ഇന്റർഫേസ് /വാർത്ത /World / Tactis of Mozad | ഇറാൻ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; ശത്രുപാളയത്തിൽ നുഴഞ്ഞു കയറുന്ന മൊസാദ്

Tactis of Mozad | ഇറാൻ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; ശത്രുപാളയത്തിൽ നുഴഞ്ഞു കയറുന്ന മൊസാദ്

Image: Reuters

Image: Reuters

പതിറ്റാണ്ടുകള്‍ നീണ്ട തയ്യാറെടുപ്പുകളാണ്‌ രഹസ്യ സംഘം നടത്തിയതെന്നാണ്‌ വ്യക്തമാകുന്നത്.

  • Share this:

ഇറാന്റെ ആണവപദ്ധതികളുടെ പിതാവ്‌ എന്നറിയപ്പെടുന്ന മൊഹ്‌സീന്‍ ഫക്രിസദേയുടെ കൊലപാതകത്തോടെ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആഗോള തലത്തിൽ ചർച്ചയാകുന്നു.

ഇസ്രായേലി പൗരന്‍മാര്‍ക്കോ ആ രാജ്യം സന്ദര്‍ശിച്ചെന്ന്‌ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയവര്‍ക്കോ ഇറാന്‍ വിസ നല്‍കാറില്ല. ഇസ്ലാമിക്‌ റെവല്യൂഷണറി ഗാര്‍ഡ്‌ കോപ്‌സ്‌ (ഐആര്‍ജിസി) ഉദ്യോഗസ്ഥനും ഇമാം ഹുസൈന്‍ സര്‍വ്വകലാശാലയിലെ പ്രഫസറുമായ 59കാരനായ ഫക്രിസേദയെ കുറിച്ചുള്ള വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ ഇറാന്‍ പുറത്തുവിടാറുമില്ല. എന്നിട്ടും തലസ്ഥാനമായ ടെഹ്‌റാന്റെ സമീപത്തു വെച്ചാണ്‌ ഫക്രിസദേയെ മൊസാദ്‌ ഏജന്റുകള്‍ കൊലപ്പെടുത്തിയത്‌.

പതിറ്റാണ്ടുകള്‍ നീണ്ട തയ്യാറെടുപ്പുകളാണ്‌ രഹസ്യ സംഘം നടത്തിയതെന്നാണ്‌ വ്യക്തമാകുന്നത്. ഫക്രിസേദ സഞ്ചരിച്ച കറുത്ത നിസാന്‍ കാറിന്‌ നേരെ സ്‌ഫോടകവസ്‌തുക്കളെറിഞ്ഞ ശേഷം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ആണവായുധ നിര്‍മാണമെന്ന്‌ പാശ്ചാത്യലോകം പ്രചരിപ്പിച്ചിരുന്ന ഇറാന്റെ 'അമാദ്‌', 'ഹോപ്' പദ്ധതികളെ നയിച്ചിരുന്നത്‌ ഫക്രിസേദയായിരുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

മൊസാദും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയും ഫക്രിസേദയെ 2006 മുതല്‍ നിരീക്ഷിക്കുന്നുണ്ട്‌. രണ്ടു പദ്ധതികളും ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ളതാണെന്നാണ്‌ ഇറാന്റെ നിലപാട്‌. ഇറാന്‍ ആണവശേഷി കൈവരിക്കുന്നത്‌ ഇസ്രായേലിന്റെയും അമേരിക്കയുടെയും പശ്ചിമേഷ്യയിലെ മേധാവിത്വം അവസാനിപ്പിക്കുമെന്നാണ്‌ അവരുടെ വിലയിരുത്തല്‍. ഇതിന്‌ തടയിടാനാണ്‌ കൊലപാതകം.

You may also like:കൊറോണയെ തടയാനും കഞ്ചാവ്‌; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ

ഇറാനാവാട്ടെ ഫക്രിസേദയെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കാനുള്ള നടപടികളും ഇസ്രായേല്‍ സ്വീകരിക്കാറുണ്ട്‌. ഇറാന്‍ സൈനിക വിഭാഗമായ ഖുദ്‌സ്‌ ഫോഴ്‌സിന്റെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ നേരത്തെ അമേരിക്ക കൊലപ്പെടുത്തിയിരുന്നു. ഇതിന്‌ വേണ്ട വിവരങ്ങള്‍ നല്‍കിയത്‌ മൊസാദാണെന്ന്‌ പറയപ്പെടുന്നു. ഇറാനില്‍ ഒളിച്ചു താമസിച്ച അല്‍ഖൈ്വദ നേതാവും ഉസാമ ബിന്‍ലാദന്റെ മരുമകനുമായ അബു മുഹമ്മദ്‌ അല്‍ മസ്‌ത്രിയെയും നവംബറില്‍ മൊസാദ്‌ കൊലപ്പെടുത്തിയിരുന്നു.

ശത്രുക്കളെന്ന്‌ പ്രഖ്യാപിച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊസാദ്‌ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇരകളായവരില്‍ അധികവും പലസ്‌തീന്‍ വിമോചന പ്രസ്ഥാനങ്ങളുടെ നേതാക്കളായിരുന്നു.

1972ല്‍ ജര്‍മനിയില്‍ മ്യൂണിക്കില്‍ ഒളിമ്പിക്‌സിനെത്തിയ ഇസ്രായേലി സംഘത്തെ ബന്ദിയാക്കുകയും 11 പേരെ കൊലപ്പെടുത്തുകയും ചെയ്‌ത പലസ്‌തീനിയന്‍ വിമോചന സംഘടനയായ ബ്ലാക്ക്‌ സെപ്‌റ്റംബറിന്റെ അംഗങ്ങളെ ഓപ്പറേഷന്‍ റാത്ത്‌ ഓഫ്‌ ഗോഡ്‌ എന്ന ഓപ്പറേഷനിലൂടെ മൊസാദ്‌ കൊലപ്പെടുത്തിയിരുന്നു. മ്യൂണിക് ഓപ്പറേഷന്‌ നേതൃത്വം നല്‍കിയ റെഡ്‌ പ്രിന്‍സ് എന്ന് അറിയപ്പെടുന്ന അലി ഹസന്‍ സലാമയെ 79ല്‍ ലെബനനിലെ ബെയ്റൂത്തിൽ വെച്ചാണ്‌ കൊലപ്പെടുത്തിയത്.

You may also like:പച്ച നിറത്തിൽ മുട്ട, മാംസത്തിന്റെ നിറം നീല; അപൂർവയിനം കോഴിയുമായി ഗവേഷകർ

പലസ്‌തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ സൈനിക മേധാവിയായിരുന്ന സുഹൈര്‍ മൊഹ്‌സിനെ ഫ്രാന്‍സിലെ കാനില്‍ വെച്ച് 1979ന്‌ കൊലപ്പെടുത്തി. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സദിന്‍ ഖ്വാസം ബ്രിഗേഡിന്റെ സ്ഥാപകരിലൊരാളായ മഹ്മൂദ്‌ അല്‍ മബുവിനെ കൊലപ്പെടുത്തിയത്‌ ലോകത്തെ അതീവസുരക്ഷാ പ്രദേശമായ ദുബൈയില്‍ വെച്ചാണ്‌.

ബ്രിട്ടീഷ്‌, ഐറിഷ്‌, ഫ്രെഞ്ച്‌, ജര്‍മന്‍, ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുകളിലെത്തിയ 29 അംഗ സംഘമാണ്‌ കൊല നടത്തിയത്‌. സിറിയയിലെ ഡമാസ്‌കസില്‍ നിന്ന്‌ ദുബൈയിലേക്കുള്ള മഹ്മൂദിന്റെ യാത്ര മൊസാദ്‌ നിരീക്ഷിച്ചിരുന്നു. വിമാന ടിക്കറ്റ്‌ ഓണ്‍ലൈനായി ബുക്ക്‌ ചെയ്‌തതും ഗസയിലെ വീട്ടിലേക്ക്‌ ദുബൈയിലെ വിവരങ്ങള്‍ വിളിച്ചറിയിച്ചതും മഹ്മൂദിന്‌ പറ്റിയ സുരക്ഷാ വീഴ്‌ച്ചയായിരുന്നു.

ഹമാസ്‌ നേതാവ്‌ താമസിച്ച ഹോട്ടല്‍ മുറിയിലെത്തി മയക്കുമരുന്നു കുത്തിവെച്ച ശേഷമാണ്‌ 2010 ജനുവരി 20ന്‌ കൊലപ്പെടുത്തിയത്‌. ദുബൈ പൊലീസ്‌ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പലരും രാജ്യം വിട്ടിരുന്നു. ഈ കേസില്‍ മൊസാദ്‌ തലവന്‍ പിടികിട്ടാപുള്ളിയാണ്‌. പലസ്‌തീനിയന്‍ ശാസ്‌തജ്ഞനും ഹമാസ്‌ അംഗവുമായ ഫാദി അല്‍ ബാഷിനെ മലേഷ്യയില്‍ വെച്ചാണ്‌‌ ഏജന്റുകള്‍ കൊന്നത്‌.

ജര്‍മനിയില്‍ ജൂതവംശഹത്യക്കു കാരണക്കാരായ പ്രമുഖ നാസികളെയും മൊസാദ്‌ പിന്തുടര്‍ന്ന്‌ പിടികൂടിയിരുന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്‌ പലരെയും പിടികൂടിയത്‌. ജര്‍മന്‍-ഓസ്ട്രിയൻ നാസി സൈനിക യൂണിറ്റിന്റെ മേധാവിയും ജൂത വംശഹത്യയുടെ സംഘാടകനുമായിരുന്നു അഡോള്‍ഫ്‌ ഐച്ച്‌മാനെ അര്‍ജന്റീനയിലെ ബ്യൂണിസ് അയേഴ്സിൽ നിന്ന്‌ 1960 മാര്‍ച്ച്‌ ഒന്നിനാണ്‌ പിടികൂടുന്നത്‌.

തുടര്‍ന്ന്‌ രഹസ്യമായി ഇയാളെ ഇസ്രായേലില്‍ എത്തിച്ചു വിചാരണ നടത്തി തൂക്കിക്കൊന്നു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ കശാപ്പുകാരൻ എന്ന പേരില്‍ കുപ്രസിദ്ധനായ നാസി ഹെര്‍ബര്‍ട്ട്‌ കുക്രുസിനെ യുറുഗ്വേയിലെ മോണ്ടിവിഡിയോയില്‍ വെച്ചാണ്‌ കൊല്ലുന്നത്‌.

First published:

Tags: Mohsen fakhrizadeh assassination, Mossad, World