ഇസ്ലാമബാദ്: വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷാറഫ് മരിച്ചാൽ അദ്ദേഹത്തിന്‍റെ മൃതദേഹം പാർലമെന്‍റിലേക്ക് വലിച്ചിഴയ്ക്കണമെന്ന് പാകിസ്ഥാനിലെ പ്രത്യേക കോടതി ഉത്തരവ്. ഒപ്പം മൃതദേഹം മൂന്നുദിവസം കെട്ടി തൂക്കണമെന്നും പാക് പ്രത്യേക കോടതി ഉത്തരവിട്ടു.
ഈ മാസം 17ന് ആയിരുന്നു രാജ്യദ്രോഹക്കേസിൽ മുൻ പ്രസിഡന്‍റ് പർവേസ് മുഷാറഫിന് പാക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതിയിലെ മൂന്നംഗ ബെഞ്ചായിരുന്നു വധശിക്ഷ വിധിച്ചത്. പാക് ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ട് ആയിരുന്നു ഇത്തരത്തിൽ ഒരു വധശിക്ഷ വിധിച്ചത്. പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത് തലവനായ ബെഞ്ചാണ് മുഷാറഫിന് എതിരെയുള്ള രാജ്യദ്രോഹക്കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചത്.
നിയമവിരുദ്ധമായി ഭരണഘടന നിർത്തി വെയ്ക്കുകയും 2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തുവെന്നതാണ് മുഷാറഫിന് എതിരെ ആരോപിതമായ കുറ്റങ്ങൾ. ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ചത്. എന്നാൽ, ശിക്ഷയിൽ പിഴവുണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ പ്രഖ്യാപനം.
നിലവിൽ ചികിത്സയിൽ കഴിയുന്ന മുഷാറഫിനെ പിടികൂടാൻ നിയമപാലകരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, കോടതിയുടെ പുതിയ നിർദ്ദേശങ്ങളെ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ധർ വിശേഷിപ്പിച്ചത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.