• HOME
  • »
  • NEWS
  • »
  • world
  • »
  • എന്ത് ഒളിക്കാൻ? 'തെരുവിലൂടെ നഗ്നനായി നടക്കാന്‍ അവകാശമുണ്ട്'; യുവാവിന് പിഴ വിധിച്ച കീഴ്‌ക്കോടതി വിധി തള്ളി സ്പാനിഷ് ഹൈക്കോടതി

എന്ത് ഒളിക്കാൻ? 'തെരുവിലൂടെ നഗ്നനായി നടക്കാന്‍ അവകാശമുണ്ട്'; യുവാവിന് പിഴ വിധിച്ച കീഴ്‌ക്കോടതി വിധി തള്ളി സ്പാനിഷ് ഹൈക്കോടതി

തെരുവിലൂടെ നഗ്നനായി നടക്കാന്‍ യുവാവിന് അവകാശമുണ്ടെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്

  • Share this:

    തെരുവിലൂടെ നഗ്നനായി നടന്നതിന്റെ പേരില്‍ യുവാവിന് പിഴ ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി സ്‌പെയിനിലെ ഹൈക്കോടതി തള്ളി. തെരുവിലൂടെ നഗ്നനായി നടക്കാന്‍ യുവാവിന് അവകാശമുണ്ടെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. വലന്‍സിയ മേഖലയിലാണ് അലസാന്‍ഡ്രോ കോളോമര്‍ എന്ന യുവാവ് നഗ്നനായി നടന്നത്.

    തുടര്‍ന്നാണ് കീഴ്‌ക്കോടതി ഇയാള്‍ക്കെതിരെ പിഴ ശിക്ഷ വിധിച്ചത്. എന്നാൽ പിഴ ശിക്ഷ വിധിച്ച കോടതിയിലും അലസാന്‍ഡ്രോനഗ്നനായി തന്നെ എത്തുകയായിരുന്നു. ഷൂസ് മാത്രം ധരിച്ചാണ് ഇയാള്‍ കോടതി പരിസരത്ത് എത്തിയത്. കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് അലസാന്‍ഡ്രോ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അലസാന്‍ഡ്രോയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.

    ” തെരുവുകളില്‍ നഗ്നനായി നടന്നുവെന്നതിന്റെ പേരില്‍ യുവാവിനെതിരെ പിഴ ശിക്ഷ ചുമത്താന്‍ കഴിയില്ല,’ എന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. പൊതുജീവിതത്തെ ബാധിക്കുന്ന രീതിയിലായിരുന്നില്ല അലസാന്‍ഡ്രോയുടെ പ്രവൃത്തിയെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും യാതൊരു വെല്ലുവിളിയുമുണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

    Image: Reuters

    തന്റെ വ്യക്തി സ്വതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് കീഴ്‌ക്കോടതി വിധിയെന്ന് അലസന്‍ഡ്രോ പ്രതികരിച്ചിരുന്നു. 2020 മുതലാണ് താന്‍ നഗ്നനായി പൊതുസ്ഥലങ്ങളില്‍ നടക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ആരും തന്നെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിമാനത്തോടെ മാത്രമേജനങ്ങള്‍ തന്നെ നോക്കിയിട്ടുള്ളുവെന്നും അലസാന്‍ഡ്രോ പറഞ്ഞു.

    എന്നാല്‍ ഒരു തവണ തനിക്ക് നേരെ ഒരു ആക്രമണം ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. ”പിഴ ചുമത്തിയത് ശരിയല്ല. അശ്ലീല പ്രദര്‍ശനത്തിന്റെ പേരിലാണ് കീഴ്‌ക്കോടതി എനിക്കെതിരെ പിഴ ചുമത്തിയത്. എന്നാല്‍ അത്തരമൊരു ഉദ്ദേശത്തോടെയല്ല ഞാന്‍ നടന്നത്,’ അലസാന്‍ഡ്രോ പറഞ്ഞു.

    അതേസമയം 1988 മുതല്‍ പൊതുയിടങ്ങളിലെ നഗ്നത പ്രദര്‍ശനം സ്‌പെയിനില്‍ നിയമവിധേയമാണ്. ഏതൊരു പൗരനും തെരുവിലൂടെ നഗ്നനായി നടക്കാവുന്നതാണ്. എന്നാല്‍ ബാഴ്‌സലോണ പോലുള്ള പ്രദേശങ്ങളില്‍ നഗ്നത നിയന്ത്രിക്കുന്ന രീതിയിലുള്ള നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ അലസാന്‍ഡ്രോ നഗ്നനായി നടന്നത് അലദായിലാണ്. അവിടെ അത്തരം നിരോധനങ്ങള്‍ ഒന്നും തന്നെ നിലവിലില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

    Published by:Vishnupriya S
    First published: