'ബ്രാഹ്‌മണര്‍ ലാഭം കൊയ്യുന്നു...'; റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിനെതിരേ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ

Last Updated:

2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈനില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി വളരെ കുറവായിരുന്നുവെന്ന് പീറ്റര്‍ നവാരോ വാദിച്ചു

News18
News18
റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിനെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകന്‍ പീറ്റര്‍ നവാരോ. സാധാരണ പൗരന്മാരുടെ ചെലവില്‍ 'ബ്രാഹ്‌മണര്‍' ലാഭം കൊയ്യുകയാണെന്ന് വൈറ്റ് ഹൗസിന്റെ വ്യാപാര ഉപദേഷ്ടാവായ അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയുമായും ചൈനയുമായും നടത്തുന്ന ഇടപെടലുകളെ ഫോക്‌സ്‌ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നവാരോ ചോദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന വിശേഷണമുണ്ടായിട്ടും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
''മോദി ഒരു മികച്ച നേതാവാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നിരിക്കെ പുടിനും ഷി ജിന്‍പിംഗിനുമൊപ്പം അദ്ദേഹം ചേര്‍ന്ന് നില്‍ക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതിനാല്‍ ഇന്ത്യയിലെ ജനങ്ങളോട് എനിക്ക് ലളിതമായി ഒരു കാര്യം പറയാന്‍ കഴിയും. ദയവായി ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇന്ത്യയിലെ ജനങ്ങളുടെ ചെലവില്‍ ബ്രാഹ്‌മണര്‍ ലാഭം കൊയ്യുന്നുണ്ട്. അത് അവസാനിപ്പിക്കണം,'' നവാരോ പറഞ്ഞു.
advertisement
2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈനില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി വളരെ കുറവായിരുന്നുവെന്ന് അദ്ദേഹം വാദിച്ചു. ''എന്നാല്‍, അതിന് ശേഷം ഇന്ത്യ റഷ്യന്‍ എണ്ണയുടെ ഉപഭോഗം ഗണ്യമായി വര്‍ധിപ്പിച്ചു. റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങിയശേഷം ശുദ്ധീകരിച്ച് ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവടങ്ങളിലേക്ക് പ്രീമിയം നിരക്കില്‍ വീണ്ടും കയറ്റുമതി ചെയ്തു.  ഈ കച്ചവടത്തിലൂടെ റഷ്യയുടെ യുദ്ധതന്ത്രത്തിന് ഇന്ത്യ ഇന്ധനം നല്‍കുന്നു,'' നവാരോ ആരോപിച്ചു.
''ഇന്ത്യയ്ക്ക് ഇപ്പോള്‍ അമേരിക്ക 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയ്ക്കാകട്ടെ 50 ശതമാനത്തില്‍ നിന്നും അല്‍പം കൂടുതലാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എത്ര ഉയര്‍ന്നതിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. എന്നാല്‍, നമുക്ക് ഇന്ത്യയുടെ കാര്യമെടുക്കാം. കാരണം, 2022 ഫെബ്രുവരിയില്‍ പുടിന്‍ യുക്രൈനില്‍ അധിനിവേശം നടത്തുന്നതിന് മുമ്പ് വളരെ ചെറിയ അളവിലായിരുന്നു റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങിയിരുന്നത് എന്നതാണ് നമ്മള്‍ അറിയേണ്ട ഒരേയൊരു കാര്യം,'' നവാരോ പറഞ്ഞു.
advertisement
കൂടാതെ അദ്ദേഹം ഇന്ത്യയെ താരിഫിന്റെ 'മഹാരാജാവ്' എന്നും വിശേഷിപ്പിച്ചു. രാജ്യത്തിന്റെ വ്യാപാരനയങ്ങളും റഷ്യന്‍ ക്രൂഡിന് കിഴിവേര്‍പ്പെടുത്തിയതും മോസ്‌കോയ്ക്ക് യുദ്ധം ചെയ്യാനുള്ള ധനസഹായം നല്‍കിയതായും അത് ആഗോളവെല്ലുവിളിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
നവാരോയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളി
പീറ്റര്‍ നവാരോ മുമ്പ് നടത്തിയ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളെ ഇന്ത്യ എതിര്‍ത്തിരുന്നു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് അദ്ദേഹം നല്‍കിയ വിവരണത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളും ഉള്‍പ്പെട്ടിരുന്നു. റഷ്യന്‍ ക്രൂഡ് ഓയില്‍ ആഗോള ഉപരോധങ്ങള്‍ കീഴിലല്ലെന്നും മറിച്ച് ജി7-ഇയു(G7-EU) വിലപരിധി വ്യവസ്ഥയ്ക്ക് കീഴിലാണെന്നും ഉദ്യോഗസ്ഥരും വിദഗ്ധരും ചൂണ്ടിക്കാട്ടി. കൂടാതെ ഇന്ത്യയുടെ ഇറക്കുമതി ഈ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
advertisement
എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട ഭൂരിഭാഗം കരാറുകളും യുഎഇ ദിര്‍ഹം പോലെയുള്ള ഇതര കറന്‍സികളിലാണ് തീര്‍പ്പാക്കുന്നതെന്നതിനാല്‍ മോസ്‌കോയ്ക്ക് ധനസഹായം നല്‍കാന്‍ ഇന്ത്യ അതിന്റെ വ്യാപാര മിച്ചത്തില്‍ നിന്ന് യുഎസ് ഡോളര്‍ ഉപയോഗിക്കുന്നുവെന്ന വാദവും ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയുടെ എണ്ണ ശുദ്ധീകരണവും പുനര്‍ കയറ്റുമതിയും ആഗോള വിതരണം സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ദീര്‍ഘകാല നിയമപരമായ രീതിയാണെന്നും ഇന്ത്യ വാദിച്ചു.
കൂടാതെ, 2022ലെ എണ്ണ പ്രതിസന്ധിയില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഇന്ധന വില മരവിപ്പിക്കുന്നത് മുതല്‍ ഉയര്‍ന്ന നികുതികള്‍ ചുമത്തുന്നത് വരെയുള്ള ആഭ്യന്തര ചെലവുകള്‍ ഇന്ത്യ ഏറ്റെടുത്തു. ലാഭം കൊയ്യുകയല്ല, മറിച്ച് വിപണി സ്ഥിരത കൈവരിക്കുകയെന്നതിലാണ് ഇന്ത്യയുടെ പങ്ക് എന്ന് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നു. ഇത് നവാരോയുടെ വാദങ്ങളെ നേരിട്ട് വെല്ലുവിളിക്കുകയും ചെയ്യുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
'ബ്രാഹ്‌മണര്‍ ലാഭം കൊയ്യുന്നു...'; റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിനെതിരേ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement