പ്രധാനമന്ത്രിയുടെ അമേരിക്ക, ഈജിപ്ത് സന്ദർശനം ജൂൺ 20 മുതൽ; ഉഭയകക്ഷി ചർച്ചകൾ നടത്തും
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രധാനമന്ത്രിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്
ജി20 ഉച്ചകോടിക്ക് മുൻപായ ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 20ന് വിദേശപര്യടനത്തിനു തിരിക്കും. ജൂൺ 20 മുതൽ 24 വരെ പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുമെന്ന് വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ജൂൺ 24 വരെ അമേരിക്കയിൽ തുടർന്ന ശേഷം പ്രധാനമന്ത്രി ഈജിപ്തിലേക്ക് തിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവട, നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുകയുമാണ് പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദർശനത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്.
advertisement
സെപ്തംബറിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായി ആസൂത്രണം ചെയ്തിട്ടുള്ള ഉഭയകക്ഷി ചർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അമേരിക്കയുമായി നടക്കുക. ജി20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സെപ്തംബറിൽ ഇന്ത്യയും സന്ദർശിക്കുന്നുണ്ട്. അമേരിക്കയുമായി ചേർന്നുള്ള ചില സുപ്രധാന നടപടികൾ പ്രധാമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ച ചെയ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ. 31 ഡ്രോണുകൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം, സെമികണ്ടക്ടറുകളുടെ വിഷയത്തിൽ പ്രതീക്ഷിക്കുന്ന കൂട്ടായ പ്രവർത്തനം എന്നിവയാണ് അവയിൽ ചിലത്.
ന്യൂയോർക്കിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം ആരംഭിക്കുക. ജൂൺ 21ന് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിന ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകും. അതിനു ശേഷം വാഷിംഗ്ടണിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ജൂൺ 22ന് വൈറ്റ് ഹൗസിൽ വച്ച് ഔപചാരിക സ്വീകരണം ഏറ്റുവാങ്ങും. അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായി ഉന്നത തല ചർച്ചകളും നടത്തും
advertisement
അതേ ദിവസം അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്തു സംസാരിക്കും. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കറായ കെവിൻ മക്കാർത്തി, സെനറ്റ് സ്പീക്കറായ ചാൾസ് ഷൂമർ എന്നിവരടക്കമുള്ളവരുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി കോൺഗ്രസിലെത്തുന്നത്. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികൾക്കോ പ്രമുഖ ലോക നേതാക്കൾക്കോ മാത്രമാണ് ഇത്തരത്തിൽ സംയുക്ത സമ്മേളനങ്ങൾ അഭിസംബോധന ചെയ്തു സംസാരിക്കാൻ ക്ഷണം ലഭിക്കാറുള്ളത്. 2016ലും മോദി ഇത്തരത്തിൽ സഭയിൽ പ്രസംഗിച്ചിരുന്നു.
ജൂൺ 23ന്, വൈസ് പ്രസിഡന്റ് കമല ഹാരിസും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനും ഒരുക്കുന്ന ഉച്ചവിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും. ഔദ്യോഗിക പരിപാടികൾക്കൊപ്പം, സിഇഒകൾ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചകളുമുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള പ്രവാസികളെയും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്.
advertisement
അമേരിക്കയിലെ സന്ദർശന പരിപാടികൾക്കു ശേഷം മോദി ഈജിപ്റ്റ് പ്രസിഡന്റ് അബ്ദൽു ഫത്താഹ് അൽ-സിസിയുടെ ക്ഷണം സ്വീകരിച്ച് കയ്‌റോയിലേക്ക് തിരിക്കും. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷപരിപാടികളിൽ സിസിയായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക അതിഥി.
പ്രസിഡന്റ് സിസിയുമായും ഈജിപ്ഷ്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഈജിപ്തിലെ പ്രമുഖ വ്യക്തിത്വങ്ങളുമായും രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ചകൾ നടത്തും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 17, 2023 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പ്രധാനമന്ത്രിയുടെ അമേരിക്ക, ഈജിപ്ത് സന്ദർശനം ജൂൺ 20 മുതൽ; ഉഭയകക്ഷി ചർച്ചകൾ നടത്തും


