപ്രദമായ ആശംസകൾ നേരുന്നു! ഞങ്ങളുടെ സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാനും കൂടുതൽ സമഗ്രവും നീതിപൂർവകവുമായ അമേരിക്ക കെട്ടിപ്പടുക്കുന്നതിനും ഈ അവസരം നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെ,
കമല ഹാരിസ് ട്വീറ്റ് ചെയ്തു.
ഈ വർഷത്തെ തിരഞ്ഞെടുപ്പിലെ നിർണായക വോട്ടിംഗ് ബ്ലോക്കുകളിലൊന്നായ ഹിന്ദു സമൂഹത്തിന് ബിഡനും ഹാരിസും ട്വിറ്ററിൽ ആശംസകൾ അറിയിച്ചത് തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാണ്. ഓഗസ്റ്റിൽ ഗണേഷ് ചതുർത്ഥി ദിനത്തിൽ യുഎസിലെ ഹിന്ദു സമൂഹത്തെ അവർ അഭിവാദ്യം ചെയ്തിരുന്നു. 2020 നവംബറിലെ
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽപ്പെട്ട 40 ലക്ഷം പേരിൽ 25 ലക്ഷം പേർക്ക് വോട്ടവകാശമുണ്ട്. ടെക്സസ്, മിഷിഗൺ, ഫ്ലോറിഡ, പെൻസിൽവാനിയ എന്നിവിടങ്ങളിൽനിന്നായി 13 ലക്ഷത്തോളം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരുണ്ട്.
ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരെ ആകർഷിക്കുന്നതിനായി ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ കഴിഞ്ഞ മാസം സൂപ്പർഹിറ്റ് ബോളിവുഡിലെ 'ലഗാൻ' എന്ന ചിത്രത്തിലെ ജനപ്രിയമായ "ചലെ ചലോ" ഗാനത്തിന്റെ മ്യൂസിക് വീഡിയോ റീമിക്സ് പുറത്തിറക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.