ലണ്ടനിൽ നിന്നും കാണാതായ 45 കാരിയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. നിക്കോള ബുള്ള എന്ന സ്ത്രീയെയാണ് കാണാതായത്. വടക്കൻ ഇംഗ്ലണ്ടിലെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നിക്കോളയുടെ ഫോൺ കണ്ടെത്തിയിരുന്നു. ഇവർ പുഴയിൽ വീണതായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ നിഗമനം തള്ളിക്കളയുകയാണ് ചെയ്യുന്നത്.
പത്ത് ദിവസം മുൻപ്, തന്റെ രണ്ട് പെൺകുട്ടികളെ പതിവുപോലെ ലങ്കാഷയറിലുള്ള സ്കൂളിൽ ഇറക്കിയ ശേഷം, അടുത്തുള്ള ഒരു നദിയുടെ സമീപത്തു കൂടി തന്റെ നായയുമൊന്നിച്ച് നിക്കോള നടന്നു പോകുന്നത് തങ്ങൾ കണ്ടെന്ന് ചിലർ മൊഴി നൽകിയിട്ടുണ്ട്. പിന്നീട് ഇവരുടെ നായയെ പരിഭ്രാന്തനായി ഓടുന്ന നിലയിൽ കണ്ടെത്തി. നിക്കോളയുടെ തിരോധാനം വലിയ വാർത്തയാകുകയും ചെയ്തു.
ഇവർ പുഴയിലേക്ക് വഴുതിവീണതാണെന്ന അനുമാനത്തിലാണ് തങ്ങളെന്നും ഇതിൽ മറ്റ് ക്രിമിനൽ ഗൂഢാലോചനയൊന്നും സംശയിക്കുന്നില്ലെന്നും പോലീസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ, പോലീസിന്റെ വാദങ്ങളെ തള്ളി നിക്കോളയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്തെത്തി. നദീതീരത്തെ ചെളിയിൽ നിക്കോളയുടെ കാൽപ്പാടുകളൊന്നും പതിഞ്ഞിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
നിക്കോള ബുള്ളെയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന് മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചു. തന്റെ മകൾ നദിയിൽ വീണതിന് തെളിവുകളൊന്നുമില്ലെന്നും ആരെങ്കിലും അവളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയോ എന്ന് സംശയിക്കുന്നതായും നിക്കോളയുടെ പിതാവ് ഏണസ്റ്റ് പറഞ്ഞു. രണ്ടു കൊച്ചുകുട്ടികൾ അവരുടെ അമ്മ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
”ആർക്കോ ഇതിൽ പങ്കുള്ളതായി സംശയിക്കുന്നു. ആളുകൾ വായുവിൽ അപ്രത്യക്ഷരാകില്ലല്ലോ”, ബുള്ളെയുടെ സഹോദരി ലൂയിസ് കണ്ണിംഗ്ഹാം പറഞ്ഞു. മുങ്ങൽ വിദഗ്ധർ നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും കാണാതായ ആളുടെ ഒരടയാളവും കണ്ടെത്താൻ കഴിഞ്ഞില്ല. സ്പെഷ്യലിസ്റ്റ് അണ്ടർവാട്ടർ റെസ്ക്യൂ ടീമും തിങ്കളാഴ്ച തിരച്ചിലിൽ പങ്കുചേർന്നിരുന്നു.
തിരച്ചിലിനായി തങ്ങളുടെ ടീം ഹൈടെക് സോണാർ ഉപയോഗിക്കുന്നണ്ടെന്നും ഈ ഉപകരണത്തിന് പുഴയിലുള്ള ഓരോ കല്ലും വടിയും പോലും കണ്ടെത്താൻ സാധിക്കുമെന്നും ഫോറൻസിക് വിദഗ്ധനും സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് ഇന്റർനാഷണലിന്റെ (Specialist Group International) ചീഫ് എക്സിക്യൂട്ടീവുമായ പീറ്റർ ഫോൾഡിംഗ് പറഞ്ഞു. നിക്കോളക്കായുള്ള തിരച്ചിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. നിക്കോള ഈ പുഴയിൽ തന്നെയാണോ വീണത് എന്ന് സ്ഥിരീകരിക്കാനോ മറ്റേതെങ്കിലും സാധ്യതകളുണ്ടോ എന്ന് പരിശോധിക്കാനും ഈ തിരച്ചിൽ പോലീസിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read- ചൈനയുടെ ചാര ബലൂൺ വെടിവെച്ചിട്ട അമേരിക്കൻ യുദ്ധവിമാനം; എഫ്-22 വിനെക്കുറിച്ചറിയാം
നിക്കോളയുടെ തിരോധാനത്തിൽ ഇപ്പോഴും ദുരൂഹതയും അനിശ്ചിതത്വവും തുടരുന്നത് കുടുംബത്തിന് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് സുഹൃത്ത് എമ്മ ബിബിസിയോട് പറഞ്ഞു. ”നിക്കോള പുഴയിൽ വീണു മരിച്ചതാണെന്നാണ് പോലീസിന്റെ അനുമാനം. അതിനെ പിന്തുണയ്ക്കുന്ന ചില തെളിവുകൾ ആവശ്യമാണ്. എങ്കിലേ ഇത് വിശ്വസിക്കാനാകൂ”, എമ്മ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.