'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
- Published by:Rajesh V
- news18-malayalam
Last Updated:
2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഇന്റര്‍നെറ്റ് ഉപയോഗം അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ രാജ്യവ്യാപകമായി ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍ ഭരണകൂടം. സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതേതുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഇന്റര്‍നെറ്റ് ഉപയോഗം അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ രാജ്യവ്യാപകമായി ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.
താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിറക്കിയത്. തങ്ങളുടെ ആഭ്യന്തരവും ബാഹ്യവുമായ ആശയവിനിമയങ്ങള്‍ക്കായി മെസേജിംഗ് ആപ്പുകളെയും സോഷ്യല്‍ മീഡിയയെയും വളരെയധികം ആശ്രയിക്കുന്ന താലിബാന്‍ ഭരണകൂടത്തിന്റെ നടപടി മറ്റ് രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ രാജ്യത്തുടനീളം ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കാമെന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹിബത്തുള്ള അഖുന്ദ്സാദ ഉത്തരവിറക്കിയതിന് പിന്നാലെ ഈ മാസം ആദ്യം നിരവധി പ്രവിശ്യകളില്‍ ഫൈബര്‍-ഒപ്റ്റിക് കണക്ഷനുകള്‍ നഷ്ടപ്പെട്ടിരുന്നു. തിങ്കളാഴ്ച, അഫ്ഗാനിസ്ഥാനിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധാരണ നിലയുടെ 14 ശതമാനത്തിലേക്ക് താഴ്ന്നതായും രാജ്യവ്യാപകമായി ടെലികോം സേവനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടതായും ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി വാദിക്കുന്ന നെറ്റ്‌ബ്ലോക്ക്‌സ് എന്ന സംഘടന അറിയിച്ചു. നടപടി പൊതുജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യതയെ ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു.
advertisement
ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടതോടെ ആശയവിനിമയം നടത്താന്‍ മറ്റ് വഴികളോ സംവിധാനങ്ങളോ ഇല്ല. ബാങ്കിംഗ് മേഖല, കസ്റ്റംസ്, വിമാന സര്‍വീസുകള്‍ തുടങ്ങി രാജ്യത്തുടനീളമുള്ള മിക്ക സേവനങ്ങളെയും ഇതുബാധിച്ചു.
ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പരിമിതമായ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ടെലിഫോണ്‍ സേവനങ്ങള്‍ പലപ്പോഴും ഇന്റര്‍നെറ്റ് വഴിയാണ് ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വേഗത കുറഞ്ഞിരുന്നു. പലയിടത്തും ഇടയ്ക്കിടെ പ്രവര്‍ത്തനം നിലച്ചിരുന്നു. യുഎസ് പിന്തുണയോടെ താലിബാനുമുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ നിര്‍മിച്ച 9,350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫൈബര്‍ ഒപ്റ്റിക് ശൃംഖലയായിരുന്നു രാജ്യത്തുണ്ടായിരുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 30, 2025 10:26 AM IST