വീട്ടിലിരുന്ന് 13 ഐടി ജോലികള്‍ ചെയ്ത സലൂണ്‍ ജീവനക്കാരന്‍ അറസ്റ്റില്‍; ശമ്പളമായി കിട്ടിയത് എട്ട് കോടി രൂപ
- Published by:Sneha Reghu
- news18-malayalam
Last Updated:
ജോലി നേടുന്നതിനായി വ്യാജ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ വ്യാജ സിവി ഉണ്ടാക്കിയതായി കണ്ടെത്തി
വിവിധ അമേരിക്കന്‍ ഐടി കമ്പനികളില്‍ ഒരേ സമയം വീട്ടിലിരുന്ന് ജോലി ചെയ്ത് തട്ടിപ്പ് നടത്തിയ സലൂണ്‍ ജീവനക്കാരന്‍ അറസ്റ്റില്‍. 2021-നും 2024-നും ഇടയില്‍ വിവിധ അമേരിക്കന്‍ ഐടി കമ്പനികളില്‍ ജോലി ലഭിക്കുന്നതിനായി ചൈനീസ് പൗരന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 20വര്‍ഷത്തോളമായി ഇയാള്‍ ജയിലിലാണ്. ഈ ജോലികളിലൂടെ 40-കാരനായ മിന്‍ ഫുവോങ് എന്‍ഗോക് വോങ് 9,70,000 ഡോളര്‍ (ഏകദേശം എട്ട് കോടി രൂപ) ശമ്പളമായി വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചൈനയില്‍ നിന്ന് ജോലി ചെയ്യുന്നതായി സംശയിക്കുന്ന ഉത്തരകൊറിയന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ടി സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് ടാസ്‌ക്കുകളാണ് മിന്‍ ഫുവോങ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ജോലികളില്‍ ചിലത് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ കരാര്‍ നല്‍കുന്നതടക്കമുള്ളവയായിരുന്നുവെന്നാണ് യുഎസ് നീതിന്യായ വകുപ്പ് പറയുന്നത്.
ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡെവലപ്പര്‍മാര്‍ വിദേശത്തിരുന്ന് ലോഗിന്‍ ചെയ്തുകൊണ്ട് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള സര്‍ക്കാര്‍ സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിന് ഈ ജോലികള്‍ ഉപയോഗിച്ചതായാണ് അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ പരിശീലനം നേടി പ്രവര്‍ത്തിക്കുന്ന വന്‍ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണ് ജയിലില്‍ കഴിയുന്ന മിന്‍ ഫുവോങ് എന്‍ഗോക് വോങ്ങെന്നും ഇവര്‍ വ്യക്തമാക്കുന്നു.
advertisement
ഉത്തരകൊറിയന്‍ പൗരന്മാരാണ് ഇത്തരത്തില്‍ പരിശീലനം നേടി വീട്ടിലിരുന്ന ചെയ്യാന്‍ കഴിയുന്ന ഐടി ജോലികളിലൂടെ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. വിവിധ റിമോട്ട് വര്‍ക്ക് ഐടി ജോലികള്‍ ഇവര്‍ യുഎസ് ഫെസിലിറ്റേറ്റര്‍മാരുമായി ചേര്‍ന്ന് തട്ടിപ്പിലൂടെ പിടിച്ചെടുക്കും. വിവിധ ഐഡന്റിന്റികളായിരിക്കും ഇതിന് ഉപയോഗിക്കുക. റഷ്യയിലോ ചൈനയിലോ ഇരുന്ന് ഇവര്‍ ജോലി ചെയ്യുകയും തുടര്‍ന്ന് അവരുടെ ശമ്പളം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് നിയമവിരുദ്ധമായി കൈമാറുകയും ചെയ്യുന്നുവെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.
ഉത്തരകൊറിയന്‍ പൗരനാണെന്ന് സംശയിക്കപ്പെടുന്ന വില്യം ജയിംസ് ഉള്‍പ്പെടെയുള്ള ചൈനയിലെ ഡെവലപ്പര്‍മാരുമായി ചേര്‍ന്ന് വോങ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് യുഎസ് അധികൃതര്‍ വിശ്വസിക്കുന്നതെന്നും ഫോര്‍ച്ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. സെല്‍ ഫോണ്‍ വീഡിയോ ഗെയിം ആപ്പ് വഴിയാണ് വില്യം തന്നെ സമീപിച്ചതെന്ന് വോങ് വെളിപ്പെടുത്തിയതായാണ് വിവരം. ഡെവലപ്‌മെന്റ് ജോലികള്‍ ചെയ്തുകൊണ്ട് നിയമപരമായി പണം സമ്പാദിക്കാനാകുമെന്ന് പറഞ്ഞ വില്യത്തിന് തന്റെ കമ്പ്യൂട്ടറിലേക്ക് ആക്‌സസ് കൊടുത്തതായും വോങ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
advertisement
വോങ് ജോലി നേടുന്നതിനായി വ്യാജ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ വ്യാജ സിവി ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. സോഫ്റ്റവെയര്‍ ഡെവലപ്പ്‌മെന്റില്‍ 16 വര്‍ഷത്തെ പരിചയസമ്പത്താണ് ഇതില്‍ വോങ് അവകാശപ്പെടുന്നത്. ഹവായ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമുണ്ടെന്നും അതില്‍ പറയുന്നു. മാത്രമല്ല, രഹസ്യ തലത്തിലുള്ള സുരക്ഷാ ക്ലിയറന്‍സ് ഉള്ളതായും സിവിയില്‍ വോങ് അവകാശപ്പെടുന്നുണ്ട്.
എന്നാല്‍, ഇതെല്ലാം തെറ്റായ വിവരങ്ങളാണെന്ന് യുഎസ് അന്വേഷണ ഏജന്‍സി കണ്ടെത്തി. മാത്രമല്ല, വോങ്ങിന് പരിചയസമ്പത്തോ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റില്‍ ബിരുദമോ ഇല്ലെന്നും അധികൃതര്‍ മനസ്സിലാക്കി. 13 കമ്പനികളില്‍ ഒന്ന് ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിനിടെ എടുത്ത വോങ്ങിന്റെ സ്‌ക്രീന്‍ ഷോട്ട് അവസാന ഘട്ട അഭിമുഖത്തിനിടെ എടുത്ത സ്‌ക്രീന്‍ഷോട്ടുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ഇതോടെ വോങ്ങിന്റെ ഐഡന്റിന്റി പരിശോധിക്കാന്‍ ഡ്രൈവിങ് ലൈസന്‍സും യുഎസ് പാസ്‌പോര്‍ട്ടും കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് വന്‍ തട്ടിപ്പിന്റെ കഥ പുറംലോകം അറിയുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
April 29, 2025 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വീട്ടിലിരുന്ന് 13 ഐടി ജോലികള്‍ ചെയ്ത സലൂണ്‍ ജീവനക്കാരന്‍ അറസ്റ്റില്‍; ശമ്പളമായി കിട്ടിയത് എട്ട് കോടി രൂപ