കിഴക്കൻ ജറുസലേമിൽ വെടിവയ്പ്പിൽ ആറ് മരണം; ഭീകരരെ വധിച്ചതായി ഇസ്രായേൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
വീരോചിതമായ ഓപ്പറേഷൻ എന്നാണ് ജറുസലേമിലെ ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്
കിഴക്കൻ ജറുസലേമിൽ ബസിൽ നടന്ന വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തോക്കുധാരികളായ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇസ്രായേൽ പോലീസ് സംഭവത്തെ ഭീകരാക്രമണമാണെന്ന് ആരോപിച്ചു. വെടിവെയ്പ്പ് നടത്തിയ രണ്ട് പേരെയും വധിച്ചതായി ഇസ്രയേൽ പൊലീസ് അറിയിച്ചു. ജറുസലേമിലെ യിഗൽ യാദിൻ സ്ട്രീറ്റിലെ റാമോട്ട് ജംഗ്ഷനിലാണ് വെടിവയ്പ്പ് നടന്നത്. തീവ്രവാദികൾ ഒരു ബസിൽ കയറി യാത്രക്കാർക്ക് നേരെ വെടിയുതിർത്തതായി ഇസ്രായേലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.ആക്രമണത്തിന് ഇരയായവരിൽ നാലുപേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
ഒരു സൈനികനും ആയുധധാരിയായ ഒരു സാധാരണക്കാരനുമാണ് രണ്ട് ഭീകരരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവച്ചു കൊന്നത്. വെടിവെപ്പു നടത്തിയവർ വെസ്റ്റ് ബാങ്ക് പലസ്തീനികളാണെന്നും അവർ റാമല്ല പ്രദേശത്തെ ഗ്രാമങ്ങളിൽ നിന്നുള്ളവരായി കരുതപ്പെടുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു.വെടിവെയ്പ്പിൽ പരിക്കേറ്റ അഞ്ച് പേരെ ജറുസലേമിലെ ആശുപത്രികളിലേക്ക് മാറ്റുകയും പരിക്കേറ്റ മറ്റ് നിരവധി പേർക്ക് അടിയന്തര ചികിത്സാ സഹായം നൽകുകയും ചെയ്തു.ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ സ്ഥാപന മേധാവികളുമായി സ്ഥിതിഗതികൾ വിലയിരുത്തി. ആക്രമണത്തിന് മറുപടിയായി പ്രതിരോധം ശക്തമാക്കുന്നതിനായി സമീപത്തുള്ള വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയുടെ പ്രാന്തപ്രദേശങ്ങളിലുള്ള പലസ്തീൻ ഗ്രാമങ്ങൾ വളയുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
advertisement
അതേസമയം, ജറുസലേമിലെ ആക്രമണത്തെ ഹമാസ് വീരോചിതമായ ഓപ്പറേഷൻ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തില്ല എന്ന് ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. അധിനിവേശത്തിന്റെ കുറ്റകൃത്യങ്ങൾക്കും ഗാസയിലെ ജനങ്ങൾക്കെതിരെ ഇസ്രയേൽ നടത്തുന്ന ഉന്മൂലന യുദ്ധത്തിനുമുള്ള സ്വാഭാവിക പ്രതികരണമാണ് ഈ ഓപ്പറേഷൻ എന്നും ഹമാസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 08, 2025 8:09 PM IST