താലിബാൻ അഫ്ഗാനിസ്ഥാനിൽ അടിമത്തം നിയമവിധേയമാക്കി; ശിക്ഷ സാമൂഹ്യ നിലയനുസരിച്ച്
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:Sarika N
Last Updated:
താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട ക്രമിനൽ നടപടിക്രമ ഔപചാരികമായി നിലവിൽ വന്നു
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം അടിമത്തം നിയമവിധേയമാക്കി. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട ക്രമിനൽ നടപടിക്രമ ഔപചാരികമായി നിലവിൽ വന്നു. ഇത് പ്രകാരം സാമൂഹികനിലയനുസരിച്ചാണ് ശിക്ഷ വിധിക്കുക. താലിബാന്റെ ഈ നീക്കത്തിനെതിരേ നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. രാജ്യത്തിന്റെ നിയമ-രാഷ്ട്രീയ ക്രമത്തിന്റെ ദിശ സംബന്ധിച്ച് അന്താരാഷ്ട്രതലത്തിൽ ഇത് ആശങ്കയുയർത്തുന്നു.
പുതിയ നിയമപ്രകാരം പൗരന്മാരെ നാല് വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കും. മതപണ്ഡിതന്മാർ (ഉലമ അല്ലെങ്കിൽ മുല്ല), വരേണ്യവർഗം (അഷ്‌റഫ്), മധ്യവർഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണ് സമൂഹത്തെ തരംതിരിച്ചിരിക്കുന്നത്. ഇത് ഏറ്റവും ആശങ്കയുയർത്തുന്ന കാര്യമാണെന്ന് വിമർശകർ പറയുന്നു. പുതിയ നിയമത്തിന്റെ കേന്ദ്രബിന്ദുവായ ആർട്ടിക്കിൾ 9ൽ ആണ് അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നത്. ഇത് പ്രകാരം കുറ്റം ചെയ്തയാളുടെ സാമൂഹ്യ നിലയനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുക.
ഇസ്ലാമിക പണ്ഡിതൻ ഒരു കുറ്റകൃത്യം ചെയ്താൽ അതിന് ശിക്ഷയായി 'ഉപദേശ'മായിരിക്കും ലഭിക്കുക. കുറ്റം ചെയ്തയാൾ വരേണ്യവർഗത്തിൽപ്പെട്ടയാളാണെങ്കിൽ കോടതിയിലേക്ക് വിളിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യും. മധ്യവർഗത്തിൽപ്പെട്ടവർക്ക് തടവ് ശിക്ഷ ലഭിക്കും. എന്നാൽ, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തിൽ ഉള്ളവർക്ക് ശിക്ഷയായി തടവും ഒപ്പം ചാട്ടവാറടി പോലെയുള്ള ശാരീരികമായ ശിക്ഷയും ലഭിക്കും.
advertisement
ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകൾക്ക് കൂടുതൽ കഠിനമായ ശിക്ഷ നൽകുമ്പോൾ പുരോഹിതന്മാർക്കും മതനേതാക്കൾക്കും താലിബാൻ പൂർണമായ പ്രതിരോധം തീർക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
അടിമത്തം തിരിച്ചു വരുന്നുവോ?
അന്താരാഷ്ട്ര നിയമങ്ങളിൽ കർശനമായി നിരോധമേർപ്പെടുത്തിയ അടിമത്തം താലിബാൻ നിയമപരമായി തിരികെകൊണ്ടുവരികയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. കോടതികളെ ഒരു കർക്കശമായ സാമൂഹിക ക്രമം സംരക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉപകരണങ്ങളാക്കി മാറ്റുന്നു. നിയമത്തിൽ പല ഭാഗങ്ങളിലും 'സ്വതന്ത്രർ' എന്നും 'അടിമകൾ' എന്നും ജനങ്ങളെ വേർതിരിച്ച് പരാമർശിക്കുന്നുണ്ട്.
സമൂഹത്തെ നാലായി തരംതിരിക്കുന്നുവെന്നതിന് അപ്പുറം പുതിയ ക്രിമിനൽ നടപടിക്രമം ന്യായമായ നടപടിക്രമത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പല സുരക്ഷാ സംവിധാനങ്ങളും ഇല്ലാതാക്കുന്നു. കുറ്റം ചെയ്തയാൾക്ക് അഭിഭാഷകന്റെ സഹായം തേടാനുള്ള അവകാശം, തെറ്റായ ശിക്ഷ ലഭിച്ചാൽ നഷ്ടപരിഹാരം തേടാനുള്ള അവകാശം എന്നിവ ഇത് നൽകുന്നില്ല. കുറ്റംതെളിയിക്കുന്നതിന് കുറ്റസമ്മതമൊഴിയെയായിരിക്കും ആശ്രയിക്കുക. ഇത് ബലംപ്രയോഗിച്ച് കുറ്റം സമ്മതിപ്പിക്കാൻ ഇടയാക്കിയേക്കും. അതേസമയം, സ്വതന്ത്ര അന്വേഷണം നടത്താനുള്ള ആവശ്യകത ഇല്ലാതാക്കുകയും കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞതും കൂടിയതുമായ ശിക്ഷകൾ നിശ്ചയിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു.
advertisement
ജഡ്ജിമാരുടെയും നിയമപാലകരുടെയും മേൽനോട്ടമോ ഉത്തരവാദിത്വമോ ഇല്ലാതെയാണ് ഈ സംവിധാനം പ്രവർത്തിക്കുക. ചാട്ടവാറടി പോലെയുള്ള ശാരീരികമായ ശിക്ഷാ രീതികളുടെ ഉപയോഗവും നിയമത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നൃത്തം ചെയ്യുക, അല്ലെങ്കിൽ ഒത്തുകൂടൽ പോലെയുള്ള കാര്യങ്ങളും കുറ്റകൃത്യമായി ചേർത്തിട്ടുണ്ട്. ഇത് സാംസ്‌കാരികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽനിന്ന് ആളുകളെ തടയുകയും ശിക്ഷിക്കാൻ ജഡ്ജമാർക്ക് വിവേചനാധികാരം നൽകുകയും ചെയ്യുന്നു.
പുരോഹിതന്മാരെയും മതപരമായ ഉന്നതരെയും നിയമത്തിന് മുകളിൽ പ്രതിഷ്ഠിച്ച്, സമൂഹത്തിലെ ചിലയാളുകളെ തൊട്ടുകൂടാത്തവരെന്നും എന്നന്നേക്കും ഉപയോഗശൂന്യരാണെന്നും താലിബാൻ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അഫ്ഗാൻ മനുഷ്യാവകാശ സംഘടനയായ റവാദരി പറഞ്ഞു. ഈ നിയമം നടപ്പിലാക്കുന്ത് ഉടനടി നിർത്തി വയ്പ്പിക്കണമെന്നും അതിനായി ലഭ്യമായ എല്ലാ നിയമ, നയതന്ത്ര സംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും പുതിയ നിയമ ചട്ടക്കൂട് നടപ്പിലാക്കുന്നത് എങ്ങനെയാണെന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുമെന്നും അവർ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 29, 2026 8:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
താലിബാൻ അഫ്ഗാനിസ്ഥാനിൽ അടിമത്തം നിയമവിധേയമാക്കി; ശിക്ഷ സാമൂഹ്യ നിലയനുസരിച്ച്







