ഒളിവിൽ കഴിഞ്ഞത് 50 വര്‍ഷം; ജപ്പാന്‍ പോലീസിനെ വലച്ച പിടികിട്ടാപ്പുള്ളി മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
അതേസമയം ഡിഎന്‍എ പരിശോധന നടത്തി ഇയാള്‍ സതോഷി കിരിഷിമയാണോ എന്ന് സ്ഥിരീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാന്‍ പോലീസ്.
ജപ്പാന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് അമ്പത് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി സതോഷി കിരിഷിമ മരിച്ചു. 1970ല്‍ നടന്ന ഒരു ബോംബാക്രമണ കേസിലെ പ്രതിയാണ് കിരിഷിമ. ക്യാന്‍സര്‍ ചികിത്സയ്ക്കായാണ് കിരിഷിമ ജപ്പാനിലെ ഒരു ആശുപത്രിയിലെത്തിയത്. വ്യാജപ്പേരായിരുന്നു ആദ്യം ആശുപത്രിയില്‍ നല്‍കിയത്. പിന്നീട് സ്വന്തം പേര് ഇദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു.
അതേസമയം ഡിഎന്‍എ പരിശോധന നടത്തി ഇയാള്‍ സതോഷി കിരിഷിമയാണോ എന്ന് സ്ഥിരീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാന്‍ പോലീസ്.
ഒളിവ് ജീവിതം
ഇത്രയും കാലം എങ്ങനെ സതോഷി ഒളിവില്‍ കഴിഞ്ഞുവെന്നതിനെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 1954 ജനുവരിയില്‍ ഹിരോഷിമയിലാണ് സതോഷി ജനിച്ചത്. ടോക്കിയോ സര്‍വ്വകലാശാലയിലെ പഠനകാലത്താണ് തീവ്ര ഇടതുപക്ഷ രാഷ്ട്രീയം ഇദ്ദേഹത്തെ ആകര്‍ഷിച്ചത്. തുടര്‍ന്ന് അദ്ദേഹം ഈസ്റ്റ് ഏഷ്യ ആന്റി ജപ്പാന്‍ ആര്‍മ്ഡ് ഫ്രണ്ടില്‍ ചേര്‍ന്നു.
advertisement
തുടര്‍ന്ന് ഈ സംഘടന ജപ്പാനിലെ വിവിധ കമ്പനികളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി. അതില്‍ സതോഷിയും പങ്കാളിയായി. മിറ്റ്സുബിഷി ഹെവി ഇന്‍ഡസ്ട്രീസിലും സംഘടന സ്‌ഫോടനം നടത്തി. ഇതില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
1975ല്‍ ടോക്കിയോയിലെ ജിന്‍സ ജില്ലയിലെ ഒരു കെട്ടിടത്തിലെ സ്‌ഫോടനത്തിലും ഇദ്ദേഹം പങ്കാളിയായി. ഈ സ്‌ഫോടനത്തില്‍ കെട്ടിടം പാടെ തകര്‍ന്നിരുന്നു. എന്നാല്‍ ആരും കൊല്ലപ്പെട്ടിരുന്നില്ല. ഈ സംഭവത്തിന് ശേഷമാണ് സതോഷി കിരിഷിമ ഒളിവില്‍ പോയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു കെട്ടിട നിർമാണ തൊഴിലാളിയായാണ് സതോഷി ജീവിച്ചിരുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫുജിസാവ നഗരത്തിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഹിരോഷി ഉച്ചിഡ എന്ന വ്യാജപ്പേരിലാണ് ഇവിടെ കഴിഞ്ഞത്. ജോലി ചെയ്താല്‍ പണം കൈയിൽ വാങ്ങുന്ന സതോഷി ഡ്രൈവിംഗ് ലൈസന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഒന്നും എടുത്തിരുന്നില്ല. പോലീസിന്റെ കണ്ണില്‍പ്പെടാതിരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
advertisement
കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്നാണ് കിരിഷിമ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. കമകുറ സിറ്റിയിലെ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്. ഇവിടെ വെച്ചാണ് താന്‍ സതോഷി കിരിഷിമ ആണെന്ന വിവരം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഈസ്റ്റ് ഏഷ്യ ആന്റി ജപ്പാന്‍ ആര്‍മ്ഡ് ഫ്രണ്ടിലെ മറ്റ് ഒൻപത് അംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കേസിലുള്‍പ്പെട്ട 75 വയസ്സുള്ള രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്.
ജപ്പാനീസ് റെഡ് ആര്‍മിയുടെ വനിതാ സ്ഥാപകയായ ഫുസാക്കോ ഷിഗെനോബു 20 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയ ശേഷം 2022ല്‍ ജയില്‍മോചിതയായിരുന്നു. 1974ലെ എംബസി ഉപരോധക്കേസിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
advertisement
1970കളിലും എണ്‍പതുകളിലും പലസ്തീന്‍ സമരത്തെ പിന്തുണച്ച് ഷിഗെനോബുവിന്റെ സംഘം സായുധ ആക്രമണങ്ങള്‍ നടത്തിയിരുന്നു. 1972ല്‍ ടെല്‍ അവീവ് വിമാനത്താവളത്തില്‍ 24 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനും ഇവര്‍ നേതൃത്വം നല്‍കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 31, 2024 8:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഒളിവിൽ കഴിഞ്ഞത് 50 വര്‍ഷം; ജപ്പാന്‍ പോലീസിനെ വലച്ച പിടികിട്ടാപ്പുള്ളി മരിച്ചു