റെസ പഹ്‌ലവി; നാടുകടത്തപ്പെട്ട രാജകുമാരൻ ഇറാനിലേക്ക് തിരികെ വരുമോ?
- Published by:Nandu Krishnan
- news18-malayalam
Last Updated:
അഞ്ച് പതിറ്റാണ്ടുകാലമായി അമേരിക്കയില്‍ പ്രവാസിയായി കഴിയുകയാണ് പഹ്‍ലവി
ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും എതിരായി ആരംഭിച്ച പ്രതിഷേധം രാഷ്ട്രീയ മാറ്റത്തിനും രാജ്യത്തെ മതാധിപത്യ ഭരണകൂടത്തിന്റെ അവസാനത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളായി മാറിക്കഴിഞ്ഞു.
സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും കൂട്ട അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധങ്ങള്‍ വ്യാപിച്ചു. രാജ്യത്ത് അശാന്തി രൂക്ഷമായതോടെ ഇറാന്റെ ഭൂതകാലത്തില്‍ നിന്നുള്ള പരിചിതമായ പേര് പൊതുചര്‍ച്ചകളില്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്, ഇറാനില്‍ നിന്നും നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‍ലവിയുടേതാണ് ആ പേര്.
പൊതുജന സമ്മര്‍ദ്ദം രാജ്യത്തെ മതാധിപത്യ ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും തെരുവുകളില്‍ തന്നെ തുടരാനും പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്താണ് റെസ പഹ്‌ലവി ഇറാന്റെ സമീപകാല ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുള്ളത്. പ്രതിഷേധക്കാരുടെ സാന്നിധ്യം ഖമേനിയുടെ അടിച്ചമര്‍ത്തല്‍ സംവിധാനത്തെ ദുര്‍ബലമാക്കിയെന്നും റെസ പഹ്‍ലവി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ഇറാനികളോട് പറഞ്ഞു.
advertisement
അധികാരികള്‍ വിശ്വസ്തരായ സുരക്ഷാ സേനയുടെ അഭാവം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിലെയും പോലീസിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും അംഗങ്ങളോട് കൂറുമാറാനും അദ്ദേഹം വീഡിയോയില്‍ ആഹ്വാനം ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂടത്തിന്റെ അനിവാര്യമായ പതനത്തിനായി ഇറാനിയന്‍ ജനതയ്‌ക്കെതിരെ നിലകൊള്ളരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഭരണാനന്തര മാറ്റത്തിനായി പ്രതിപക്ഷം തയ്യാറാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ജനാധിപത്യ സര്‍ക്കാര്‍ സ്ഥാപിക്കാനും കലാപാവസ്ഥ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള 100 ദിന പദ്ധതി നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങള്‍ തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു. "തെരുവുകളില്‍ നിന്ന് ഒഴിഞ്ഞുപോകരുത്, എന്റെ ഹൃദയം നിങ്ങള്‍ക്കൊപ്പമുണ്ട്. നാം ഇറാനെ തിരികെ പിടിക്കും", അദ്ദേഹം പറഞ്ഞു.
advertisement
ആരാണ് റെസ പഹ്‍ലവി ?
1979-ലെ വിപ്ലവത്തില്‍ അട്ടിമറിക്കപ്പെട്ട ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‍ലവിയുടെ മൂത്ത മകനാണ് റെസ പഹ്‍ലവി. 1960-ല്‍ ടെഹ്‌റാനില്‍ ജനിച്ച അദ്ദേഹത്തെ 1967-ല്‍ പിതാവിന്റെ കിരീടധാരണ ചടങ്ങിന്റെ സമയത്ത് കിരീടാവകാശിയായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നതു പ്രകാരം 1978-ല്‍ അദ്ദേഹം ഇറാന്‍ വിട്ട് ടെക്‌സാസിലെ റീസ് എയര്‍ഫോഴ്‌സ് ബേസില്‍ ജെറ്റ് ഫൈറ്റര്‍ പരിശീലനം നേടാന്‍ പോയി. 17-ാമത്തെ വയസ്സിലായിരുന്നു ഇത്. വിപ്ലവം പൊട്ടിപ്പുറപ്പെട്ട് രാജകുടുംബത്തെ ഇറാനില്‍ നിന്നും നാടുകടത്തുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് റെസ പഹ്‍ലവി ഇറാന്‍ വിടുന്നത്.
advertisement
സൈനിക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പഹ്‌ലവി അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടി. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. 1980-ല്‍ പിതാവിന്റെ മരണശേഷം കെയ്‌റോയിലെ ഒരു ചടങ്ങില്‍ അദ്ദേഹം സ്വയം നാടുകടത്തപ്പെട്ട ഷായായി പ്രഖ്യാപിച്ചു. പിന്നീട് 1989-ല്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോടും താന്‍ രാജാവായി തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് പതിറ്റാണ്ടുകാലമായി അമേരിക്കയില്‍ പ്രവാസിയായി കഴിയുകയാണ് പഹ്‍ലവി. ഇറാനില്‍ പ്രതിഷേധം കനക്കുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ഇറാനിലേക്ക് മടങ്ങാനുള്ള പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചത്. "ദേശീയ വിപ്ലവം വിജയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ്. ആ ദിവസം വളരെ അടുത്താണെന്ന് ഞാന്‍ വിശ്വസിക്കുന്നു," അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
advertisement
അതേസമയം, രാജവാഴ്ചയിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇറാനികള്‍ അവരുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പൂര്‍ണ്ണ ജനാധിപത്യം കൈവരിക്കാന്‍ സഹായിക്കുന്നതിന് ഒരു പ്രോത്സാഹനമാകാന്‍ ആഗ്രഹിക്കുന്നുവെന്നും യുഎസ്എ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വിപ്ലവത്തിനു മുമ്പുള്ള കാലഘട്ടത്തിലേക്കുള്ള മാറ്റത്തിനായുള്ള ആഹ്വാനം പഹ്‍ലവിക്ക് സ്വാധീനം നേടികൊടുക്കുന്നുണ്ടെങ്കിലും പതിറ്റാണ്ടുകളായി പ്രവാസത്തിലായിരുന്ന അദ്ദേഹത്തിന് ഇറാനില്‍ വിശാലമായ പിന്തുണ ലഭിക്കുമോ എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Jan 12, 2026 4:30 PM IST










