പാകിസ്ഥാന്‍റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലൊരു സംഭവം ആദ്യമാണ്. രാജ്യദ്രോഹക്കേസിൽ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന് പാക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്. പ്രത്യേക കോടതിയിലെ മൂന്നംഗ ബെഞ്ചാണ് വധശിക്ഷ വിധിച്ചത്. പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത് തലവനായ ബെഞ്ചാണ് മുഷാറഫിന് എതിരെയുള്ള രാജ്യദ്രോഹക്കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചത്.
അതേസമയം, മുൻ പട്ടാളനമേധാവി കൂടിയായ പർവേസ് മുഷാറഫ് ഇപ്പോൾ ദുബായിലാണ്. നിയമവിരുദ്ധമായി ഭരണഘടന താൽക്കാലികമായി നിർത്തി വെയ്ക്കുകയും 2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തുവെന്നതാണ് മുഷാറഫിന് എതിരെ ആരോപിതമായ കുറ്റങ്ങൾ.
എന്നാൽ, താൻ കുറ്റം സമ്മതിച്ചിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും മുഷാറഫ് വാദിച്ചു. കുറ്റങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ മുഷാറഫിന് വധശിക്ഷ നേരിടേണ്ടി വരും. 2001 മുതൽ 2008 വരെ പാകിസ്ഥാൻ പ്രസിഡന്‍റ് ആയിരുന്ന പർവേസ് മുഷാറഫ് ആയിരുന്നു പാക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരി. 2008ൽ സ്വയം നാടു കടത്തപ്പെട്ട അദ്ദേഹം 2013ലാണ് പിന്നീട് പാകിസ്ഥാനിലേക്ക് വീണ്ടും മടങ്ങിയെത്തിയത്. തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിയെ നയിക്കാമെന്ന ധാരണയിൽ അദ്ദേഹം എത്തിയിരുന്നെങ്കിലും അയോഗ്യനാക്കപ്പെടുകയായിരുന്നു.
പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന് വധശിക്ഷ
കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് 2013 ഡിസംബർ മുതൽ രാജ്യദ്രോഹക്കേസിൽ ഇയാൾ വിചാരണ നേരിട്ടു വരികയാണ്. 2014 മാർച്ച് 31നാണ് ഇയാളെ കേസിൽ പ്രതിയാക്കിയത്. അതേവർഷം, സെപ്തംബറിൽ തന്നെ പ്രോസിക്യൂഷൻ മുഴുവൻ തെളിവുകളും പ്രത്യേക കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു.
പക്ഷേ, അപ്പലേറ്റ് ഫോറങ്ങളിലെ വ്യവഹാരത്തെ തുടർന്ന്, മുഷറഫിന്‍റെ വിചാരണ നീണ്ടു നിന്നു. തുടർന്ന് 'വൈദ്യചികിത്സയ്ക്കായി' 2016 മാർച്ചിൽ അദ്ദേഹം പാകിസ്താൻ വിട്ടു. ആവർത്തിച്ച് സമൻസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് മുൻ പാകിസ്ഥാൻ പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാൻ കോടതി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് (എഫ്ഐഎ) നിർദേശം നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.