'സംഘാടകർക്ക് ചിരി'; സ്‌പെയിനിൽ ടൂര്‍ണമെന്റിനെത്തിയ ആറ് ഇന്ത്യന്‍ ചെസ്സ് താരങ്ങളുടെ പാസ്പോർട്ടടക്കം മോഷണം പോയി

Last Updated:

70 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിലെ ആറ് പേരുടെ വസ്തുക്കളാണ് മോഷണം പോയത്

സ്‌പെയിനിലെ ചെസ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ആറ് ഇന്ത്യന്‍ താരങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായി പരാതി. മൂന്ന് വ്യത്യസ്ത ഇടങ്ങളിലായിട്ടാണ്ആറ് താരങ്ങളുടെ വസ്തുക്കള്‍ മോഷണം പോയത്. താരങ്ങളുടെ താമസസ്ഥലത്ത് നിന്നാണ് ഇവ നഷ്ടപ്പെട്ടത്. പാസ്‌പോര്‍ട്ട്, ലാപ്‌ടോപ്പ്, പണം എന്നിവയുള്‍പ്പെടെയാണ് നഷ്ടമായത്. സണ്‍വേ സിറ്റ്ജ്‌സ് ചെസ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ സ്‌പെയിനിലെത്തിയത്.
70 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിലെ ആറ് പേരുടെ വസ്തുക്കളാണ് മോഷണം പോയത്. സംഘാടകര്‍ താമസിക്കാന്‍ നല്‍കിയ അപ്പാര്‍ട്ട്‌മെന്റിലാണ് മോഷണം നടന്നതെന്ന് താരങ്ങള്‍ പറഞ്ഞു. അതേസമയം വിവരം സംഘാടകരെയും പോലീസിനെയും അറിയിച്ചെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ലെന്ന് താരങ്ങളിലൊരാള്‍ പറഞ്ഞു. ഇന്ത്യന്‍ അധികൃതര്‍ വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് ഇവര്‍ എക്‌സില്‍ പോസ്റ്റിടുകയും ചെയ്തു.
'' എന്റെ പാസ്പോർട്ട്, ലാപ്‌ടോപ്പ്, പണം, മറ്റ് ചില വസ്തുക്കള്‍ എന്നിവയെല്ലാം മോഷണം പോയി. എന്റെ കൂടെ താമസിച്ചിരുന്നയാളുടെ ലാപ്‌ടോപ്പ്, എയര്‍പോഡ് എന്നിവയും മോഷണം പോയിട്ടുണ്ട്. പിന്നീടാണ് മറ്റ് ചില താരങ്ങളുടെ സാധനങ്ങളും മോഷണം പോയ കാര്യം ഞങ്ങളറിഞ്ഞത്,'' ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ദുഷ്യന്ത് ശര്‍മ്മ എക്‌സിലിട്ട പോസ്റ്റില്‍ കുറിച്ചു. ഇന്ത്യന്‍ എംബസി, കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് ടാക്കൂര്‍, വിദേശകാര്യവകുപ്പ് മന്ത്രി എസ്. ജയശങ്കര്‍ എന്നിവരെ ടാഗ് ചെയ്തായിരുന്നു ഇദ്ദേഹം പോസ്റ്റിട്ടത്.
advertisement
അതേസമയം നഷ്ടപ്പെട്ട തന്റെ എയര്‍പോഡ് ട്രാക്ക് ചെയ്തപ്പോള്‍ ബാഴ്‌സലോണയ്ക്ക് അടുത്തുള്ള പ്രദേശത്ത് ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞെന്നും ദുഷ്യന്ത് ശര്‍മ്മ പറഞ്ഞു. ഈ വിവരം പോലീസിനെ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. പോലീസ് യാതൊരു നടപടിയുമെടുത്തില്ലെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. '' ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ സങ്കല്‍പ് ഗുപ്തയുടെ എയര്‍പോഡ് ഇപ്പോഴും ട്രാക്ക് ചെയ്യാനാകുന്നുണ്ട്. എന്നാല്‍ പോലീസോ സംഘാടകരോ ഇതില്‍ നടപടിയെടുക്കുന്നില്ല,'' ശര്‍മ്മ പറഞ്ഞു.
advertisement
അതേസമയം സമാനമായ പരാതിയുമായി ചെസ്സ് താരമായ മൗനിക അക്ഷയയും രംഗത്തെത്തി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 12000 രൂപയും, കുറച്ച് വെള്ളി ആഭരണങ്ങളും നഷ്ടമായെന്ന് മൗനിക പറഞ്ഞു. തന്റെ റൂംമേറ്റിന്റെ ഫോണും മോഷ്ടിക്കപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു. '' ആദ്യം കരുതിയത് എന്റെ പേഴ്‌സ് മോഷണം പോയെന്നാണ്. എന്നാല്‍ പേഴ്‌സ്, പാസ്‌പോര്‍ട്ട്, അതിലുണ്ടായിരുന്ന മറ്റ് രേഖകകള്‍ എന്നിവയെല്ലാം ബാല്‍ക്കണിയിലെ തറയില്‍ ചിതറിക്കിടക്കുകയായിരുന്നു. സംഘാടകര്‍ നല്‍കിയ സുരക്ഷാ സംവിധാനങ്ങളുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് മോഷണം നടന്നിരിക്കുന്നത്. എന്നാൽ ആരാണ് ഇത് ചെയ്‌തതെന്ന് കണ്ടെത്താന്‍ പോലുമായിട്ടില്ല,'' എന്നും മൗനിക പറഞ്ഞു.
advertisement
അതേസമയം സംഘാടകര്‍ ശരിയായ രീതിയില്‍ പ്രതികരിച്ചില്ലെന്ന് ചെസ്സ് താരങ്ങളിലൊരാള്‍ പറഞ്ഞു. കാര്യം പറഞ്ഞപ്പോള്‍ തങ്ങളെ കളിയാക്കുന്ന രീതിയിലാണ് സംഘാടകര്‍ പ്രതികരിച്ചതെന്നും മൗനിക പറഞ്ഞു. '' അവര്‍ അനുവദിച്ച അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഞങ്ങളുടെ സാധനങ്ങള്‍ മോഷണം പോയത്. അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംഘാടകരോട് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പറഞ്ഞപ്പോള്‍ ഞങ്ങളെ കളിയാക്കുന്ന രീതിയിലാണ് അവര്‍ പ്രതികരിച്ചത്. വേണമെങ്കില്‍ ഒരു ദിവസത്തെ ഡിന്നര്‍ നഷ്ടപരിഹാരമായി നല്‍കാമെന്നായിരുന്നു അവരുടെ മറുപടി,'' എന്ന് മൗനിക അക്ഷയ പറഞ്ഞു.
advertisement
അതേസമയം സംഭവം വൈറലായതോടെ ഖേദം പ്രകടിപ്പിച്ച് ടൂര്‍ണമെന്റ് സംഘാടകര്‍ രംഗത്തെത്തി. അപ്പാര്‍ട്ട്‌മെന്റിന്റെ വാതിലുകളും ജനലുകളും അടയ്ക്കാത്തതുകൊണ്ടാണ് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടാകുന്നത് എന്നായിരുന്നു സംഘാടകരുടെ മറുപടി. എന്നാല്‍ ഇതിനുപിന്നാലെ സംഘാടകരെ വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തു. ''സംഘാടകരെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. താരങ്ങള്‍ക്ക് അവര്‍ മതിയായ സുരക്ഷ ഉറപ്പാക്കണമായിരുന്നു. എന്നാല്‍ അതിന് പകരം ഇന്ത്യന്‍ താരങ്ങളെ കളിയാക്കുകയായിരുന്നു അവര്‍. മോശം പെരുമാറ്റമാണിത്,'' ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'സംഘാടകർക്ക് ചിരി'; സ്‌പെയിനിൽ ടൂര്‍ണമെന്റിനെത്തിയ ആറ് ഇന്ത്യന്‍ ചെസ്സ് താരങ്ങളുടെ പാസ്പോർട്ടടക്കം മോഷണം പോയി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement